പലസ്തീന്‍ വിഷത്തില്‍ സിപിഐഎമ്മിന് ആത്മാര്‍ത്ഥയില്ല; വിമര്‍ശിച്ച് വി ഡി സതീശന്‍

കൊച്ചി: പലസ്തീന്‍ വിഷത്തില്‍ സിപിഐഎമ്മിന് ആത്മാര്‍ത്ഥയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താത്കാലിക ലാഭത്തിന് വേണ്ടി പലസ്തീന്‍ വിഷയം വഷളാക്കി. സിപിഐഎം റാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലീം ലീഗ് നേതൃത്വമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് സമ്മര്‍ദ്ദം ചെലുത്തേണ്ട ആവശ്യമില്ല.

സിപിഐഎമ്മിനേക്കാള്‍ ശക്തരായ പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ലീഗ് നേതൃത്വത്തിന്റെ വാക്ക് ധിക്കരിച്ച് ഒരു അണിയും റാലിയില്‍ പങ്കെടുക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇടതുമുന്നണിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സിപിഐഎം എന്തിനാണ് ഇങ്ങനെ ലീഗിന് പുറകെ നടക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ജനപിന്തുണ നഷ്ടമായെന്ന് സിപിഐഎമ്മിന് മനസിലായി. ക്ഷണം കിട്ടിയപ്പോള്‍ 48 മണിക്കൂറിനകം ലീഗ് തീരുമാനം എടുത്തതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കെപിസിസിയുടെ വിലക്കിനെ തള്ളി കേരളീയത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ കാര്യത്തില്‍ എഐസിസി തീരുമാനം എടുക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ആര്യാടന്‍ ഷൗക്കത്ത് വിഷയം സംഘടനാപരമായ കാര്യമാണ്. അത് കെപിസിസി അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

Top