പ്രധാനമന്ത്രി പദ ഓഫർ പോലും നിരസിച്ച് ലോകത്തെ വിസ്മയിപ്പിച്ച രാഷ്ട്രീയ പാർട്ടി !

ധികാരകൊതി ….. വല്ലാത്ത ഒരു കൊതി തന്നെയാണത്. പഞ്ചായത്ത് ഭരണം മുതൽ,രാജ്യഭരണം വരെ നീളുന്ന ആഗ്രഹമാണത്. വി.പി സിംഗും ചന്ദ്രശേഖറും, ദേവഗൗഡയും ഐ.കെ ഗുജറാളുമെല്ലാം ഈ രാജ്യം ഭരിച്ചത് അവർ പ്രതിനിധാനം ചെയ്തിരുന്ന രാഷ്ട്രീയ പാർട്ടിയുടെ കരുത്ത് കൊണ്ടല്ല പിന്തുണച്ച സഖ്യകക്ഷികളുടെ കരുത്ത് കൊണ്ടു മാത്രമാണ്. ഈ സാധ്യതയിൽ തന്നെയാണ് ഇപ്പോഴും പല പ്രാദേശിക പാർട്ടി നേതാക്കളുടെയും പ്രതീക്ഷ. ശരദ് പവാർ മുതൽ ഡൽഹി ബംഗാൾ തമിഴ്നാട് തെലങ്കാന മുഖ്യമന്ത്രിമാർവരെ നിലവിൽ പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നവരാണ്. അവസരം ലഭിച്ചാൽ ഇവരാരും തന്നെ ഇത്തരമൊരു ഓഫർ പാഴാക്കുകയുമില്ല. എൻ.ഡി.എയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം കിട്ടിയില്ലങ്കിൽ കോൺഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ സർക്കാർ ഉണ്ടാക്കാം എന്നതാണ് മനസ്സിലിരിപ്പ്. അവരുടെ ആ സ്വപ്നം നടന്നാലും ഇല്ലങ്കിലും അധികാരത്തോടുള്ള ഈ ആർത്തി ചർച്ചചെയ്യപ്പെടുക തന്നെ വേണം.

ഇവിടെയാണ് സി.പി.എമ്മിന്റെ നിലപാട് പ്രസക്തമാകുന്നത്.1996-ൽ പ്രധാനമന്ത്രി പദം വച്ചു നീട്ടിയിട്ടും അതു വേണ്ടന്നു തുറന്നടിച്ച രാഷ്ട്രീയ പാർട്ടിയാണത്. ഇങ്ങനെ ലോക രാഷ്ട്രീയത്തിൽ തുറന്നു പറയാൻ ഒരു പക്ഷേ… ആ പാർട്ടിക്കു മാത്രമേ കഴിയുകയൊള്ളൂ. പിൽക്കാലത്ത് “ചരിത്രപരമായ മണ്ടത്തരമെന്ന് ” ഈ തീരുമാനം വിമർശിക്കപ്പെട്ടുവെങ്കിലും പ്രധാനമന്ത്രി പദം വേണ്ടന്നു വയ്ക്കാൻ സി.പി.എം എടുത്ത തീരുമാനം ഇന്നും രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.

കോൺഗ്രസിനും ബി.ജെ.പിക്കും സാധിച്ചതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തെ മൊത്തത്തിൽ അഭിമുഖീകരിക്കാനുള്ള സാധ്യതകളെയാണ് അന്ന് ആ തീരുമാനത്തിലൂടെ സി.പി.എം ഇല്ലാതാക്കിയിരിക്കുന്നത്. ജ്യോതിബസുവിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തപ്പോൾ അത് സി.പി.എം നിരസിക്കുമെന്ന് രാഷ്ട്രീയ ശത്രുക്കൾ പോലും കരുതിയിരുന്നില്ല.”ഒരു ദിവസത്തേക്കെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി” എന്ന… അണികളുടെ ആഗ്രഹവും അതോടെ അസ്ഥാനത്താവുകയാണ് ഉണ്ടായത്. കൂട്ടുകക്ഷി സർക്കാരിന്റെ ഭാഗമാകുമ്പോൾ പാർട്ടിയുടെ സീറ്റുകളുടെ എണ്ണം കുറവായതിനാൽ പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കുമോയെന്ന ആശങ്കയാണ് പ്രധാനമന്ത്രി പദം നിരസിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരുന്നത്. അഥവാ ജ്യോതി ബസു പ്രധാനമന്ത്രിയായിരുന്നു എങ്കിൽ സോവിയറ്റ് യൂണിയന്റെ പതനശേഷം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെന്നത് ലോകത്തിനു മുന്നിൽ തന്നെ വലിയ രൂപത്തിൽ എടുത്തുകാട്ടപ്പെടുമായിരുന്നു.


ജോതിഭസുവിന് പ്രധാനമന്ത്രി പദ ഓഫര്‍ വരുമ്പോള്‍ സി.പി.എമ്മിനു മാത്രമായി പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത് 32 പേരായിരുന്നു. ഭൂരിപക്ഷത്തിനും സര്‍ക്കാരുണ്ടാക്കാനും 272 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കിയാല്‍ ഈ 32 പേരെ വെച്ചുകൊണ്ട് പ്രകടനപത്രികയില്‍ ജനത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാവില്ലന്നാണ് സി.പി.എം ചൂണ്ടിക്കാട്ടിയിരുന്നത്.
സി.പി.എമ്മിനു മുന്നിലുണ്ടായിരുന്ന മറ്റൊരു പ്രശ്നം അവര്‍ ഉള്‍പ്പെടുന്ന സഖ്യത്തിലെ മറ്റു 240 പേരുടെ അജണ്ടകളെയും എതിര്‍ക്കേണ്ടി വരും എന്നതായിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ സി.പി.എം പ്രധാനമന്ത്രി പദം നിരസിച്ചിരുന്നത്. പാര്‍ട്ടി നിലപാടുകളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കാനുള്ളതല്ലന്ന് വിശ്വസിക്കുന്ന പാര്‍ട്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണിത്. മറ്റു പാര്‍ട്ടികളെ സംബന്ധിച്ച് ചിന്തിക്കാന്‍ പറ്റാത്തത് എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.ഇനി അങ്ങനെയൊരു അവസരം വന്നാലും സര്‍ക്കാരിന്റെ നയത്തെ എത്രത്തോളം സ്വാധീനിക്കാനാവും എന്നതു കണക്കിലെടുത്തു മാത്രമേ സി.പി.എം തീരുമാനമെടുക്കൂ എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരിക്കുന്നത്.

1996- ൽ വാജ്‌പേയ് സർക്കാർ ഭൂരിപക്ഷം തെളിയിക്കാനാകാതെ പുറത്തുപോയതിന് പിന്നാലെ പ്രാദേശിക പാർട്ടികൾ ചേർന്ന് രൂപീകരിച്ച സഖ്യത്തിന്റെ ഭാഗമാകുന്നതിന് വേണ്ടിയായിരുന്നു, ജോതി ഭസുവിന് പ്രധാനമന്ത്രി പദ വാഗ്ദാനമുണ്ടായിരുന്നത്. അന്ന് ബംഗാൾ മുഖ്യമന്ത്രിയും സി.പി.എമ്മിൻ്റെ ദേശീയ മുഖവുമായിരുന്നു ജ്യോതി ബസു. ഇതുപോലൊരു ഓഫർ മറ്റേത് പാർട്ടിക്ക് വന്നാലും അത് അപ്പോൾ തന്നെ സ്വീകരിക്കപ്പെടുമായിരുന്നു. സി.പി.എമ്മിനെ മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമാക്കുന്നതും ഇത്തരം നിലപാടുകൾ തന്നെയാണ്.പ്രധാനമന്ത്രി കസേരക്കു പിന്നാലെ ഓടുന്ന മുഖ്യമന്ത്രിമാർ ഈ ചരിത്രവും ഓർക്കുന്നത് നല്ലതാണ്.

EXPRESS KERALA VIEW

Top