മലപ്പുറത്ത് സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം എടക്കര മുത്തേടത്ത് സിപിഐഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു പരുക്കേറ്റു. ഡിവൈഎഫ്‌ഐ മുത്തേടം മേഖലാ സെക്രട്ടറി ക്രിസ്റ്റി ജോണിനെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരുക്കേറ്റു. കത്തി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ടാണ് ആക്രമിച്ചതെന്ന് സിപിഐഎം ആരോപിച്ചു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് പ്രദേശത്ത് അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ക്രിസ്റ്റിയെ ആക്രമിച്ചതെന്ന് സിപിഐഎം ആരോപിച്ചു. എടക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ക്രിസ്റ്റിയുടെ നെറ്റിയുടെ ഭാഗത്തായി കത്തികൊണ്ടുള്ള ഒരു മുറിവുണ്ട് എന്നാണ് ആരോപണം. സംഭവത്തില്‍ പരുക്കേറ്റ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുകയാണ്.

 

Top