സംഘപരിവാർ ചാനൽ റേറ്റിങ്ങിന് മറുപടി ഇടതുപക്ഷത്തിന്റെ ജനകീയ റേറ്റിങ്. . .!

കേരളത്തില്‍ അങ്ങനെയൊന്നും ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നത് ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ മാത്രമല്ല, ഇന്ന് കേരളത്തിലെ പൊതു സമൂഹത്തിന്റെ കൂടി വിശ്വാസമാണ്.

വിശ്വാസവും പ്രസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് ചിത്രീകരിക്കപ്പെട്ടിരുന്ന വിഷയത്തില്‍ കേരളത്തിലെ സി.പി.എം അനുഭാവികളും വോട്ടര്‍മാരും ഒപ്പം നില്‍ക്കുന്നതും പാര്‍ട്ടി നിലപാടിനൊപ്പമാണ്. ഇപ്പോള്‍ പുറത്ത് വന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും ചൂണ്ടിക്കാണിക്കുന്നത് അതു തന്നെയാണ്.

39 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 22 സീറ്റും പ്രതികൂല സാഹചര്യത്തിലും നേടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു എന്നത് നിസാരമായ കാര്യമല്ല. കേരളത്തിലെ ജനങ്ങളുടെ മനസ്സിന്റെ പ്രതിഫലനമായി ഈ വിധിയെഴുത്തിനെ സി.പി.എം പ്രവര്‍ത്തകര്‍ വിലയിരുത്തിയാല്‍ അതിനെ നിഷേധിക്കാനും സാധിക്കുന്നതല്ല.

കാരണം സമീപകാലത്തൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത കടുത്ത എതിര്‍പ്പാണ് ശബരിമല വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാറും സി.പി.എമ്മും നേരിട്ടത്.

ചൊങ്കൊടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും നാമജപ ജാഥകളും കാസര്‍ഗോഡ് നിന്നും പന്തളത്തേക്ക് രഥയാത്രയുമൊക്കെ നടത്തി ഇളക്കിമറിച്ച ബി.ജെ.പിക്കും സംഘപരിവാറിനും രണ്ടു സീറ്റാണ് ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ആ രണ്ടു സീറ്റും യു.ഡി.എഫിന്റെ പക്കല്‍ നിന്നും പിടിച്ചതാണെന്ന് കൂടി ഓര്‍ക്കുക. ശബരിമല വിഷയത്തില്‍ രണ്ട് നിലപാട് സ്വീകരിച്ച യു.ഡി.എഫിനു കിട്ടിയ തിരിച്ചടി കൂടിയാണിത്. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ ബി.ജെ.പിയുടെ സിറ്റിങ്ങ് സീറ്റാണ് ഇടതുപക്ഷം പിടിച്ചെടുത്തത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക വിഷയം മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും സംസ്ഥാന – ദേശീയ രാഷ്ട്രീയമല്ലെന്നൊക്കെ പറഞ്ഞ് ഈ ജനവിധിയെ ചെറുതാക്കി കാണാന്‍ ബിജെപിയും കോണ്‍ഗ്രസ്സും ശ്രമിക്കരുത്.

കാരണം ഏറ്റവും വൈകാരികമായി കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികളെ സ്വാധീനിച്ച വിഷയമാണ് ശബരിമലയിലെ വിവാദം എന്ന് ചൂണ്ടിക്കാട്ടി നാടുനീളെ പ്രക്ഷോഭം സംഘടിപ്പിച്ചത് സംഘ പരിവാര്‍ സംഘടനകളാണ്. മത്സരിച്ച് ഒരേ ദിവസം പ്രതിഷേധയാത്രകള്‍ തുടങ്ങിയത് ബി.ജെ.പിയും കോണ്‍ഗ്രസ്സുമാണ്.

ഇപ്പോള്‍ ജനങ്ങള്‍ വിധിയെഴുതിയ ഈ വാര്‍ഡുകളില്‍ എല്ലാം സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രചരണം നടന്നിരുന്നതാണ്. വീടുകള്‍ തോറും കയറി ഇറങ്ങിയും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും ഹിന്ദു വികാരം ബോധപൂര്‍വ്വം സി.പി.എമ്മിനെതിരെ ഉയര്‍ത്താനും ശ്രമമുണ്ടായി.

ഇതിനെയെല്ലാം അതിജീവിച്ചാണ് ഇപ്പോള്‍ മികച്ച വിജയം ഇടതുപക്ഷം സ്വന്തമാക്കിയിരിക്കുന്നത്. അതിന് ആ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിനെ സമ്മതിച്ചേ പറ്റൂ. സംഘപരിവാര്‍ ചാനലിന് കച്ചവട കളത്തില്‍ ലഭിക്കുന്ന മാര്‍ക്കല്ല ജനകീയ വിധിയെഴുത്തില്‍ കാവി രാഷ്ട്രീയത്തിന് ലഭിക്കുക എന്ന ചുട്ട മറുപടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

മത വിശ്വാസം ജീവിതത്തില്‍ പകര്‍ത്തുന്നവരല്ല കമ്യൂണിസ്റ്റുകള്‍, എന്നാല്‍ മത വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാനും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനും കമ്യൂണിസ്റ്റുകള്‍ എക്കാലത്തും കേരളത്തില്‍ മുന്നില്‍ നിന്നിട്ടുണ്ട്. അത് ചരിത്രമാണ്. .

നിരീശ്വരവാദികളുടെ മാത്രമേ വോട്ട് ലഭിക്കുമായിരുന്നു എങ്കില്‍ കേരളത്തില്‍ ഒരു വാര്‍ഡില്‍ പോലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമായിരുന്നില്ല.

വിശ്വാസങ്ങള്‍ക്കും അപ്പുറം വിശക്കുന്ന മനുഷ്യന്റെ പിടയുന്ന വയറിന്റെ വേദന അറിയുന്ന കമ്യൂണിസ്റ്റുകളെ അത്ര പെട്ടൊന്നൊന്നും തിരസ്‌ക്കരിക്കാന്‍ രാഷ്ട്രീയ കേരളത്തിന് കഴിയില്ല. ജാതീയതയും ജന്‍മിത്വവും മലീമസമാക്കിയ സാമൂഹികാന്തരീക്ഷത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

മനുഷ്യനെ മനുഷ്യരായി കാണാന്‍ കഴിയാത്ത ജാതി-മത ഭ്രാന്തന്‍മാര്‍ക്കെതിരെ ശക്തമായി പോരാടിയ ചരിത്രമാണ് ഇവിടുത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കുമുള്ളത്. ഈ യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്ക് അറിയുന്നത് കൊണ്ട് തന്നെയാണ് അവര്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭാവനയില്‍ സ്വപ്നം കാണാതെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് വോട്ടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ള ജനകീയ ഇടപെടലാണ് പ്രതിപക്ഷം നടത്തേണ്ടത്. അല്ലാതെ അതിരു കടന്ന ആത്മവിശ്വാസത്തില്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍ അത് വലിയ തിരിച്ചടിക്ക് തന്നെ കാരണമാകും.

റിപ്പോര്‍ട്ട് : അഡ്വ. മനീഷ രാധാകൃഷ്ണന്‍

Top