ശബരിമല വിഷയമാണ് ഈ തോൽവിക്ക് കാരണമെന്ന് തുറന്ന് പറയുക തന്നെ വേണം

ന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ . . എന്ന രൂപത്തിലുള്ള നിലപാട് സി.പി.എം ഒരിക്കലും സ്വീകരിക്കരുത്. ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ അടിയന്തര നടപടിയാണ് ഉടന്‍ വേണ്ടത്. പാര്‍ട്ടി കമ്മറ്റികള്‍ ചേര്‍ന്ന് പരസ്പരം ചര്‍ച്ച ചെയ്തതു കൊണ്ടു മാത്രം കാര്യമില്ല. എത്രയും പെട്ടന്ന് നിലപാട് ജനങ്ങളോട് തുറന്ന് പറയണം. ശബരിമല വിഷയം ചതിച്ചെങ്കില്‍ അത് വളച്ച് കെട്ടി പറയാതെ നേരിട്ട് പറയണം.

ഇവിടെ ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റ് ഏറ്റു പറഞ്ഞത് കൊണ്ട് ആരുടെയും അഭിമാനം താഴെ പോകില്ല. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിധരിപ്പിക്കുന്നതില്‍ വലതുപക്ഷം വിജയിച്ചു എന്നു പറഞ്ഞത് തന്നെ തെറ്റാണ്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന സര്‍ക്കാരാണ്.ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് പല കാരണങ്ങളുണ്ടാകാം എന്നാല്‍ ഏറ്റവും ശക്തമായത് ശബരിമല തന്നെയാണ്. അക്കാര്യം തുറന്ന് സമ്മതിച്ചേ പറ്റൂ.ഇടതുപക്ഷത്തിന് എക്കാലത്തും വോട്ട് ചെയ്ത വിഭാഗം എപ്പോഴും അത് ആവര്‍ത്തിക്കുമെന്ന് കരുതിയതാണ് പിഴച്ചത്.

കമ്യൂണിസ്റ്റുകള്‍ക്ക് അവരുടെ പ്രത്യേയ ശാസ്ത്രം എത്രമാത്രം പ്രിയപ്പെട്ടതാണോ അതുപോലെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസവും പ്രധാനപ്പെട്ടതാണ്. ഇവിടെ ചെങ്കൊടിക്ക് വോട്ട് ചെയ്യുന്നവരില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവര്‍ അരിവാളിന് പകരം കൈപ്പത്തി ഓപ്ഷനാക്കിയെങ്കില്‍ അതു നിവൃത്തികേട് കൊണ്ട് മാത്രമല്ല, പ്രതിഷേധം കൊണ്ടു കൂടിയാണ്.

രഹന ഫാത്തിമക്കും ബിന്ദുവിനും കനക ദുര്‍ഗ്ഗക്കുമെല്ലാം മല കയറാന്‍ പൊലീസ് അകമ്പടി നല്‍കിയത് വിശ്വാസികളെ വല്ലാതെ നോവിച്ചിട്ടുണ്ട്. ഒരു വാശി പോലെയാണ് ശബരിമല വിഷയത്തെ സര്‍ക്കാര്‍ കണ്ടത്. സി.പി.എം നേതാക്കളുടെ പ്രതികരണങ്ങളും പ്രകോപനപരമായിരുന്നു. മറ്റു മത വിഭാഗങ്ങളോട് ഒരു നീതി ഹിന്ദു വിഭാഗത്തോട് മറ്റൊരു നീതി എന്ന തോന്നല്‍ വിശ്വാസികളില്‍ ഉണ്ടാക്കി.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനാണ് ശ്രമിച്ചതെന്ന വാദം പോലും പൊളിഞ്ഞു. എറണാകുളത്തെ ഒരു ക്രിസ്ത്യന്‍ പള്ളിയിലെ തര്‍ക്കത്തില്‍ കോടതി വിധി ഉണ്ടായിട്ടും സര്‍ക്കാര്‍ എടുത്ത നിലപാട് പക്ഷപാതപരമായിരുന്നു. കമ്യൂണിസ്റ്റുകാരായ ഭരണാധികാരികള്‍ വിശ്വസികളാകണ്ട, പക്ഷേ നിലപാടുകളില്‍ നിഷ്പക്ഷത വേണം.

കേരളത്തില്‍ ഹൈന്ദവ പാര്‍ട്ടിയായ ബി.ജെ.പിയില്‍ ചേരാതെ സി.പി.എമ്മിനൊപ്പം ഭൂരിപക്ഷ സമുദായം ഉറച്ച് നില്‍ക്കുന്നത് കമ്യൂണിസ്റ്റുകള്‍ നാട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ്. ആ പ്രത്യേയ ശാസ്ത്രത്തില്‍ വിശ്വാസം ഉള്ളത് കൊണ്ടുമാണ്. അതിനെ ഒരു അഹങ്കാരമായി ചെങ്കൊടി കാണരുത്. മതവും ജാതിയും ഒന്നുമില്ലാത്ത ഒരു ലോകം കമ്യൂണിസ്റ്റുകള്‍ക്ക് സ്വപ്നം കാണാം. പക്ഷേ വിശ്വാസികള്‍ക്ക് അതു പറ്റില്ല. അവരുടെ പിന്തുണയില്ലാതെ ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ണ്ണമാകുകയുമില്ല.

ശബരിമല വിഷയം ബി.ജെ.പിക്ക് ഉണ്ടാക്കി കൊടുത്തത് വലിയ വോട്ട് വര്‍ദ്ധനവാണ്. അതിനെ ഗൗരവമായി തന്നെ സി.പി.എം കാണണം. കേവലം സീറ്റുകള്‍ കിട്ടിയില്ലന്ന് കരുതി ബി.ജെ.പിയെ നിസാരമായി കാണരുത്. ഇനി നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ശരിക്കും ഒരു അഗ്‌നി പരീക്ഷണമാണ്. ഇവിടെയും അടി പതറിയാല്‍ വലിയ പ്രത്യാഘാതമാണ് കാത്തിരിക്കുന്നത്.

തിരുവനന്തപുരത്തിന് പുറമെ ആറ്റിങ്ങല്‍ പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ രണ്ടു ലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞത് നിസാരമല്ല.യു.ഡി.എഫിലെ മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കും കിട്ടിയ ലക്ഷം വോട്ടിന് മുകളിലെ ഭൂരിപക്ഷവും ഞെട്ടിക്കുന്നതാണ്. ന്യൂനപക്ഷം മാത്രം വോട്ട് ചെയ്താല്‍ ഈ വിജയം അവര്‍ക്ക് സാധ്യമാകില്ല.

യു.ഡി.എഫിന്റെ എട്ടു സ്ഥാനാര്‍ത്ഥികള്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടാണ് നേടിയത്. ഇടതുപക്ഷത്തെ 9 പേര്‍ ശരാശരിയായ 35 ശതമാനം പോലും തൊട്ടില്ല. 40 ശതമാനത്തിലേറെ വോട്ട് നേടിയത് വെറും മൂന്ന് പേര്‍ മാത്രമാണ്. 45 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നത് ഇപ്പോള്‍ 35 ശതമാനമായി കുത്തനെ കുറഞ്ഞു. പരമ്പരാഗത വോട്ടുകളാണ് ഇവിടെ ചോര്‍ന്നിരിക്കുന്നത്.

സ്ത്രീ പുരുഷ സമത്വം നല്ല മുദ്രാവാക്യമാണ്. പക്ഷ അത് എല്ലാ കാര്യത്തിലും നടപ്പാക്കണമെന്ന് വാശി പിടിക്കരുത്. ശബരിമല ഒരു പിഴവ് തന്നെയാണ്.അമിതമായ പ്രീണനം ഒരു വിഭാഗത്തോടും ഇടതുപക്ഷം ഇനി കാണിക്കരുത്. ഇത്രയും ശക്തമായി ഒപ്പം നിന്നിട്ടും ന്യൂനപക്ഷം കൈവിട്ടെങ്കില്‍ തിരുത്തുക തന്നെ വേണം. അമേഠി പുറം തള്ളിയ രാഹുലിനെ രക്ഷകനായി കേരളത്തിലെ ന്യൂനപക്ഷം കണ്ടെങ്കില്‍ അത് വലിയ അബദ്ധമാണ്.

കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ബി.ജെ.പി തൂത്തുവാരിയിരിക്കുന്നത്. കോണ്‍ഗ്രസ്സാണ് മോദിക്ക് രണ്ടാം ഊഴം ഉറപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ സഖ്യം തകര്‍ന്നത് അതിന് ഉദാഹരണമാണ്. എന്നിട്ടും കേരളത്തിലെ ഒരു വിഭാഗം ന്യൂനപക്ഷക്കാര്‍ക്ക് കാര്യം പിടികിട്ടിയില്ലങ്കില്‍ അത് ഇടതുപക്ഷത്തിന്റെ കൂടി തകരാറ് കൊണ്ടാണ്. ബോധ്യപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയായി അതിനെ വിലയിരുത്തണം. ഇടതുപക്ഷം നല്‍കുന്ന അഭയത്തിനും അപ്പുറം ഒരു സുരക്ഷിതത്വം മറ്റൊരു ഭരണത്തിലും ന്യൂനപക്ഷത്തിന് കിട്ടില്ല. ഇക്കാര്യം വിസ്മരിച്ചവര്‍ അനുഭവത്തിലാണ് ഇനി പാഠം പഠിക്കുക.മനുഷ്യനെ മനുഷ്യനായി കണ്ട് വേണം കമ്യൂണിസ്റ്റുകള്‍ മുന്നോട്ട് പോകാന്‍. അവിടെ ഒരു പ്രീണനത്തിന്റെയും ആവശ്യംതന്നെയില്ല.


Political Reporter

Top