തൃശൂർ എടുക്കാൻ ആഗ്രഹിച്ചവൻ കണ്ണൂരിൽ ‘തൊട്ടപ്പോൾ’ പൊള്ളി, താരത്തെ ‘പറപ്പിക്കുവാൻ’ സി.പി.എം തയ്യാർ !

തൃശൂരിലെ വെല്ലുവിളിയിലൂടെ ശരിക്കും വെട്ടിലായിരിക്കുകയാണിപ്പോൾ നടൻ സുരേഷ് ഗോപി. തൃശൂരിലല്ല കണ്ണൂർ സീറ്റ് നൽകിയാലും വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന സുരേഷ് ഗോപിയുടെ വെല്ലുവിളി സി.പി.എം ഏറ്റെടുത്തതാണ് താരത്തെ വെട്ടിലാക്കിയിരിക്കുന്നത്. തൃശൂർ സീറ്റ് മോഹിക്കുന്ന സുരേഷ് ഗോപിയെ അദ്ദേഹം തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് കണ്ണൂരിൽ മത്സരിപ്പിക്കാമെന്ന അഭിപ്രായം ബി.ജെ.പിയിലെ ഒരു വിഭാഗവും മുന്നോട്ട് വയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൃശൂരിൽ കോടികളുടെ ചാരിറ്റി പ്രവർത്തനം നടത്തുന്ന സുരേഷ് ഗോപി പറഞ്ഞത് അബദ്ധമായോ എന്ന തോന്നൽ ബി.ജെ.പി പ്രവർത്തകരിലും നിലവിൽ ശക്തമാണ്.

സി.പി.എമ്മിനെ വെല്ലുവിളിച്ചാൽ അവർ സർവ്വശക്തിയും സമാഹരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തൃശൂർ കണ്ണൂർ മണ്ഡലങ്ങളിൽ പോലും ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്നാണ് ബി.ജെ.പി നേതാക്കളും കരുതുന്നത്. നിലവിൽ സി.പി.ഐ മത്സരിക്കുന്ന തൃശൂർ ലോകസഭ മണ്ഡലം വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ സി.പി.എം.ഏറ്റെടുക്കുമോ എന്ന ഭയം കോൺഗ്രസ്സിനുമുണ്ട്. രാഹുൽ എഫക്ടിൽ സംസ്ഥാനത്ത് കഴിഞ്ഞ തവണ നേടിയ വിജയം ഇത്തവണ എന്തായാലും സംഭവിക്കില്ലന്നു തന്നെയാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്. അടുത്ത തവണ താൻ മത്സരിക്കാനില്ലന്ന് മുൻപ് തന്നെ തൃശൂർ സിറ്റിംഗ് എം.പിയായ ടി.എൻ പ്രതാപനും വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂരിലെ സിറ്റിംഗ് എം.പിയായ കെ സുധാകരനും വരുന്ന തിരത്തെടുപ്പിൽ മത്സര രംഗത്തുണ്ടാകുകയില്ല. ഇതും… കോൺഗ്രസ്സ് നേരിടുന്ന വെല്ലുവിളികളാണ്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 20 -ൽ 19 സീറ്റുകൾ നേടിയ യു.ഡി.എഫിന് ഇത്തവണ സീറ്റുകൾ കുറഞ്ഞാൽ അത് യു.ഡി.എഫ് രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. അത്തരമൊരു സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനം വി.ഡി സതീശന് ഒഴിയേണ്ടിവരും കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും സുധാകരനും തെറിക്കും. ലോകസഭ തിരഞ്ഞെടുപ്പിൽ കൂടി തോറ്റാൽ പിന്നെ മുസ്ലീം ലീഗും യു.ഡി.എഫിൽ തുടരാൻ സാധ്യതയില്ല. അത്രയ്ക്കും വലിയ പ്രതിസന്ധിയാണ് യു.ഡി.എഫിനു മുന്നിലുള്ളത്. 20-ൽ പകുതി സീറ്റെങ്കിലും നിലനിർത്താൻ കഴിഞ്ഞാൽ മാത്രമേ യു.ഡി.എഫിനു പിടിച്ചു നിൽക്കാൻ കഴിയുകയൊള്ളു. ഇടതുപക്ഷത്തെ സംബന്ധിച്ച് ഒന്നിൽ കൂടുതൽ എത്ര സീറ്റുകൾ ലഭിച്ചാലും, അത് വലിയ നേട്ടം തന്നെയാകും.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് ഇടതുപക്ഷത്തിനാണ് ഫലത്തിൽ ഗുണം ചെയ്യുക. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതി ഇനി ന്യൂനപക്ഷ വിഭാഗങ്ങളും കണ്ണടച്ച് യു.ഡി.എഫിന് വോട്ട് ചെയ്യുകയില്ല. ഇടതുപക്ഷ പ്രതീക്ഷ വർദ്ധിക്കുന്നതും ഇതേ കാരണത്താൽ തന്നെയാണ്. 17 സീറ്റുകൾ ലക്ഷ്യമിട്ടാണ് ഇത്തവണ ഇടതുപക്ഷം കളത്തിൽ ഇറങ്ങുന്നത്. ബി.ജെ.പി.യാകട്ടെ രണ്ട് സീറ്റുകളാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളാണിത്. ഈ രണ്ട് മണ്ഡലങ്ങളിലും സാധാരണ ഗതിയിൽ മത്സരിക്കുന്ന സി.പി.ഐ ഇത്തവണ സീറ്റുകൾ സി.പി.എമ്മുമായി വച്ചു മാറിയാലും ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാലും കടുത്ത മത്സരമാണ് നടക്കുക.

കോൺഗ്രസ്സ് വോട്ട് ബാങ്ക് ബി.ജെ.പി ഭിന്നിപ്പിക്കുന്നതോടെ ഇടതുപക്ഷത്തെ സംബന്ധിച്ച് കാര്യങ്ങൾ എളുപ്പമാകും. ഈ അപകടം തിരിച്ചറിഞ്ഞാണ് ലോകസഭയിലേക്ക് ഇനി താൻ മത്സരിക്കാനില്ലന്ന് സിറ്റിംഗ് എം.പി ടി എൻ പ്രതാപൻ പറഞ്ഞതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സുരേഷ്‌ ഗോപി എവിടെ മത്സരിച്ചാലും ശരിക്കും ഭയപ്പെടേണ്ടത് കോൺഗ്രസ്സാണ്. കാരണം അവരുടെ വോട്ട് ബാങ്കിലാണ് വിള്ളൽ വീഴാൻ പോകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ഇടതുപ്രതീക്ഷക്ക് ആത്മവിശ്വാസം നൽകുന്നതാണ്.

EXPRESS KERALA VIEW

Top