സിപിഐഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്; അരലക്ഷത്തോളം ആളുകള്‍ പങ്കെടുക്കും

കൊച്ചി: സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യാര്‍ഢ്യ റാലി ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അരലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. ക്ഷണം നിരസിച്ച മുസ്ലിം ലീഗിനെ തള്ളാത്ത സിപിഐഎം കോണ്‍ഗ്രസില്‍ നിന്നടക്കം ആളുകളെ റാലിയില്‍ പ്രതീക്ഷിക്കുന്നുണ്ട്.

റാലി പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് സിപിഐഎമ്മിന്റെ ശ്രമം.
പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കോഴിക്കോട് സിപിഐഎം ജില്ലാ കമ്മറ്റി റാലി സംഘടിപ്പിക്കുന്നത്. സരോവരത്ത് പ്രത്യേകം സജ്ജീകരിച്ച യാസര്‍ അറാഫത്ത് നഗറിലാണ് പരിപാടി. വിവിധ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഈ മാസം 23 ന് കോണ്‍ഗ്രസ് കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് പ്രഖ്യാപിച്ചതോടെ ഇന്ന് നടക്കുന്ന റാലി ശക്തി പ്രകടനമാക്കി മാറ്റാനാണ് സിപിഐഎമ്മിന്റെ തീരുമാനം.

Top