പൗരത്വത്തില്‍ വാക്കേറ്റം; പാലക്കാട് നഗരസഭയില്‍ സിപിഎം-ബിജെപി കയ്യാങ്കളി

പലക്കാട്: പാലക്കാട് നഗരസഭയില്‍ സിപിഎം-ബിജെപി കയ്യാങ്കളി. പൗരത്വ നിയമഭേദഗതിയെ എതിര്‍ത്ത് പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം പ്രമേയം കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തിയതാണ് കയ്യാങ്കളിക്ക് കാരണം.

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്ടേത്.ഇവിടെയാണ് സിപിഎം പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം കൊണ്ടുവന്നത്. പൗരത്വ നിയമം അമിത് ഷായുടെയും മോദിയുടെയും കുത്തകയല്ലെന്നും സിപിഎം പ്രവർത്തകർ ആരോപിച്ചു. ഇതിനെ യുഡിഎഫ് അംഗങ്ങളും അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍ ബിജെപി അംഗങ്ങള്‍ പ്രമേയത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാണ് ബഹളം തുടങ്ങിയത്.

അടിയന്തര പ്രധാന്യമുള്ള വിഷയം അവതരിപ്പിക്കാനാണ് കൗൺസിൽ ഇന്ന് ചേർന്നത്. യോഗത്തിനെത്തിയ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ഒരു കാരണവശാലും പ്രമേയം പാസ്സാക്കാന്‍ അനുമതി നല്‍കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ സിപിഎം, യുഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്‌സണിന്റെ ചേംബറിലേക്ക് ഇരച്ച് കയറി ബഹളം വച്ചു, അവരെ ഉപരോധിച്ചു. ഇത് തടയാന്‍ ബിജെപി അംഗങ്ങളുമെത്തി. ഇത് കയ്യാങ്കളിക്ക് കാരണമായി. ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം നിര്‍ത്തിവെച്ചു.

Top