ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം: സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ക്കായി സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്. 15 സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിൽ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ താനാണ് നിർദ്ദേശിച്ചതെന്നും 15 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

4 സീറ്റിൽ സിപിഐ, ഒരു സീറ്റിൽ കേരള കോൺഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ആർജെഡിക്ക് പ്രത്യേക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യും. സീറ്റ് ഇപ്പോഴത്തെ കൺവീനർ ആർജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. മുൻകൂട്ടി സീറ്റ് തരാമെന്ന് എൽഡിഎഫ് പറയാറില്ല. അങ്ങനെ പറഞ്ഞതായി തനിക്കറിയില്ലെന്നും ഇപി പറഞ്ഞു.

Top