ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങ്; സിപിഎം ഫണ്ട് ശേഖരണം നാളെ മുതല്‍

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നാളെ മുതല്‍ 18 വരെ ഫണ്ട് ശേഖരണം നടത്താന്‍ തീരുമാനിച്ച് സിപിഎം. കേരളം നേരിട്ട ദുരിതത്തില്‍ നിന്ന് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാനുള്ള പ്രവര്‍ത്തനത്തിന് എല്ലാവരും സഹായിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കരുതെന്ന് ആര്‍എസ്എസും ബിജെപിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരണം നടത്തുകയാണ്. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ പക്ഷപാതത്തോടുകൂടിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരും പ്രതീക്ഷിക്കുന്നതല്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ പ്രബുദ്ധ കേരളം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ആഗസ്റ്റ് 13 മുതല്‍ 18 വരെ ഫണ്ട് ശേഖരണം നടത്തുകയാണ്. എല്ലാ മനുഷ്യസ്‌നേഹികളും ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സഹകരിക്കണം.

സംസ്ഥാനം ശക്തമായ പ്രളയക്കെടുതിയില്‍ വീണ്ടും അകപ്പെട്ടിരിക്കുകയാണ്. നിരവധി മനുഷ്യജീവനും സ്വത്തുകളും നഷ്ടപ്പെട്ടുകഴിഞ്ഞു. ജീവനോപാധികള്‍ ഇല്ലാതായിത്തീര്‍ന്നവരുടെ എണ്ണവും ഏറെയാണ്. ഈ സാഹചര്യത്തില്‍ ഇവരെ സഹായിക്കാന്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും, വര്‍ഗ്ഗബഹുജനസംഘടനാ അംഗങ്ങളും രംഗത്തിറങ്ങണം.

കനത്ത മഴയും മണ്ണിടിച്ചിലും അനവധി മനുഷ്യജീവനുകള്‍ അപഹരിച്ചുകഴിഞ്ഞു. 1624 ക്യാമ്പുകളിലായി 84,216 കുടുംബങ്ങള്‍ താമസിക്കുകയാണ്. മൊത്തം 2,86,714 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. 286 വീടുകള്‍ പൂര്‍ണ്ണമായും, 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 76 പേരാണ് ഇതുവരെ ഈ ദുരന്തത്തില്‍ മരണപ്പെട്ടത്. 58 പേരെ കാണാനുമില്ല.
ഈ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ എത്തപ്പെട്ട ജനങ്ങളെ സഹായിക്കാനും നാശനഷ്ടം നേരിട്ടവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുമുള്ള സാഹചര്യം ഒരുക്കേണ്ടത് നാടിനെ സ്നേഹിക്കുന്ന ഏവരുടെയും കടമയാണ്. അതുള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കാനാവണം.

കേരളം നേരിട്ട ഈ ദുരിതത്തില്‍ നിന്ന് നാടിനെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കാനുള്ള പ്രവര്‍ത്തനം സിപിഐ എം സംഘടിപ്പിക്കുകയാണ്. ഈ സംരംഭം വിജയിപ്പിക്കാന്‍ കേരളം ഒറ്റമനസ്സോടെ സന്നദ്ധമാകണം.

അതോടൊപ്പം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടണം.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രളയബാധിത മേഖലകള്‍ മാത്രമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. പ്രളയം ഏറ്റവും തീവ്രമായി ബാധിച്ച കേരളത്തെ ബോധപൂര്‍വ്വം ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കരുതെന്ന് ആര്‍ എസ് എസും ബി ജെ പിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരണം നടത്തുകയാണ്. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയ പക്ഷപാതത്തോടുകൂടിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരും പ്രതീക്ഷിക്കുന്നതല്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ പ്രബുദ്ധ കേരളം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണം.

Top