സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്; കോടിയേരിയുടെ മടക്കം തീരുമാനിച്ചേക്കും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്റെ മടങ്ങി വരവ് ചര്‍ച്ചയായേക്കും. എന്നാല്‍ ഇതിനോട് പാര്‍ട്ടിയും കോടിയേരിയും ഇതുവരെയും കാര്യമായി പ്രതികരിച്ചിട്ടില്ല.

കോടിയേരിയുടെ മടങ്ങിവരവില്‍ ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ണായക തീരുമാനം കൈകൊള്ളുമെന്നാണ് പ്രതീക്ഷ. മടങ്ങിവരുമെന്ന സൂചന നേതാക്കള്‍ നല്‍കുമ്പോഴും തീരുമാനം വൈകുകയാണ്. പിബി യോഗത്തിന് ശേഷം ചേരുന്ന സെക്രട്ടറിയേറ്റില്‍ പിബിയിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും.

അതേസമയം മടങ്ങിവരവ് സംബന്ധിച്ച ചോദ്യം ഇന്നലെ വീണ്ടുമുയര്‍ന്നപ്പോഴും ഒഴിഞ്ഞു മാറുന്ന മറുപടിയാണ് കോടിയേരിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തീരുമാനം എടുക്കുമ്പോള്‍ ഏവരെയും അറിയിക്കുമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള കോടിയേരിയുടെ മറുപടി.

ഇന്ധന വിലവര്‍ദ്ധനവില്‍ കൂടുതല്‍ നികുതി ഇളവ് ആവശ്യപ്പെട്ട് സിപിഐഎം തീരുമാനിച്ച കേന്ദ്ര വിരുദ്ധ സമരവും ഒപ്പം സംസ്ഥാനത്തെ വികസന പദ്ധതികള്‍ കേന്ദ്രം തടസപ്പെടുത്തുന്നത് ഉയര്‍ത്തി എല്‍ഡിഎഫ് തീരുമാനിച്ച പ്രതിഷേധവും മുന്നില്‍ നില്‍ക്കെ കൂടുതല്‍ കേന്ദ്ര വിരുദ്ധ സമരത്തിലേക്കും സിപിഐഎം കടക്കുകയാണ്. സിഎജി കിഫ്ബി വിവാദവും യോഗത്തില്‍ ഉയര്‍ന്നേക്കും.

Top