cpim disciplinary action against sakkir hussain

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണവിധേയനായ സക്കീര്‍ ഹുസൈനെ സിപിഐഎം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ മോഹനനായിരിക്കും സക്കീര്‍ ഹുസൈനു പകരം കളമശേരി ഏരിയാ സെക്രട്ടറിയുടെ ചുമതലയെന്നും യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.

ആരോപണങ്ങളെ സംബന്ധിച്ച് പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്നും രാജീവ് അറിയിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് സക്കീര്‍ ഹുസൈനെതിരായ തീരുമാനം ഉണ്ടായത്.

ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കും. പോലീസ് അന്വേഷണം നടക്കുന്നതിനാലാണ് നടപടി എടുത്തതെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ ഒളിവില്‍ പോയിരുന്നു. ഇയാളുടെ ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയാനിരിക്കെയാണ് പാര്‍ട്ടി നടപടി. സക്കീര്‍ ഹുസൈന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

Top