മാധ്യമ സർവ്വേകൾക്കു പിന്നിൽ അജണ്ട, ഇവിടെ പുറത്തായത് കമ്യൂണിസ്റ്റ് വിരുദ്ധത !

നഹിതം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കുത്തക മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

അടുത്തയിടെ പുറത്തിറങ്ങിയ എല്ലാ സര്‍വേകളും പരിശോധിച്ചാല്‍ മാധ്യമ മുതലാളിമാരുടെ താല്‍പ്പര്യം സര്‍വേകളില്‍ പ്രകടമായതായി കാണാന്‍ സാധിക്കും.

മലയാളത്തില്‍ ഒന്നും രണ്ടും സ്ഥാനം അവകാശപ്പെടുന്ന രണ്ട് മാധ്യമ മുത്തശ്ശിമാര്‍ അടുത്ത ദിവസങ്ങളിലായി പുറത്തുവിട്ട സര്‍വേ ഫലങ്ങളില്‍ പലതും പരസ്പര വിരുദ്ധമാണെങ്കിലും അവരുടെ ലക്ഷ്യം ഒന്നു തന്നെയാണ്. അത് ചുവപ്പിന്റെ അസ്തമനം തന്നെയാണ്. ഇതാണോ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം എന്ന് ഈ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെങ്കിലും വിലയിരുത്തണം. നിങ്ങളുടെ ചിന്താശക്തി കൂടി മാധ്യമ മുതലാളിമാരുടെ താല്‍പ്പര്യത്തിനു മുന്നില്‍ അടിയറവ് വയ്ക്കുന്നത് ശരിയായ നടപടിയല്ല.

ഏതെങ്കിലും പാര്‍ട്ടി മുഖപത്രങ്ങള്‍ പുറത്ത് വിടുന്ന സര്‍വേഫലത്തെ നമുക്ക് മനസ്സിലാക്കാം. കാരണം അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു സര്‍വേഫലം പുറത്തു വിടാന്‍ സ്വാഭാവികമായും അത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയുകയില്ല, അത് സ്വാഭാവികവുമാണ്.

ജനങ്ങളും അവരുടെ വിലയിരുത്തലുകളെ അത്തരത്തില്‍ മാത്രമേ വിലയിരുത്തുകയുമൊള്ളു. എന്നാല്‍ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം ഒരു സര്‍വേ നടത്തിയാല്‍ ജനങ്ങള്‍ ചിന്തിക്കുന്നത് മറ്റൊരു തരത്തിലാകും. ഇതാണോ ഭൂരിപക്ഷ ജനഹിതം എന്ന ധാരണ പോലും ഒരു വിഭാഗത്തില്‍ കടന്നു കൂടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ വിശ്വാസ്യതയാണ് തെറ്റായ രീതിയില്‍ വളച്ചൊടിച്ച് തങ്ങളുടെ താല്‍പ്പര്യം നടപ്പാക്കാന്‍ മാധ്യമ മുതലാളിമാര്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി മാത്രമേ ഇത്തരം സര്‍വേകളെയും വിലയിരുത്താന്‍ കഴിയൂ.

ഒരു തട്ടിപ്പ് സര്‍വേ അല്ല തങ്ങള്‍ നടത്തിയത് എന്ന് പറയാന്‍ എന്തുണ്ട് ഈ മാധ്യമ സ്ഥാപനങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍? ചുമ്മാ കോട്ടും സ്യൂട്ടും ഇട്ട് സാമ്പിളുകള്‍ ശേഖരിച്ചെന്നും, ഇത്ര ശതമാനമെന്നൊക്കെ വലിയ വായില്‍ പറഞ്ഞിട്ട് കാര്യമില്ല. ആധികാരികത തുറന്ന് കാട്ടണം. അതിന് തയ്യാറുണ്ടോ നിങ്ങള്‍? അല്ലെങ്കില്‍ ശീതീകരിച്ച റൂമില്‍ ഒരു സംഘത്തെ പിടിച്ചിരുത്തി ഭാവനാപരമായ നിര്‍ണ്ണയം നടത്തിയതായി മാത്രമേ ഈ സര്‍വേകളെയും വിലയിരുത്താന്‍ കഴിയൂ.

ആധികാരികാത അവകാശപ്പെടാന്‍ ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ പുറത്ത് വിടുക തന്നെ വേണം. ശതമാന കണക്കല്ല വേണ്ടത്. എത്ര പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തു? അത് ഏതൊക്കെ മണ്ഡലങ്ങളില്‍? എത്ര സമയം ഇവര്‍ക്കൊപ്പം ചിലവഴിച്ചു? സര്‍വേ ആണെന്ന് പറഞ്ഞാണോ ജനങ്ങളെ സമീപിച്ചത്?

സര്‍വേ നടത്തിയ തീയതികള്‍ ഏതൊക്കെ? പങ്കെടുത്ത ആളുകളുടെ മാനദണ്ഡം എന്തെക്കെയായിരുന്നു? ഇതെല്ലാം വ്യക്തമാക്കിയാല്‍ മാത്രമേ സര്‍വ്വേയെ നമ്പാന്‍ പറ്റൂ. ആധികാരികത ഇല്ലാത്ത എല്ലാ സര്‍വ്വേകളുടെയും ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണ്.

ഇവിടെ ഈ മാധ്യമങ്ങള്‍ ചെയ്തത് രാഷ്ട്രീയ ക്വട്ടേഷന്‍ ഏറ്റെടുക്കലാണ് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ അതിനെ ഒരിക്കലും കുറ്റം പറയാന്‍ കഴിയുകയില്ല.

സാധാരണക്കാര്‍ മാധ്യമങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ ശ്രമിക്കരുത്. അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം ആകരുത് സര്‍വേയുടെ മാനദണ്ഡം. ഏതാനും ചിലര്‍ പറയുന്നതല്ല ബഹു ഭൂരിപക്ഷവും ചിന്തിക്കുക. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയാണെന്ന പൊതുബോധം സമൂഹത്തില്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് ഇപ്പോള്‍ ശ്രമിച്ചിരിക്കുന്നത്. ഇത് ആര്‍ക്ക് വേണ്ടിയായാലും ജനാധിപത്യ വ്യവസ്ഥിതിയോടുള്ള വെല്ലുവിളി തന്നെയാണ്.

മനോരമ സര്‍വ്വേ കേരളത്തിലെ 20 സീറ്റില്‍ 13ലും യുഡിഎഫിനാണ് മേല്‍ക്കൈ പ്രതീക്ഷിക്കുന്നത്. മൂന്ന് സീറ്റില്‍ മാത്രമാണ് ഇടതുമുന്നണിയ്ക്ക് മുന്‍തൂക്കം. നാലുസീറ്റുകളില്‍ ഫലം പ്രവചനാതീതമായിരിക്കുമെന്നും തിരുവനന്തപുരത്ത് യുഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കും മത്സരമെന്നും കാര്‍വിയുമായി ചേര്‍ന്നു നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ആ മാധ്യമം പ്രവചിച്ചു കഴിഞ്ഞു.

മാതൃഭൂമി സര്‍വ്വേയാകട്ടെ അഞ്ച് സീറ്റുകളാണ് ഇടതുപക്ഷത്തിന് പ്രവചിച്ചിരിക്കുന്നത്. അഞ്ച് സീറ്റെങ്കിലും നല്‍കാനുള്ള സന്മനസ്സ് മാതൃഭൂമി കാണിച്ചല്ലോ എന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ പ്രതികരണം. മാതൃഭൂമിയും എ.സി നീല്‍സണും ചേര്‍ന്ന് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് 14 സീറ്റ് യുഡിഎഫിന് പ്രവചിച്ചിരിക്കുന്നത്.

cpm

ചരിത്രത്തിലാദ്യമായി ഒരു സീറ്റ് ബിജെപി നേടുമെന്നും ഈ സര്‍വ്വേ പ്രവചിക്കുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നീല്‍സണ്‍ തന്നെ നടത്തിയ പഠനത്തില്‍ കോണ്‍ഗ്രസിന് 91 സീറ്റ് ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്‍ഡിഎ സഖ്യത്തിന് അന്ന് ലഭിക്കുമെന്ന് പറഞ്ഞിരുന്നത് 233 സീറ്റാണ്. എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 44 സീറ്റും ബിജെപിയ്ക്ക് 300ന് മുകളില്‍ സീറ്റുകളും ആയിരുന്നു. ഇതാണ് ഇവരുടെ ആധികാരികത.

രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന സംസ്ഥാനമാണ് യുപി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നീല്‍സണ്‍ ഈ സംസ്ഥാനത്ത് കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത് 11 സീറ്റുകളാണ്. എന്നാല്‍ കിട്ടിയത് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ്. 500 ശതമാനത്തിലധികമാണ് ഇവിടെ തെറ്റുവരുത്തിയിരിക്കുന്നത്. ബിജെപിയ്ക്കാവട്ടെ യുപിയില്‍ കിട്ടുമെന്ന് പ്രവചിച്ചിരുന്നത് 38 സീറ്റും കിട്ടിയത് 73 സീറ്റുമാണ്.

ബിഎസ്പിയ്ക്ക് 17 സീറ്റു പ്രവചിച്ചിടത്ത് ഒറ്റ സീറ്റു പോലും ലഭിച്ചതുമില്ല. സര്‍വ്വേകളില്‍ പരമാവധി തെറ്റുവരാനുള്ള സാധ്യത 1000 ശതമാനത്തില്‍ മുകളിലാണ് എന്നത് നാണം കെട്ട വസ്തുതയാണ്. ബംഗാളില്‍ ഇടതുപക്ഷത്തിന് 11 സീറ്റു പ്രവചിച്ചിരുന്നെങ്കിലും വിജയിച്ചത് വെറും രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു.

udf

സീ വോട്ടര്‍ സര്‍വ്വേ 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് എന്‍ഡിഎയ്ക്ക് പ്രവചിച്ചപ്പോള്‍ ഒരു സീറ്റ് മാത്രമാണ് അവര്‍ക്ക് കിട്ടിയത്. 2011ലെ സര്‍വ്വേയില്‍ യുഡിഎഫ് തൂത്തുവാരുമെന്നാണ് സര്‍വ്വേക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അന്ന് നടന്നിരുന്നത്. വെറും നാല് സീറ്റിന്റെ വ്യത്യാസത്തിലായിരുന്നു ഇടതുപക്ഷത്തിന് ഭരണം നഷ്ടപ്പെട്ടത് എന്നതും ഓര്‍ക്കണം. മണലൂരും പാറശ്ശാലയിലുമെല്ലാം അന്ന് തുച്ഛമായ വോട്ടിനാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരുന്നത്. അതല്ലെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു.

നീല്‍സണ്‍ ഗ്രൂപ്പിന്റെ തന്നെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ സര്‍വ്വേയില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് നല്‍കിയിരുന്നത് 43 സീറ്റാണ്. ബിജെപിയ്ക്ക് പ്രവചിച്ചിരുന്നതാകട്ടെ 26 സീറ്റുകളുമായിരുന്നു. എന്നാല്‍, ബിജെപിയ്ക്ക് വെറും 3 സീറ്റ് മാത്രമാണ് ആ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. 67 സീറ്റിന്റെ മിന്നുന്ന പ്രകടനമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി കാഴ്ച വച്ചത്. ഇതാണ് സര്‍വ്വേകളുടെ ചരിത്രം. ഈ ചരിത്രത്തിലേക്കാണ് കുത്തക മാധ്യമങ്ങള്‍ വീണ്ടും കേരളത്തെയും കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.

ആയിരക്കണക്കിന് ആളുകളില്‍ നിന്ന് അഭിപ്രായം ചോദിച്ചിട്ടാണ് നിലവില്‍ പുറത്തുവിട്ട സര്‍വ്വേ നടത്തിയിരിക്കുന്നതെന്നാണ് മാധ്യമ സ്ഥാപനങ്ങളുടെ അവകാശവാദം. എന്നാല്‍, ഗ്രാമങ്ങളുടെ സ്പന്ദനമറിയാതെ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിട്ടായിരുന്നു സര്‍വ്വേയെന്നതാണ് ആക്ഷേപം. ഗ്രാമീണ മേഖലയിലേയ്ക്ക് അവര്‍ പോയിട്ടേയില്ലെന്നാണ് സര്‍വ്വേ ടീമിലുള്ള ചിലര്‍ തന്നെ വ്യക്തമാക്കുന്നത്.

സാമൂഹികവും സാമ്പത്തികവും ജാതീയവും തുടങ്ങി എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യം ആവശ്യമായ അനുപാതത്തില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് സര്‍വ്വേകള്‍ പൂര്‍ണ്ണമാകുന്നത്. പോളിംഗ് ബൂത്തുകള്‍ എപ്പോഴും വിധി പറഞ്ഞിട്ടുള്ളത് ഗ്രാമവാസികളുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്.

ബിജെപി നേട്ടമുണ്ടാക്കുന്നത് സിപിഎമ്മിന് വോട്ട് നഷ്ടപ്പെടുന്നത് കൊണ്ടാണ് എന്നാണ് മാതൃഭൂമി സര്‍വ്വേയുടെ കണ്ടെത്തല്‍. അങ്ങനെയൊരു ആഗ്രഹം ആ സ്ഥാപനത്തിന്റെ തലപ്പത്തുള്ളവര്‍ക്ക് ഉണ്ടോയെന്നതും സംശയിക്കേണ്ട കാര്യം തന്നെയാണ്. വീരേന്ദ്രകുമാര്‍ ഇടതുപക്ഷത്ത് ഉണ്ടായിരുന്നപ്പോള്‍ തന്നെയാണ് എടോ ഗോപാലകൃഷ്ണാ എന്ന് എഡിറ്ററെ പിണറായിയ്ക്ക് വിളിക്കേണ്ടി വന്നിരുന്നത് എന്ന കാര്യവും നാം ഈ ഘട്ടത്തില്‍ ഓര്‍ക്കണം.

Team Express kerala

Top