ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പന്‍ പണി, ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ് രാഷ്ട്രീയത്തില്‍ ഇറങ്ങണം; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം രംഗത്ത്. സുപ്രീം കോടതിയോട് ഗവര്‍ണര്‍ അനാദരവ് കാണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന നടപടിയാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ബില്ലുകളില്‍ ഒപ്പിടാത്തത് തൊരപ്പന്‍ പണിയാണ്. ഗവര്‍ണര്‍ രാജിവച്ചൊഴിഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതാണ് നല്ലതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ കാവി വല്‍ക്കരണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലമാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു. മന്ത്രി ആര്‍ ബിന്ദു രാജിവെക്കുന്ന പ്രശ്‌നം ഇല്ല. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ കരിവാരിതേക്കുന്നു. ഗവര്‍ണര്‍ പദവി ഒഴിയണം. ഗവര്‍ണര്‍ രാജി വെക്കണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ് എന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വി സി പുനര്‍നിയമനം സുപ്രീം കോടതി തടഞ്ഞത് ഗവര്‍ണര്‍ തെറ്റിദ്ധാരണ പരത്തിയത് കാരണമാണ്. കോടതിയില്‍ നിന്നുണ്ടായത് സര്‍ക്കാരിനെതിരായ വിമര്‍ശനം അല്ല. ഗവര്‍ണറുടെ നിലപാടില്‍ നിന്നുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്. കോടതിക്ക് അങ്ങനെയൊരു വിധി പറയേണ്ടി വന്നത് ഗവര്‍ണര്‍ തെറ്റിദ്ധരിപ്പിച്ചത് മൂലമാണ്. ഗവര്‍ണര്‍ സ്വീകരിച്ചത് അനങ്ങാപ്പാറ നയമാണ്. ബില്ലുകള്‍ അനന്തമായി പിടിച്ചു വെയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top