ന്യൂഡല്‍ഹി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാനത്തിന്റെ അപ്രതീക്ഷിത വിയോഗം ഇടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ജീവിതകാലം മുഴുവന്‍ കമ്മ്യൂണിസ്റ്റായി ജീവിച്ചു.
ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു കാനം രാജേന്ദ്രന്‍. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.