ചെങ്കൊടിയേന്തി മത തീവ്രവാദികളോ . . .? പരിശോധിക്കാനൊരുങ്ങി സി.പി.എം . . . !

കൊച്ചി: മത തീവ്രവാദികള്‍ പാര്‍ട്ടിക്കുള്ളില്‍ കയറിക്കൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാനൊരുങ്ങി സി.പി.എം.

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംശയത്തിലാണ് തീരുമാനം.

പാര്‍ട്ടിയുടെ സൈബര്‍ പോരാളികളായി വന്നവര്‍ക്ക് മത തീവ്രവാദ പ്രസ്ഥാനവുമായി ബന്ധമുണ്ടോ എന്ന സംശയം ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു.

പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും അവരുമായിട്ടുള്ള ബന്ധം പുറത്തുകാട്ടും വിധമുള്ള ഫോട്ടോകളും ഫേസ് ബുക്കിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇവരുടെ രീതിയാണത്രേ.

ചെങ്കൊടിയേന്തി, കമ്യൂണിസ്‌റ്റെന്ന് സ്വയം പ്രഖ്യാപിച്ച് പ്രചാരണങ്ങള്‍ നടത്തുന്ന ചിലരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരത്തെ നോട്ടമിട്ടിരുന്നു.

അതിശയിപ്പിക്കുന്ന വേഗത്തിലാണത്രേ ചിലര്‍ പാര്‍ട്ടിക്കുള്ളില്‍ പിടിപാടുള്ള നേതാവായി മാറിയത്. മുസ്ലിം ന്യൂനപക്ഷ കേന്ദ്രങ്ങളിലേക്ക് കടന്നുകയറുക എന്ന പാര്‍ട്ടിയുടെ ലക്ഷ്യം മുതലെടുത്ത് ആ മേഖലയില്‍ പാര്‍ട്ടിയുടെ ആളായി പ്രത്യക്ഷപ്പെടുകയും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവരുണ്ട്.

ഇവരുടെ ഉദ്ദേശശുദ്ധിയാണ് പാര്‍ട്ടിക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

അടിത്തട്ടില്‍ മത തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നവരാണോ ഇവര്‍ എന്നാണ് സംശയം.

ന്യൂനപക്ഷ മേഖലയില്‍ ചെറുപ്പക്കാരെ സംഘടിപ്പിച്ചുകൊണ്ട് പെട്ടെന്ന് ഉയര്‍ന്നുവന്ന ചിലര്‍, പിന്നീട് പാര്‍ട്ടി നേതാക്കള്‍ക്കു വേണ്ടി എന്തും ചെയ്യുന്നവരായി മാറി.

നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും, അടുത്ത സഹായികളായി മാറുകയും ചെയ്യുന്ന ഇവരെക്കുറിച്ച് പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

എസ്.എഫ്.ഐ. നേതാവ് അഭിമന്യു കൊല്ലപ്പെട്ട ദിവസം ഇത്തരം ചില ആളുകളുടെ സാന്നിധ്യം സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസും സംശയം പ്രകടിപ്പിക്കുന്നു.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന മഹാരാജാസ് കോളേജ് വിദ്യാര്‍ഥി, എസ്.എഫ്.ഐ.ക്കാരനാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഇടപെട്ടിരുന്നുവെന്ന സംശയം പൊലീസും പ്രകടിപ്പിച്ചിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍, ചിലര്‍ക്കെതിരേ നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ഇപ്പോള്‍ ബലം വയ്ക്കുകയാണ്.

Top