പാലായില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം, ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി

കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ പദവിയില്‍ കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പിന് മുന്നില്‍ കീഴടങ്ങി സിപിഎം. സിപിഎം ജില്ലാ നേതൃത്വം മുന്നോട്ടുവെച്ച ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി. ജോസിന്‍ ബിനോ പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാകും.

സിപിഎം ഏരിയാ കമ്മിറ്റി യോഗമാണ് കേരള കോണ്‍ഗ്രസിന്റെ തെിര്‍പ്പ് കണത്തിലെടുക്ക് ബിനുവിന് പകരം ജോസിന്‍ ബിനോയെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. രണ്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രയായാണ് ജോസിന്‍ വിജയിച്ചത്. ബിനു ഒഴികെ ആര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നാലും പിന്തുണയ്ക്കാമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ നിലപാട്.

പാലാ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തിയായിരുന്നു ബിനു പുളിക്കകണ്ടം. നേതൃത്വത്തിന്റെ തീരുമാനത്തില്‍ സിപിഎം പ്രാദേശിക നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാല നഗരസഭയില്‍ നടന്ന കൂട്ടത്തല്ലില്‍, കേരള കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിന് ബിനുവിനെതിരെ കേസുണ്ട്.

കൂടാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു പുളിക്കക്കണ്ടം പ്രവര്‍ത്തിച്ചു എന്നും കേരള കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം നാ​ഗരസഭ ചെയർമാനായിരുന്ന ആന്റോ ജോസ് നേരത്തെ രാജിവെച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ ചെയർമാനെ കണ്ടെത്തേണ്ടി വന്നത്.

Top