കെ.എസ്.യു വനിതാ മന്ത്രിക്കെതിരെ തുടർച്ചയായി അതിക്രമം നടത്തുന്നു ; സി.പി.ഐ.എം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. ആർ. ബിന്ദുവിനെതിരെയുള്ള കെ.എസ്.യു പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം രം​ഗത്ത്.മന്ത്രി മാധ്യമങ്ങളെ കാണുന്നത് നുഴഞ്ഞു കയറി അലങ്കോലപെടുത്താൻ കെ.എസ്.യു ശ്രമിച്ചുവെന്നും വനിതാ മന്ത്രിക്കെതിരെ തുടർച്ചയായി അതിക്രമം നടത്തുന്നുവെന്നുമാണ് സിപിഐഎം ആരോപിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി സെക്രട്ടറിയേറ്റ് അനക്‌സിലെ തന്റെ ഓഫീസിന്‌ സമീപം പത്രക്കാരോട്‌ സംസാരിക്കുമ്പോഴാണ്‌ കൈയ്യേറ്റ ശ്രമം ഉണ്ടായത്‌. ചില കെ.എസ്‌.യു പ്രവര്‍ത്തകരാണ്‌ പത്രക്കാര്‍ക്കിടയിലൂടെ നുഴഞ്ഞുകയറി അത്‌ അലങ്കോലപ്പെടുത്തുന്നതിന്‌ ശ്രമിച്ചത്‌. കേരള വര്‍മ്മ കോളേജ്‌ ഇലക്ഷനുമായി ബന്ധപ്പെട്ട്‌ തെറ്റായ രീതിയില്‍ മന്ത്രിക്കെതിര നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങളെക്കുറിച്ചായിരുന്നു മന്ത്രി സംസാരിച്ചിരുന്നത്‌.

പത്രക്കാരുടെ അഭ്യര്‍ത്ഥന കൂടി മാനിച്ചാണ്‌ ഇത്തരമൊരു സംസാരം മന്ത്രി നടത്തിയത്‌. ഈ ഘട്ടത്തിലാണ്‌ കെ.എസ്‌.യു പ്രവര്‍ത്തകര്‍ പത്രക്കാരോടുള്ള മന്ത്രിയുടെ സംസാരം അലങ്കോലപ്പെടുത്തുന്നതിനും, മന്ത്രിക്കടുത്തേക്ക്‌ ഓടിയടുക്കാനും ശ്രമിച്ചത്‌. നേരത്തെ പല ഘട്ടങ്ങളിലും ഇത്തരം ഇടപെടലുകളും കെ.എസ്‌.യു പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്‌. ഒരു വനിത മന്ത്രിക്ക്‌ നേരെയാണ്‌ തുടര്‍ച്ചയായി ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്‌ എന്നത്‌ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്‌. എന്നാല്‍ പത്രക്കാരോടുള്ള സംസാരം പോലും തടസ്സപ്പെടുത്താനും, അവിടെ അക്രമം സംഘടിപ്പിക്കാനുമാണ്‌ കെ.എസ്‌.യു ശ്രമിച്ചത്‌. കഴിഞ്ഞ കുറച്ച്‌ ദിവസമായി തലസ്ഥാനത്തുള്‍പ്പെടെ അക്രമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കെ.എസ്‌.യു ശ്രമിക്കുകയാണ്‌. എല്ലാവിധ ജനാധിപത്യ മര്യാദകളേയും കാറ്റില്‍ പറത്തിക്കൊണ്ട്‌ കെ.എസ്‌.യു നടത്തിക്കൊണ്ടിരിക്കുന്ന ഈ അക്രമ പ്രവര്‍ത്തനത്തെ അപലപിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിക്കുന്നു.

Top