ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയും; സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സി.പി.ഐ.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. സര്‍ക്കാരിന്റെ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച മണ്ഡല പര്യടന പരിപാടിയും കേരളീയം പരിപാടിയുമാണ് സെക്രട്ടേറിയേറ്റ് യോഗത്തിന്റെ അജണ്ട.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടി ജനകീയ പരിപാടിയാക്കാനാണ് മുന്നണിയുടെ തീരുമാനം. ഇതില്‍ സി.പി.ഐ.എമ്മിന്റെ നേതൃപരമായ പങ്ക് ചര്‍ച്ച ചെയ്യും. മാസപ്പടി വിവാദം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയവും ചര്‍ച്ചയായേക്കും. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഘടകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

അതേസമയം കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ സത്യഗ്രഹ സമരം ഇന്ന്. രാജ്ഭവനു മുന്നില്‍ രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് സമരം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് സംസ്ഥാന, -ജില്ലാ നേതാക്കള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും.

കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും തടസപ്പെടുത്തുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം.

Top