‘തില്ലങ്കരി’ ചൂണ്ടിക്കാട്ടി നടത്തുന്നത്, തെറ്റായ പ്രചരണം, കണക്കുകൾ ഇതാ !

സിപിഎമ്മിന് ബിജെപിയുമായി ധാരണയുണ്ടെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്. സമാന ആക്ഷേപം തന്നെയാണ് മറ്റ് യു.ഡി.എഫ് നേതാക്കളും നടത്തിവരുന്നത്. അതിനായി അവര്‍ ചൂണ്ടിക്കാട്ടുന്നത് കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയില്‍ നടന്ന ഒരു തദ്ദേശ ഉപതിരഞ്ഞെടുപ്പാണ്. തില്ലങ്കേരിയില്‍ 2,000 ബിജെപി വോട്ട് സിപിഎമ്മിനു ലഭിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്നത് സിപിഎമ്മാണെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. മുസ്ലീംലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു കെപിസിസി അധ്യക്ഷന്റെ ഈ പ്രതികരണം. തില്ലങ്കേരി ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപക പ്രചരണത്തിനാണ് യു.ഡി.എഫ് നിലവില്‍ നീക്കം നടത്തുന്നത്.

ഈ സാഹചര്യത്തില്‍ എന്താണ് യാഥാര്‍ത്ഥത്തില്‍ അവിടെ നടന്നത് എന്നത് പരിശോധിക്കേണ്ടത് അനിവാര്യം തന്നെയാണ്. പ്രമുഖ കുത്തക മാധ്യമം പടച്ച് വിട്ട ഒരു തെറ്റായ വാര്‍ത്തയാണ് യു.ഡി.എഫ് നേതാക്കള്‍ ഇപ്പോള്‍ ‘നാവാക്കി’ മാറ്റിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും ജില്ലാപഞ്ചായത്ത് മണ്ഡലപരിധിയിലെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതിനേക്കാള്‍ വോട്ട് കുറയുകയാണുണ്ടായത്. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 346 വോട്ടിന്റെയും യുഡിഎഫിനു 4,862വോട്ടിന്റെയും ബിജെപിക്ക് 2,004 വോട്ടുകളുടെയും കുറവുണ്ടായിട്ടുണ്ട്. പോളിംഗ് ശതമാനം 77 ല്‍ നിന്ന് 64 ആയും കുറയുകയുണ്ടായി.

പോളിംഗ് ശതമാനത്തിലുണ്ടായ കുറവാണ് മൂന്ന് മുന്നണികള്‍ക്കും വോട്ടിന്റെ എണ്ണത്തിലും കുറവുണ്ടാക്കിയിരിക്കുന്നത്. പോളിങ്ങ് കുറഞ്ഞാലും ഇടതുപക്ഷം വിജയിക്കുന്നത്, ആ മുന്നണിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉള്ളത് കൊണ്ടാണ്. യുഡിഎഫും ബിജെപിയും അഭിമുഖീകരിക്കുന്ന പൊതുവായ തകര്‍ച്ചയും സംഘടനാ പരമായ വീഴ്ചയുമാണ് പോളിംഗിനകത്ത് പ്രധാനമായും പ്രതിഫലിച്ചിരിക്കുന്നത്. സ്വന്തം വോട്ടുകള്‍ പോള്‍ ചെയ്യിക്കുവാന്‍ ഇടതുപക്ഷം നടത്തിയ പ്രവര്‍ത്തനത്തിന്റെ ചെറിയ ഒരംശം പോലും പ്രതിപക്ഷം നടത്തിയിട്ടില്ല. അത്,അവരുടെ മാത്രം വീഴ്ചയാണ്. കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ബിജെപിയുടെ നിലവിലെ വോട്ടിംഗ് നില.

മുഴക്കുന്ന് പഞ്ചായത്തിലെ നാലാം വാര്‍ഡ്, ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച വാര്‍ഡാണ്. അന്ന് ബിജെപിക്ക് ലഭിച്ചത് 370 വോട്ടായിരുന്നു. ഇപ്പോള്‍ അത് 50 വോട്ടായാണ് കുറഞ്ഞിരിക്കുന്നത്. ഇടതുപക്ഷത്തിന് ആ തെരഞ്ഞെടുപ്പില്‍ 355 വോട്ട് ലഭിച്ച ഇവിടെ ഇപ്പോള്‍ 336 വോട്ടായി കുറയുകയാണുണ്ടായത്. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു വോട്ട് പോലും വര്‍ദ്ധിച്ചിട്ടില്ലന്ന് മാത്രമല്ല 19 വോട്ട് കുറയുകയും ചെയ്തു. ഈ ഒരൊറ്റ ഉദാഹരണം മാത്രം മതി കോണ്‍ഗ്രസ്സ് പ്രചരണത്തെ പൊളിക്കുവാന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ബിജെപി ജയിച്ച മറ്റൊരു വാര്‍ഡാണ് തില്ലങ്കേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ്. ഇവിടെ അന്നു ലഭിച്ച 332 വോട്ടുകള്‍ 149 ആയി ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കുറയുകയുണ്ടായി. ഇടതുപക്ഷത്തിന്റെ വോട്ടാകട്ടെ, 320ല്‍ നിന്ന് 326 ആയി വര്‍ദ്ധിക്കുകയും ചെയ്തു. 183 വോട്ടിന്റെ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ ഇടതുപക്ഷ വോട്ട് നില പരിശോധിച്ചാലും വോട്ട് മറിച്ചു ചെയ്തു എന്ന് പറയുന്നത് അര്‍ത്ഥ ശൂന്യമായിരിക്കും. തില്ലങ്കേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും സമാന സ്ഥിതി തന്നെയാണുള്ളത്. ജോസഫ് ഗ്രൂപ്പിന് സീറ്റ് നല്‍കിയത് കോണ്‍ഗ്രസ്സ് അണികള്‍ക്ക് തന്നെ ദഹിച്ചിരുന്നില്ല. ഇതും പ്രവര്‍ത്തന രംഗത്ത് പ്രകടമായിരുന്നു. ബിജെപിയും ഈ തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ബിജെപി ജയിച്ച വാര്‍ഡുകളില്‍ അടക്കം പോളിംഗ് ഏജന്റുമാരെ പോലും നിശ്ചയിക്കാന്‍ അവര്‍ സന്നദ്ധമായിരുന്നില്ല.

യു.ഡി.എഫിന് 4,862 വോട്ട് കുറഞ്ഞ ഈ ഉപതിരഞ്ഞെടുപ്പില്‍ ആ വോട്ടുകളൊക്കെ എങ്ങോട്ട് പോയി എന്നതിനാണ് യഥാര്‍ത്ഥത്തില്‍ മുല്ലപ്പള്ളി മറുപടി പറയേണ്ടത്. യു.ഡി.എഫിന് ‘ആയുധം’ നല്‍കാനുള്ള തിരക്കില്‍ കുത്തക മാധ്യമം മറന്നു പോയതും ഈ കണക്കുകളാണ്. ബി.ജെ.പിക്കും യു.ഡി.എഫിനും വോട്ടുകള്‍ കുറഞ്ഞെങ്കില്‍, അത് അവരുടെ കഴിവ് കേട് കൊണ്ടു മാത്രമാണ്. സ്വന്തം വോട്ടുകള്‍ പോലും പെട്ടിയില്‍ വീഴ്ത്താന്‍ കഴിയാത്തവര്‍ ആരോപണങ്ങളിലൂടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കരുത്. അത് ഈ പ്രബുദ്ധ കേരളത്തില്‍ ഒരിക്കലും വിലപ്പോവുകയില്ല. മറ്റ് എന്ത് ആരോപണം വിശ്വസിച്ചാലും സി.പി.എം – ബി.ജെ.പി ധാരണ എന്നു പറഞ്ഞാല്‍, സാക്ഷാല്‍ രാഹുല്‍ ഗാന്ധി പോലും വിശ്വസിച്ചെന്ന് വരില്ല.

രാജ്യത്ത്, കാവി രാഷ്ട്രീയത്തിന്റെ പ്രധാന ശത്രുക്കള്‍ കമ്മ്യൂണിസ്റ്റുകളാണ്. പ്രത്യയ ശാസ്ത്രപരമായ പകയാണത്. രാജ്യത്ത് തന്നെ ഏറ്റവും അധികം സംഘപരിവാര്‍ പ്രവര്‍ത്തകരും കമ്യൂണിസ്റ്റുകളും കൊല്ലപ്പെട്ടതും ഈ കണ്ണൂര്‍ ജില്ലയിലാണ്. ഇരു വിഭാഗവും തമ്മിലുള്ള പകയുടെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണിത്. ഇതെല്ലാം മാധ്യമങ്ങളും കോണ്‍ഗ്രസ്സും മറന്നാലും കേരള ജനത മറക്കുകയില്ല. നരേന്ദ്ര മോദി ഭരണകൂടം സകല കേന്ദ്ര മന്ത്രിമാരെയും ബി.ജെ.പി മുഖ്യമന്ത്രിമാരെയും അണിനിരത്തി മാര്‍ച്ച് സംഘടിപ്പിച്ചതും ഇടതുപക്ഷ കേരളത്തില്‍ മാത്രമാണ്.

കണ്ണൂരില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ആ മാര്‍ച്ച് നയിച്ചത് അമിത് ഷായാണ്. മുഖ്യമന്ത്രി പിണറായിയുടെ തലക്ക് ഇനാം പ്രഖ്യാപിച്ചതും പ്രമുഖനായ ഒരു ആര്‍.എസ്.എസ് നേതാവാണ്. മുഖ്യമന്ത്രിക്ക് കേരളത്തിന് പുറത്ത് വിലക്ക് ഏര്‍പ്പെടുത്തിയതും ഈ സംഘപരിവാര്‍ സംഘടനകളാണ്. ഇങ്ങനെയൊക്കെയാണ് ചുവപ്പിനോടുള്ള ‘സ്‌നേഹം’ കാവിപ്പട പ്രകടിപ്പിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കേരളം മറന്നു പോയെന്നാണ് മുല്ലപ്പള്ളി കരുതുന്നതെങ്കില്‍ സഹതപിക്കുക മാത്രമേ നിവൃത്തിയൊള്ളൂ.

ചുവപ്പല്ല ഖദറാണ് രാജ്യത്ത് കാവിയണിയുന്നത്.കര്‍ണ്ണാടക, ഗോവ, രാജസ്ഥാന്‍ തുടങ്ങി ഒടുവില്‍ പുതുച്ചേരിയില്‍ വരെ അത് ദൃശ്യവുമാണ്. മുന്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടിയും കെ.പി.സി.സി അംഗം ജി.രാമന്‍ നായരും ബി.ജെ.പിയില്‍ ചേക്കേറിയത് കേരളത്തില്‍ നിന്നാണ്. മറ്റു പല നേതാക്കളും ‘കൂട്’ മാറാന്‍ റെഡിയായി നില്‍ക്കുകയുമാണ്. ആദ്യം, സ്വന്തം നേതാക്കളെ പിന്തിരിപ്പിക്കാനാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും ശ്രമിക്കേണ്ടത്. അതല്ലാതെ മലര്‍ന്ന് കിടന്ന് തുപ്പരുത്. അങ്ങനെ തുടര്‍ന്നാല്‍, നിങ്ങള്‍ തന്നെയാണ് കൂടുതല്‍ നാറുക. അക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.

 

Top