നിങ്ങളിൽ ‘പാപം’ ചെയ്യാത്തവർ മാത്രം . . . ചെങ്കൊടിക്കു നേരെ കല്ലെറിയട്ടെ . . .

രാഷ്ട്രീയ – മതേതര കേരളമായി ഈ നാടിനെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരാണ് ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍ . .

സ്വന്തം മസ്തിഷ്‌ക്കം ഇരുണ്ട മുറികളിലെ സൈബര്‍ പോരാളികള്‍ക്കു മുന്നില്‍ പണയം വെച്ചവര്‍ക്ക് ഒരു പക്ഷേ ഈ യാഥാര്‍ത്ഥ്യവും അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അത്തരക്കാര്‍ക്ക് സൈബര്‍ ലോകത്ത് പടച്ച് വിടുന്ന മഞ്ഞ വാര്‍ത്തകളായിരിക്കും വേദവാക്യം.

നവ മാധ്യമങ്ങളുടെ പുതിയ കാലത്ത് സമൂഹത്തെ വഴിതെറ്റിക്കാന്‍ ഏതാനും ചിലര്‍ വിചാരിച്ചാല്‍ നടക്കുമെന്ന സന്ദേശം ഒരു നാടിനും നല്ലതല്ല.

ഇവിടുത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി . . സി.പി.എം . . സ്വീകരിക്കുന്ന എല്ലാ നിലപാടുകളും ശരിയാണെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല.

പക്ഷേ സംഘടിതമായി എല്ലാവരാലും ആക്രമിക്കപ്പെടാന്‍ തക്ക പാപം ആ പാര്‍ട്ടി ഇപ്പോള്‍ ചെയ്തിട്ടില്ല എന്നു തന്നെ വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം.

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെ സുപ്രീം കോടതിയില്‍ പോവാന്‍ അനുവദിക്കുന്ന പ്രായോഗിക രാഷ്ട്രീയ നിലപാട് സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും സ്വീകരിക്കേണ്ടതായിരുന്നു എന്നു തന്നെയാണ് അഭിപ്രായം.

അങ്ങനെ വന്നിരുന്നുവെങ്കില്‍, എതിരാളികള്‍ക്ക്. . സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക്. . ഇത്ര വലിയ ഒരായുധം ലഭിക്കില്ലായിരുന്നു.

രാഷ്ട്രീയപരമായി സംഘപരിവാറും ബി.ജെ.പിയും മുന്‍ നിലപാട് തിരുത്തിയപ്പോഴെങ്കിലും അതിന് പിന്നിലെ അപകടം മുന്‍കൂട്ടി കാണാന്‍ സംസ്ഥാന ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന് കഴിയണമായിരുന്നു.

എടുത്ത എത്രയോ തീരുമാനങ്ങള്‍ മാറ്റിയ ചരിത്രം ഇവിടുത്തെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുണ്ട്. ആത്യന്തികമായി ജനകീയ പോരാട്ടത്തിന് സജ്ജമാക്കേണ്ടത് ജനങ്ങളെ തന്നെയാണെന്ന കാര്യം പാര്‍ട്ടി നേതൃത്വം തന്നെ മറന്നു പോയോ ?

കേരളത്തില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായം വോട്ട് ചെയ്യുന്നത് ഇടതുപക്ഷത്തിനാണ്, അല്ലാതെ ബി.ജെ.പിക്കല്ല.

cpim 22

അവര്‍ക്ക് പ്രത്യയശാസ്ത്രം പോലെ തന്നെ വിലപ്പെട്ടതാണ് വിശ്വാസവും. ആരാധനാലയങ്ങളിലെ വിഗ്രഹങ്ങളല്ല, വിശക്കുന്ന വയറുകളാണ് മുഖ്യമെന്നൊക്കെ പ്രസംഗിക്കാമെന്നല്ലാതെ അത് പ്രായോഗികമായി ബോധ്യപ്പെടുത്താന്‍ എളുപ്പമല്ല.

നിരീശ്വരവാദത്തെ പടിയടച്ച് പിണ്ഡം വയ്ക്കുമ്പോള്‍ തന്നെ ചുവപ്പ് സ്വപ്നങ്ങള്‍ ഇവിടുത്തെ തൊഴിലാളി വര്‍ഗ്ഗം ഹൃദയത്തിലേറ്റിയത് ചെങ്കൊടിയില്‍ നന്‍മ കണ്ടത് കൊണ്ടാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്നതൊന്നും ഈ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ നോക്കേണ്ടത് സിപിഎം നേതൃത്വത്തിന്റെ കടമയാണ്.

സ്ത്രീക്കും പുരുഷനും തുല്യ അവകാശമെന്ന നിലപാട് ‘പരമ്പരാഗതമായ’ വിശ്വാസങ്ങള്‍ക്ക് മേല്‍ ആര് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും അത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. ഒഴുക്കിന് എതിരെ നീന്തിയ ചരിത്രമുള്ള കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ പുരോഗമന കാഴ്ചപ്പാട് ഉയര്‍ത്തി പിടിക്കുമ്പോള്‍ തന്നെ ഗ്രൗണ്ട് റിയാലിറ്റി കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

ഇപ്പോള്‍ സി.പി.എം നടത്തുന്ന വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന പതിനായിരങ്ങളെ കണ്ട് അതാണ് ജനമനസ്സ് എന്ന് തെറ്റിദ്ധരിക്കരുത്. സി.പി.എമ്മിനെ പോലെ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് വേണ്ടി ഒരുപാട് പോരാട്ടങ്ങള്‍ നടത്തിയ ചരിത്രമുള്ള പ്രസ്ഥാനത്തെ ഒറ്റ രാത്രി കൊണ്ട് മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ഏത് കൊടിയ ഭക്തനായ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കും അത്ര പെട്ടെന്ന് കഴിയുന്നതല്ല.

പക്ഷേ, ചുവപ്പ് രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുന്ന വലിയ ജനസമൂഹത്തിന് പാര്‍ട്ടിയുടെ ഈ വിശദീകരണം ബോധ്യപ്പെടണമെന്നില്ല. ആ പള്‍സറിയാന്‍ ഒരു തിരഞ്ഞെടുപ്പ് വിധി വരെ കാത്തിരിക്കേണ്ടി വരിക എന്നത് ചരിത്രപരമായ വിഡ്ഢിത്തം തന്നെയാണ്.

ബഹുമാനപ്പെട്ട മുന്‍ സുപ്രീംകോടതി ജഡ്ജി ജെ. ചെലമേശ്വര്‍ പറഞ്ഞതുപോലെ ജനങ്ങളെ ബോധ്യപ്പെടുത്തി വേണം ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍. ശബരിമലയില്‍ നിലവിലെ സാഹചര്യം തുടരാനുള്ള ഒരു ഉത്തരവെങ്കിലും പ്രതീക്ഷിച്ച് സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളിലെ തീരുമാനം കേരളത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് ഇവിടുത്തെ കമ്യൂണിസ്റ്റു പാര്‍ട്ടികളെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്.

cpim22

രാജ്യത്തെ നിയമവാഴ്ച അംഗീകരിക്കുന്നതു കൊണ്ടാണ് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത് എന്ന് പറയുന്ന സി.പി.എം നേതൃത്വത്തെ, കോടതി വിധിക്കെതിരെ മുന്‍പ് പാര്‍ട്ടി നേതാക്കള്‍ രംഗത്തു വന്നത് ചൂണ്ടിക്കാട്ടിയാണ് എതിരാളികള്‍ പൊളിച്ചടുക്കുന്നത്. ഇതും പൊതുസമൂഹത്തില്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് എന്ന് കൂടി ഓര്‍ക്കണം.

പ്രത്യയശാസ്ത്രപരമായ നിലപാടുകളോട് ചേര്‍ന്ന നിലപാടുകള്‍ സി.പി.എമ്മിനെപ്പോലെയുള്ളൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കേണ്ടത് തന്നെയാണ്. അത് പക്ഷേ രാഷ്ട്രീയപരമായി വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ വളരെ ആലോചിച്ച് വേണമായിരുന്നു. ഈ അഭിപ്രായം പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ഇപ്പോള്‍ സജീവമാണ്.

ഇനി ചെങ്കൊടിക്ക് നേരെ കല്ലെറിയുന്നവരോട് . . . നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയുക.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനു വേണ്ടി വാദിച്ചവരില്‍ ആര്‍.എസ്.എസ് – ബി.ജെ.പി നേതാക്കള്‍ മുതല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വരെയുണ്ട്.

ഈ വിവാദങ്ങള്‍ക്കിടയിലും കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഉമാഭാരതി പറഞ്ഞതും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതും നാം കണ്ടതാണ്.

സ്വന്തം നേതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയാത്തവരാണിപ്പോള്‍ ചെങ്കൊടിക്ക് നേരെ കല്ലെറിയുന്നത്. കഷ്ടം. .

team expresskerala

Top