ശബരിമല വിഷയത്തില്‍ ബിജെപിയ്‌ക്കെതിരെ രാഷ്ട്രീയ തന്ത്രമൊരുക്കി സിപിഎം

ബരിമല വിഷയത്തില്‍ ബിജെപി സമരത്തിനെ രാഷ്ട്രീയമായി നേരിടാന്‍ ഉറച്ച് സിപിഎം പുതിയ തന്ത്രങ്ങളുമായി രംഗത്ത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ പരസ്യമായി ബിജെപിയെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് നീക്കങ്ങള്‍ സജീവമാക്കുന്നത്. ആശയപ്രചരണത്തിന് തന്നെയാണ് ആദ്യഘട്ടത്തില്‍ സിപിഎം നേതൃത്വം ഊന്നല്‍ നല്‍കുന്നത്. പാര്‍ട്ടി മെമ്പര്‍മാരുടെയും അനുഭാവികളുടെയും സ്ഥാപനങ്ങള്‍ പോലും സിപിഎം നേതൃത്വം ആശയപ്രചാരണത്തിനായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എസ്എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, കെഎസ്ടിഎ, സിഐടിയു, ബാലസംഘം തുടങ്ങിയ സംഘടനകളെ പ്രചരണത്തിനായി ഉപയോഗിക്കുന്നതിന് പുറമേയാണ് സിപിഎം നേതൃത്വത്തിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ . പാര്‍ട്ടിയുടെ തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ നിയന്ത്രിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ സുപ്രീംകോടതി വിധിക്കനുകൂലമായി ബോധവത്കരണം നടത്തുന്നുണ്ട്.

നിലവില്‍ തൊഴിലുറപ്പ് പദ്ധതിക്ക് കൂലി കൂട്ടണമെന്നാവശ്യമുന്നയിച്ച് ഒപ്പ് ശേഖരണം നടത്തുന്നത് ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ചുള്ള ഒപ്പ് ശേഖരണമാണെന്ന് ബിജെപി പല സ്ഥലങ്ങളിലും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ശരിയായ വിശദീകരണം അണികള്‍ക്ക് നല്‍കാന്‍ സിപിഎം നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ സിപിഎം മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അനുഭാവികളുടെയും അംഗങ്ങളുടെയും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ട്യൂട്ടോറിയല്‍ കോളേജുകള്‍ പാര്‍ട്ടി നിയന്ത്രിക്കുന്ന ക്ലബ്ബുകള്‍, വായനശാലകള്‍,എന്നിവ കേന്ദ്രീകരിച്ചാകും ബോധവല്‍ക്കരണം നടത്തുക. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, തുടങ്ങി പല ജില്ലകളിലും ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആര്‍എസ്എസ് പ്രചരണത്തെ മറികടക്കുന്നതിനുള്ള തന്ത്രങ്ങള്‍ സിപിഎം പലവിധത്തില്‍ ആണ് രൂപപ്പെടുത്തുന്നത്.

cpim22

പലയിടത്തും സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശമൊന്നു ലഭിച്ചില്ലിട്ടില്ലെങ്കിലും പ്രാദേശികനേതാക്കള്‍ ബോധവല്‍ക്കരണവും നിലപാട് വിശദമാക്കലുമൊക്കെയായി മുന്നോട്ട് പോകുകയാണ്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഏകീകൃത സ്വഭാവം ഇല്ലെങ്കിലും കൃത്യമായി സംഘടനാ തലത്തില്‍ വലിയ പരിപാടികളും സിപിഎം നേതൃത്വം ആലോചിക്കുന്നുണ്ട്.

താഴെത്തട്ടില്‍ സിപിഎം ഇപ്പോല്‍ നടത്തുന്ന ജനമുന്നേറ്റ യാത്രകള്‍ പലമണ്ഡലങ്ങളിലും വിചാരിച്ചതുപോലെ ശ്രദ്ധ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നത് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാകും പല പരിപപാടികളും സംഘടിപ്പിക്കുക. ചില ജില്ലകളില്‍ വലിയ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ മറ്റ് ചില ജില്ലകളില്‍ കുടുംബയോഗങ്ങള്‍ക്കാകും രൂപം നല്‍കുക. ദേശീയ തലത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് ഒപ്പം അണിചേര്‍ന്നിരിക്കുന്ന ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും യുഡിഎഫിന് ഒപ്പം നിന്ന് ശബരിമല വിഷയത്തിന് സിപിഎമ്മിന് എതിര്‍ക്കുന്നത് ഇടതുപക്ഷ നിലപാടിനേറ്റ തിരിച്ചടിയാണെന്ന് ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുമുണ്ട്.

നിലവില്‍ എല്‍ഡിഎഫിന് ഒപ്പമുള്ള ബാലകൃഷ്ണപിള്ള പോലും വിഷയത്തില്‍ നിലപാട് കടുപ്പിക്കുമ്പോള്‍ സിപിഎമ്മിനൊപ്പം നില്‍ക്കുമോയെന്ന ആശങ്കയും ചില നേതാക്കള്‍ക്ക് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ ഈ വിഷയം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകുമോയെന്ന ആശങ്കയും സിപിഎം നേതൃത്വത്തിനുള്ളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

sfi-4

സ്ത്രീ സമത്വം എന്ന നിലപാടില്‍ ഉറച്ചു നില്‍കുമ്പോഴും വേണ്ടതു പോലെ ഇത് വിലപോവില്ലെന്ന് നേതൃത്വം മനസ്സിലാക്കുന്നു. ശബരിമല ദര്‍ശനത്തിനായി വരുന്നവര്‍ തീവ്ര ആക്ടിവിസ്റ്റ് ചിന്താഗതിക്കാരാണെന്നതും സിപിഎമ്മിനെ കുഴക്കുന്നു. ഈ സാഹചര്യത്തിലാണ് സംഘപരിവാറിനെ ശത്രു പക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള ഒരു കടന്നാക്രമത്തിന് സിപിഎം തയ്യാറെടുക്കുന്നത്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്

Top