മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നുവെന്ന പരിവാർ വാദം പൊളിച്ച് സി.പി.ഐ(എം)

ആർ.എസ്.എസ് നിയന്ത്രിക്കുന്ന ഒരു സർക്കാറാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. വീരശൂര പരാക്രമിയായ നരേന്ദ്ര മോദി അനുസരണയോടെ ഒരു നേതാവിനു മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ അത് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനു മുന്നിൽ മാത്രമാണ്. ഭാഗവത് എന്താണോ പറയുന്നത് അത് ആർ.എസ്.എസിന്റെ അഭിപ്രായമാണ്. അത് നടപ്പാക്കുകയല്ലാതെ മോദി സർക്കാറിനു മുന്നിൽ മറ്റു പോംവഴികളുമില്ല.

ശ്രീരാമ ക്ഷേത്രം പൗരത്വ നിയമ ഭേദഗതി തുടങ്ങി പരിവാർ സംഘടനകൾ ഏറ്റെടുത്ത എല്ലാ വിവാദ വിഷയങ്ങളും ആർ.എസ്.എസ് തീരുമാനപ്രകാരം ഉണ്ടായിട്ടുള്ളതാണ്. അടുത്തതായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്നതാണ് പരിവാർ നിർദേശം. ഇതു സംബന്ധമായ നിലപാടുകൾ കേന്ദ്ര സർക്കാർ പരിഗണിക്കാനിരിക്കെ ആണ് അടുത്ത പ്രഖ്യാപനം ആർ.എസ്.എസ് മേധാവി നടത്തിയിരിക്കുന്നത്.

 

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ സന്തുലനം പ്രധാനമാണെന്നും അത്‌ അവഗണിക്കാനാകില്ലെന്നതുമാണ് നിലപാട്. എല്ലാവർക്കും ബാധകമായ ജനസംഖ്യാ നിയന്ത്രണം അടുത്ത 50 വർഷത്തേക്ക്‌ നടപ്പാക്കണമെന്നാണ് കേന്ദ്ര സർക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്‌ത്രപരമായ അതിരുകളിൽ മാറ്റം വരുത്തുമെന്നതാണ് ഭാഗവതിന്റെ വാദം.ആർ.എസ്.എസ് മേധാവിയുടെ ഈ അഭിപ്രായപ്രകടനത്തിനെതിരെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

രാജ്യത്തെ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണ് ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്റെ വിദ്വേഷപ്രസംഗമെന്നാണ് സി.പി.എം ആരോപിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടി സി.പി.എം മുഖപത്രം ദേശാഭിമാനിയാണ് ആഞ്ഞടിച്ചിരിക്കുന്നത്. ഒരു മതവിഭാഗത്തിന്റെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുന്നെന്നും ജനസംഖ്യാ നിയന്ത്രണത്തിന് സമഗ്ര പദ്ധതി വേണമെന്നുമുള്ള ഭാഗവതിന്റെ പ്രസംഗമാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മുസ്ലിം ജനസംഖ്യ രാജ്യത്ത്‌ ഗണ്യമായി വർധിക്കുന്നെന്നും ഹിന്ദുക്കളുടെ എണ്ണം കുറയുകയാണ് എന്നുമുള്ള പ്രചാരണം സംഘപരിവാർ കാലങ്ങളായി നടത്തുന്ന വ്യാജപ്രചാരണമാണെന്നതാണ് പാർട്ടി നിലപാട്. ഏറെ വൈകാതെ മുസ്ലിങ്ങൾ എണ്ണത്തിൽ മുന്നിലെത്തുമെന്നുമുള്ള പ്രചാരണം പൊള്ളയാണെന്നത് കേന്ദ്ര സർക്കാർ കണക്ക് ഉദ്ധരിച്ചാണ് ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നത്. 2019- 2021 വർഷങ്ങളിലെ ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകൾപ്രകാരം ഹിന്ദു സ്‌ത്രീകളിൽ ശരാശരി പ്രത്യുൽപ്പാദന നിരക്ക്‌ 1.94ഉം മുസ്ലിം സ്‌ത്രീകളിൽ അത് 2.36ഉം ആണ്‌. വ്യത്യാസം 0.42 മാത്രം. 1992ൽ വ്യത്യാസം 1.1 ആയിരുന്നു. 30 വർഷത്തിൽ 0.68ന്റെ ഇടിവാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ മൂന്നു ദശകത്തിൽ ഹിന്ദു സ്‌ത്രീകളുടെ പ്രത്യുൽപ്പാദന നിരക്ക് 30 ശതമാനം കുറഞ്ഞപ്പോൾ മുസ്ലിം സ്‌ത്രീകളിൽ വന്ന കുറവ്‌ 35 ശതമാനമാണ്. 2030 ഓടെ ഇരു വിഭാഗങ്ങളിലെയും പ്രത്യുൽപ്പാദന നിരക്ക്‌ തുല്യതയിൽ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ റിസർച്ച്‌ സെന്ററിന്റെ 2021ലെ റിപ്പോർട്ടും കുടുംബാരോഗ്യ സർവേ കണക്കുകളെ ശരിവെക്കുന്നതാണ്. ഹിന്ദുക്കളിലെയും മുസ്ലിങ്ങളിലെയും പ്രത്യുൽപ്പാദന നിരക്ക്‌ ഏറെക്കുറെ തുല്യതയിലെത്തിയതായി റിസർച്ച്‌ സെന്ററും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1992-ൽ മുസ്ലിങ്ങളിലെ പ്രത്യുൽപ്പാദന നിരക്ക്‌ 4.4 ആയിരുന്നത്‌ 2015ൽ 2.6 ആയി ഇടിഞ്ഞു കഴിഞ്ഞു. ഇതേ കാലയളവിൽ ഹിന്ദുക്കളുടേത്‌ 3.3ൽ നിന്ന്‌ 2.1ലാണ് എത്തിയിരിക്കുന്നത്. രാജ്യത്തെ ആകെ പ്രത്യുൽപ്പാദന നിരക്ക്‌ 2016ൽ 2.2 ആയിരുന്നത്‌ ഏറ്റവും പുതിയ കുടുംബാരോഗ്യ സർവേ പ്രകാരം രണ്ടായി തിരുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളാണ് സി.പി.എം മുഖപത്രം കണക്കുകൾ നിരത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളിലൊന്നാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും തുറന്നടിച്ചിരിക്കുന്നത്. വസ്തുതയ്ക്കു നിരക്കുന്നതോ കണക്കുകളുടെ പിൻബലമുള്ളതോ അല്ല ഈ പ്രചാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാഗവതിനെതിരെ സിപിഎം ശക്തമായി പ്രതികരിച്ചപ്പോൾ മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്നും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ലന്നതും ഒരു യാഥാർത്ഥ്യമാണ്.


EXPRESS KERALA VIEW

Top