സി.പി.എം സെമിനാർ; മുസ്ലീംലീഗ് പങ്കെടുക്കാൻ സാധ്യത, കോൺഗ്രസ്സ് നേതൃത്വം കടുത്ത ആശങ്കയിൽ

ക സിവിൽ കോഡിനെതിരെ സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ മുസ്ലീം ലീഗും പങ്കെടുക്കും. ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. ലീഗിനെ പിന്തിരിപ്പിക്കാൻ കോൺഗ്രസ്സ് നടത്തിയ അവസാന ശ്രമവും പാളിയതായാണ് ലഭിക്കുന്ന വിവരം. ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തില്ലങ്കിൽ അത് മുസ്ലീം സമുദായത്തിനിടയിൽ ലീഗ് ഒറ്റപ്പെടുമെന്ന ഭീതിയാണ് സി.പി.എം. സെമിനാറിൽ പങ്കെടുക്കാൻ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്തയും സെമിനാറിൽ പങ്കെടുക്കും.

അതേസമയം ലീഗിനെ പിന്തിരിപ്പിക്കാൻ ലീഗിലെ മുനീർ വിഭാഗം വഴി ഇപ്പോഴും ശ്രമം ശക്തമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ശ്യംഖലയിൽ ലീഗ് പങ്കെടുക്കാതിരുന്നത് കോൺഗ്രസ്സിന്റെ സമ്മർദ്ദം മൂലം മാത്രമായിരുന്നില്ല. മുനീർ വിഭാഗത്തിന്റെ ഇടപെടലും ആ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. കേരള ജനതയുടെ മനസ്സറിഞ്ഞ് ഇടതുപക്ഷം നടത്തിയ മനുഷ്യ ശ്യംഖലയിൽ ലക്ഷങ്ങളാണ് അണിനിരന്നിരുന്നത്.

ദേശീയ തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ അണിനിരന്ന പ്രക്ഷോഭമായി അത് പിന്നീട് മാറുകയും ചെയ്തു. മനുഷ്യ ശ്യംഖലിയിൽ പങ്കെടുത്തതിന് ഒരു നേതാവിനെതിരെ ലീഗ് നടപടി എടുത്തതും രാഷ്ട്രീയ കേരളം കണ്ട കാഴ്ചയാണ്. അന്നത്തെ ആ തീരുമാനം വലിയ മണ്ടത്തരമായി പോയെന്ന് പിന്നീട് പ്രമുഖ ലീഗ് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിച്ചിട്ടുമുണ്ട്. അതു കൊണ്ടു തന്നെ ഇത്തവണ സൂക്ഷിച്ചാണ് ലീഗ് ഏക സിവിൽ കോഡ് വിഷയത്തിൽ ഇടപെടുന്നത്.

മുസ്ലിംലീഗ് സെമിനാറിൽ പങ്കെടുത്താലും ഇല്ലങ്കിലും സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനാണ് സമസ്തയും എ.പി വിഭാഗം സുന്നികളും തീരുമാനിച്ചിരിക്കുന്നത്. മറ്റ് പ്രമുഖ മുസ്ലിം ക്രൈസ്തവ സംഘടനകളും ഹൈന്ദവ സംഘടനകളും ഈ സെമിനാറിനെത്തുമെന്ന് സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏക സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന്റെ ആദ്യപടി എന്ന നിലയിലാണ് സി.പി.എം സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനു ശേഷം, കേന്ദ്ര സർക്കാർ നിലപാട് നോക്കി തുടർ സമര പരിപാടികൾ ആവിഷ്ക്കരിക്കാനാണ് തീരുമാനം.

ഇതിനിടെ ലീഗുമായി തൊട്ടു കൂടായ്മയുമില്ലെന്നു വ്യക്തമാക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. “ഏകസിവിൽ കോഡ് വിഷയത്തിൽ യോജിച്ച് മുന്നോട്ട് പോകാൻ തയ്യാറുള്ള എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ടു പോകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലീംലീഗ് എടുക്കുന്ന ശരിയായ ഏത് നിലപാടിനേയും പിന്തുണച്ചിട്ടുണ്ടെന്നും, ഇനിയും പിന്തുണക്കുമെന്നു” കൂടി സി.പി.എം സെക്രട്ടറി തുറന്നു പറഞ്ഞിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയ സംവാദ വേദികളിൽ ലീഗുമായിട്ടാണോ കോൺഗ്രസുമായിട്ടാണോ കൂടുതൽ സംവാദ സാധ്യതയുള്ളത് എന്ന ചോദ്യത്തിന് രാഷ്ട്രീയ എതിരാളികൾ ഉൾപ്പെടെ എല്ലാവരുമായിട്ട് സംവാദ സാധ്യതകളുണ്ട് എന്നാണ് ഗോവിന്ദൻ മറുപടി നൽകിയിരിക്കുന്നത്. ‘സി.പി.എമ്മിന്റെ സംവാദ സാധ്യത എന്നതു ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുമായിട്ടാണെന്നും, എന്നാൽ… ആർക്കെതിരേ ആരുമായിട്ട് ചേരുന്നു എന്ന വിഷയം വരുമ്പോൾ സ്വാഭാവികമായിട്ടും അതു സാഹചര്യങ്ങൾ അടിസ്ഥാനമപ്പെടുത്തിയായിരിക്കും’ എന്നാണ് ,അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

കോൺഗ്രസ്സിനെ സംബന്ധിച്ച് ചങ്കിടിപ്പിക്കുന്ന നിലപാടാണിത്. ലീഗ് നേതൃത്വം സി.പി.എമ്മുമായി കൂടുതൽ അടുക്കുന്നത് മുന്നണിമാറ്റത്തിന്റെ സൂചനയാണോ എന്നതാണ് കോൺഗ്രസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നത്. അതേസമയം ഏക സിവിൽ കോഡിനെതിരേയുള്ള കൂട്ടായ പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്ലാമിയെ പോലെയുള്ളവരേയും വർഗീയ വാദികളേയും മതരാഷ്ട്രം ആഗ്രഹിക്കുന്ന ശക്തികളേയും പങ്കെടുപ്പിക്കേണ്ടതില്ലന്നതാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ്സിന്റെ ഇരട്ടതാപ്പ് നയത്തിലും സി.പി.എമ്മിനു കടുത്ത അതൃപ്തിയുണ്ട്. അതും തുറന്നു കാട്ടാൻ തന്നെയാണ് തീരുമാനം.

EXPRESS KERALA VIEW

Top