തെരഞ്ഞെടുപ്പ് കമീഷനെ കേന്ദ്രസർക്കാർ അട്ടിമറിക്കുന്നുവെന്ന് സിപിഐഎം

ന്യൂഡൽഹി : സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്‌ മറികടക്കുന്ന പുതിയ ബില്ലിലൂടെ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് കമീഷനെ അട്ടിമറിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ചീഫ് ജസ്റ്റിസിനെ സമിതിയിൽ നിന്ന് മാറ്റുന്നത് ഈ ലക്ഷ്യത്തോടെയാണെന്നും ബില്ലെനെ സിപിഐ എം ശക്തമായി എതിർക്കുമെന്നും സിപിഐ എം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളുടെ നിയമനം പൂർണമായും സർക്കാർ നിയന്ത്രണത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്ന ബില്ലാണ് കേന്ദ്രം വ്യാഴാഴ്‌ച രാജ്യസഭയിൽ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതിയാകും ഇനി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറെയും അം​ഗങ്ങളെയും തീരുമാനിക്കുന്നത്‌. സമിതിയിൽനിന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനെ ഒഴിവാക്കി.

തെരഞ്ഞെടുപ്പു കമീഷൻ അംഗങ്ങളെ സർക്കാർ തീരുമാനിച്ച്‌ രാഷ്ട്രപതി നിയമിക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്‌. എന്നാൽ, സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ മാർച്ചിൽ ഈ രീതി അസാധുവാക്കി. പകരം പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസും ഉൾപ്പെട്ട സമിതിയാകണം കമീഷൻ അംഗങ്ങളെ നിയമിക്കേണ്ടതെന്ന്‌ ഉത്തരവിട്ടു. പാർലമെന്റ്‌ നിയമനിർമാണത്തിലൂടെ തെരഞ്ഞെടുപ്പ്‌ സംവിധാനം രൂപീകരിക്കുന്നതുവരെ ഈ സമിതിക്കാകും നിയമനാധികാരമെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനാ ബെഞ്ചിന്റെ ഈ ഉത്തരവ്‌ നിലനിൽക്കെയാണ്‌ നിയമനാധികാരം പൂർണമായും നിയന്ത്രണത്തിലാക്കിയുള്ള ബിൽ നിയമ മന്ത്രി അർജുൻ റാം മെഘ്‌വാൾ രാജ്യസഭയിൽ അവതരിപ്പിച്ചത്‌. 2024 പൊതു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനുമുമ്പ്‌ തെരഞ്ഞെടുപ്പ് കമീഷണർമാരിൽ ഒരാളുടെ കാലാവധി അവസാനിക്കാനിരിക്കെയാണ്‌ കേന്ദ്രസർക്കാരിന്റെ തിടുക്കത്തിലുള്ള നീക്കം.

Top