കർഷക സമര നായകൻ വിജു കൃഷ്ണനെ സി.പി.എം മത്സരിപ്പിക്കുമോ? നിയമനിർമ്മാണ സഭയിൽ വേണം ഈ കമ്യൂണിസ്റ്റും

സി. പി. എമ്മിന് പാര്‍ലമെന്റില്‍ എത്തിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ വിജു കൃഷ്ണനാണ്. ചരിത്രം സൃഷ്ടിച്ച കിസാന്‍ ലോങ് മാര്‍ച്ചിന്റെ നായകനായ വിജു കൃഷ്ണനെ തീര്‍ച്ചയായും സി.പി.എം പരിഗണിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ലോകസഭയിലേക്കാണോ രാജ്യസഭയിലേക്കാണോ പരിഗണിക്കുക എന്നതു മാത്രമാണ് ഇനി അറിയാനുള്ളത്. പാര്‍ലമെന്റിലെ ഏത് സഭയായാലും ഇത്തവണ ഈ കര്‍ഷക നേതാവിന്റെ സാന്നിധ്യം ഉറപ്പാണ്.

അക്കാദമിക ലോകം വിട്ട് കര്‍ഷകര്‍ക്കിടയിലെത്തിയ ഉന്നത നേതാവാണ് വിജുകൃഷ്ണന്‍. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം സി. പി.എം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയും സി.പി.എം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ്.

അരലക്ഷത്തിലധികം കര്‍ഷകരെ അണിനിരത്തി നാസിക്കില്‍ നിന്ന് മുബൈയിലേയ്ക്ക് 180 കിലോമീറ്റര്‍ കാല്‍ നടയായി നടത്തിയ കര്‍ഷക ലോങ്ങ് മാര്‍ച്ചിന്റെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു വിജു കൃഷ്ണന്‍. അന്താരാഷ്ട്ര മാധ്യമങ്ങളായ BBCയും CNNനും വരെ അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത സമരമായിരുന്നു ഇത്. പിന്നീട് മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി രണ്ട് വര്‍ഷം മുന്‍പ് ഡല്‍ഹിയിലേക്ക് നടന്ന കര്‍ഷക മാര്‍ച്ചിന്നും ഇപ്പോള്‍ ഡല്‍ഹിക്ക് ചുറ്റും കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭവുമെല്ലാം മുംബൈ കര്‍ഷക മാര്‍ച്ചിന്റെ ചുവട് പിടിച്ച് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളതാണ്.

എന്തിനേറെ… രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയതു പോലും ചോര പൊടിഞ്ഞ കാല്‍പാദങ്ങളുമായി നാസിക്കില്‍ നിന്നും മുംബൈയിലേക്ക് നടത്തിയ കര്‍ഷകമാര്‍ച്ചില്‍ നിന്നും പ്രേരണ ഉള്‍കൊണ്ടാണ്. രാജ്യത്തെ കര്‍ഷക സമരങ്ങള്‍ക്ക് പിന്നില്‍ സി.പി.എം ആണെന്ന് സാക്ഷാല്‍ മോദിക്ക് പോലും പറയേണ്ടി വന്നതും സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും അവ നടപ്പടക്കുന്നതിലും കമ്യൂണിസ്റ്റുകള്‍ക്കുള്ള മിടുക്ക് മനസ്സിലാക്കിയാണ്.

രാജ്യത്ത് സിപിഎം അതിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് മുംബൈയിലേക്ക് കര്‍ഷക മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നത്. ഈ സമരം ദേശീയ തലത്തില്‍ തന്നെ സിപിഎമ്മിന് നല്‍കിയ ബലം ചെറുതൊന്നുമല്ല. വമ്പിച്ച ജനമുന്നേറ്റത്തില്‍ പകച്ച ബിജെപിക്കും മഹാരാഷ്ട്ര സര്‍ക്കാറിനും കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒടുവില്‍ അംഗീകരിക്കേണ്ടി വന്നതും കോണ്‍ഗ്രസ്സിനെ പോലും അത്ഭുതപ്പെടുത്തിയ കാഴ്ച ആയിരുന്നു.

ഒട്ടേറെ തവണ ഉന്നയിച്ച ആവശ്യങ്ങള്‍ നേടാന്‍ കര്‍ഷകര്‍ക്ക് പിന്നിടേണ്ടി വന്നത് വെറും 180 കിലോമീറ്റര്‍ മാത്രമാണ്. ഇതൊരു പാഠമാണ്. ‘ജയ്കിസാന്‍’ എന്നത് ആവേശപ്രസംഗത്തിനിടെയില്‍ പുട്ടിന് പീരപോലെ ഉപയോഗിക്കാനുള്ളതല്ലെന്നാണ് സി.പി.എം കര്‍ഷക സംഘടന കാണിച്ചുകൊടുത്തിരിക്കുന്നത്. എല്ലാം മറന്ന് തങ്ങള്‍ക്ക് അന്നം നല്‍കുന്ന കര്‍ഷകര്‍ക്കൊപ്പം ജനങ്ങളും നിന്നപ്പോള്‍ പ്രതിരോധത്തിലായത് ഭരണകൂടമാണ്.

കര്‍ഷക പ്രക്ഷോഭം മഹാരാഷ്ട്ര നിയമസഭയെയും പ്രക്ഷുബ്ദമാക്കുകയുണ്ടായി. കര്‍ഷകരുടെ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഒടുവില്‍ അടിയന്തിര പ്രമേയത്തിന് മറുപടിയായി അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് പ്രഖ്യാപിക്കേണ്ടിയും വന്നു. തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജന്‍ കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിന് വഴി തുറക്കുകയാണ് ഉണ്ടായത്.ഇവിടെ ഭരണാധികാരിള്‍ക്ക് മുന്നില്‍ തിരിച്ചറിവിന്റെ അമരക്കാരനായാണ് വിജുകൃഷ്ണനും മറ്റു നേതാക്കളും മാറിയിരുന്നത്.

രാജസ്ഥാനില്‍ ഉള്‍പ്പെടെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന കര്‍ഷകസമരങ്ങളുടെ അമരത്തും ഈ യുവ കര്‍ഷക നേതാവിന്റെ നേതൃത്വം അടയാളപ്പെടുത്തിയിട്ടുണ്ട്. വിജു കൃഷ്ണനു പുറമെ വയനാട്ടില്‍ നിന്നുള്ള പി.കൃഷ്ണ പ്രസാദും, ഡല്‍ഹി കേന്ദ്രീകരിച്ച് കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം നേതാവാണ്. ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഇരുവരും നടത്തി വന്നിരുന്നത്. സി.പി.എമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും വലിയ കരുത്ത് ഇന്ന് സി.പി.എമ്മിന്റെ കര്‍ഷക സംഘടനയ്ക്കുണ്ട്. ഈ കരുത്തിന്റെ ബലത്തിലാണ് മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലും സി.പി.എം വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

അഖിലേന്ത്യാ കിസാന്‍ സഭ നേതാക്കളായ പി. കൃഷ്ണ പ്രസാദും വിജു കൃഷ്ണനും എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന നേതാക്കളാണ്. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന കൃഷ്ണപ്രസാദ് മുന്‍പ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നിയമനിര്‍മ്മാണ സഭയിലും ഇതുവരെ വിജു കൃഷ്ണന്‍ അംഗമായിട്ടില്ല. ആ കുറവ് ഇത്തവണ പരിഹരിക്കാന്‍ സി.പി.എം തയ്യാറാകുമെന്ന് തന്നെയാണ് അവരുടെ അണികളും പ്രതീക്ഷിക്കുന്നത്.

കണ്ണൂരിലെ കരിവെള്ളൂരില്‍ ജനിച്ച വിജു കൃഷ്ണന്‍ രാഷ്ട്രീയ സമരങ്ങളും കര്‍ഷക മുന്നേറ്റങ്ങളും കണ്ടും കേട്ടും വളര്‍ന്നയാളാണ്. ജെഎന്‍യു ക്യാമ്പസിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സമര മുഖത്തേയ്ക്ക് ഉയര്‍ന്നുവന്ന അദ്ദേഹം ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ബെംഗളൂരു സെന്റ് ജോസഫ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം എച്ച്ഒഡിയായും പ്രവര്‍ത്തിച്ചു വരുമ്പോഴാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയിരുന്നത്.

2009- മുതലാണ് കര്‍ഷകര്‍ക്ക് വേണ്ടിയുള്ള മുഴുവന്‍ സമയ പ്രവര്‍ത്തകനായി വിജു കൃഷ്ണന്‍ രംഗത്തിറങ്ങിയിരുന്നത്. രണ്ട് വര്‍ഷത്തെ അധ്യാപനത്തിന് ശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍ അദ്ദേഹം വലിയ ശമ്പളമുള്ള ജോലി തന്നെ ഉപേക്ഷിക്കുകയായിരുന്നു. സി.പി.എം കേന്ദ്ര കമ്മറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും വിജു കൃഷ്ണനാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്താന്‍ എന്തുകൊണ്ടും യോഗ്യനായ ഈ പോരാളിയെ പരിഗണിക്കേണ്ടത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം അവര്‍ നിറവേറ്റുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം . . .

EXPRESS KERALA VIEW

Top