വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടുത്താന്‍ സിപിഎം തീരുമാനം

cpim

തിരുവനന്തപുരം : വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടേയും പിന്തുണ തേടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും, ഒരു മത വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നതു നാടിനെ വിഭജിക്കാനെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലില്‍ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. വനിതാമതിലിന് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

എന്നാല്‍ വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും അറിയിച്ചിരുന്നു. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വനിതാ മതിലിന് സര്‍ക്കാര്‍ സഹായമുണ്ടാകില്ലെന്നും സംഘാടനത്തിനുളള ചെലവ് ബന്ധപ്പെട്ട സംഘടനകള്‍ തന്നെ വഹിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കി.

Top