പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് കടുപ്പിച്ച് സിപിഐഎം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതിയാണ് ഇന്ന് നടക്കുന്ന റാലിയുടെ സംഘാടകർ. വൈകിട്ട് 7 ന് കോഴിക്കോട് കടപ്പുറത്താണ് റാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.
സമസ്ത ഉള്‍പ്പടെയുള്ള മത, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2020ല്‍ മഹാറാലി സംഘടിപ്പിച്ചതിന് സമാനമായി വിവിധ മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. 2020ല്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസല്യാരായിരുന്നു അധ്യക്ഷനെങ്കില്‍ ഇത്തവണ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമാണ് അധ്യക്ഷന്‍.
മുസ്ലിംലീഗിനും പങ്കെടുക്കാമെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും പരസ്യക്ഷണം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്തെ റാലിക്ക് പിന്നില്‍ ന്യൂനപക്ഷ വോട്ട് മാത്രമാണ് സിപിഐഎം ലക്ഷ്യമെന്ന് യിഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ നേരത്തെ ആരോപിച്ചിരുന്നു. കോഴിക്കോടിന് പിന്നാലെ അടുത്ത ഞായറാഴ്ച കണ്ണൂരിലും പിന്നീട് മലപ്പുറമടക്കം മൂന്ന് ജില്ലകളിലും റാലി സംഘടിപ്പിക്കുന്നുണ്ട്.