നിയമസഭാ തെരഞ്ഞെടുപ്പ്; ഗൃഹസമ്പര്‍ക്ക പരിപാടിക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസമ്പര്‍ക്ക പരിപാടിക്ക് ഒരുങ്ങി സിപിഐഎം. ജനങ്ങളെ കേള്‍ക്കുക, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന ലക്ഷ്യത്തോടെ നാളെ മുതല്‍ ഈ മാസം 31 വരെ സംസ്ഥാനത്തുടനീളമാണ് പരിപാടി സംഘടിപ്പിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച ജനപിന്തുണയാണ് എല്‍ഡിഎഫിന് ലഭിച്ചത്. ഇത് സര്‍ക്കാരിനുള്ള അംഗീകാരമാണ്. ജനോപകാര പദ്ധതികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുള്ള വര്‍ഗീയതയുമായി ഇടതുപക്ഷ സര്‍ക്കാര്‍ സന്ധി ചെയ്തില്ല. തീവ്ര ഹിന്ദുത്വ ശക്തികള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സാധിച്ചു.

അതിനെ ദുര്‍ബലപ്പെടുത്താന്‍ മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കാണ് യുഡിഎഫ് തയ്യാറായത്. കേരള സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചില്ല. ബിജെപിയേയും മറ്റും കൂട്ടുപിടിച്ച് സര്‍ക്കാരിനെ തകര്‍ക്കാനാണ് ശ്രമിച്ചത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെ പോലും പ്രതിപക്ഷം ന്യായീകരിച്ചുവെന്നും വിജയരാഘവന്‍ പറഞ്ഞു.

 

Top