cpim leader sakeer husain arrested

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. രാവിലെ 8 മണിക്ക്
സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് സക്കീര്‍ കീഴടങ്ങിയത്.

കമ്മീഷണര്‍ ഓഫീസിന്റെ പിന്നിലെ ഗേറ്റിലൂടെ രഹസ്യമായാണ് സക്കീര്‍ കീഴടങ്ങാനെത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് സക്കീര്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്. സക്കീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കരുതെന്ന് സക്കീര്‍ ആവശ്യപ്പെട്ടു.

സക്കീറിനെതിരെ കേസെടുത്തത് ഒക്ടോബര്‍ 26നാണ്. 22 ദിവസങ്ങള്‍ക്ക് ശേഷമാണ് സക്കീര്‍ കീഴടങ്ങുന്നത്.ഡയറിഫാം വ്യവസായിയായ തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു കാക്കനാട് സ്വദേശിയായ വ്യവസായി ജൂബ് പൗലോസ് നല്‍കിയ പരാതിയിലാണു സക്കീര്‍ ഹുസൈനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ ഒളിവിലായിരുന്ന സക്കീറിനോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ഗുണ്ടകളെ അടിച്ചമര്‍ത്തുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സക്കീറിനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ലെന്നും ജനകീയസമരങ്ങളില്‍ പങ്കെടുത്തതിനാണു സക്കീര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു കോടിയേരി വ്യക്തമാക്കിയിരുന്നത്.

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം.

എന്നാല്‍ പിന്നീട് സക്കീര്‍ കീഴടങ്ങണമെന്ന് കോടിയേരിയും പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതിനെത്തുടര്‍ന്ന് സക്കീര്‍ കളമശേരി ഏരിയാ കമ്മിറ്റി ഓഫിസിലെത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനു പക്ഷേ, ഉന്നതങ്ങളില്‍നിന്നുള്ള അനുമതി ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്യാനായിരുന്നില്ല.

വിധി വന്നതിന്റെ തൊട്ടടുത്ത മണിക്കൂറിലാണ് സക്കീര്‍ ഹുസൈനു പാര്‍ട്ടി ഓഫിസില്‍ ഒളിത്താവളമൊരുക്കിയത്. തുടര്‍ന്ന് ഏരിയാ കമ്മിറ്റിയംഗങ്ങളുടെ യോഗത്തിലും സക്കീര്‍ ഹുസൈന്‍ പങ്കെടുത്തു.

ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങണമെന്നും ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ പൊലീസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണമെന്നുമാണു സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി ഓഫിസില്‍ തന്നെയുണ്ടെന്നു യോഗത്തിനുശേഷം ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.മോഹനന്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.

ഏഴു ദിവസത്തിനകം കീഴടങ്ങാനാണു കോടതി നിര്‍ദേശമെന്നും ഏഴു ദിവസം കഴിഞ്ഞിട്ടും കീഴടങ്ങിയില്ലെങ്കില്‍ മാത്രമേ പൊലീസിന് അറസ്റ്റ് ചെയ്യാനാകൂവെന്നും വാദിച്ച അദ്ദേഹം ഭാവികാര്യങ്ങള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു

Top