ഉമ്മന്‍ചാണ്ടിയുടെ ചികിത്സാവിവാദം വീണ്ടും ഉയര്‍ത്തി സിപിഐഎം; തെളിവുകളുണ്ടെന്ന് അനില്‍കുമാര്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ചികിത്സാവിവാദം വീണ്ടും ഉയര്‍ത്തി സിപിഐഎം. ചികിത്സ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടേണ്ടിവന്നുവെന്ന് സിപിഐഎം നേതാവ് കെ അനില്‍കുമാര്‍. അത്തരമൊരു സാഹചര്യമൊരുക്കിയതില്‍ പ്രതിപക്ഷനേതാവിനും പങ്കുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്നതിന് തെളിവുകളുണ്ടെന്നും അത് സമയമാകുമ്പോള്‍ പുറത്തുകൊണ്ടുവരുമെന്നും അനില്‍കുമാര്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം സിപിഐഎമ്മിന്റെ ചികിത്സാവിവാദത്തെ, ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കാനുള്ള മൂന്നാംകിട ശ്രമമെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. കൊടുക്കാന്‍ കഴിയാവുന്ന ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മന്‍ചാണ്ടിക്ക് കൊടുത്തത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോടും ചേര്‍ന്ന് ആലോചിച്ചാണ് പാര്‍ട്ടി ആ തീരുമാനങ്ങളെല്ലാം എടുത്തത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം വരെ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഒരു സഹായവും ചെയ്തിട്ടില്ലെന്ന് വി ഡി സതീശന്‍ തുറന്നടിച്ചു

Top