സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും; യോഗത്തിന്റെ അജണ്ടയില്‍ പലസ്തീന്‍ വിഷയവും

തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ പോളിറ്റ് ബ്യൂറോ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം അവതരിപ്പിച്ചിരുന്നു. കൂടാതെ പൊതു രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ഇന്നലെ ആരംഭിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. മിസോറാമും തെലങ്കാനയും ഒഴികെയുള്ള 3 സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങള്‍ കേന്ദ്രകമ്മിറ്റി തീരുമാനിക്കും. പലസ്തീന്‍ വിഷയവും യോഗത്തിന്റെ അജണ്ടയില്‍ ഉണ്ട്. തെറ്റ് തിരുത്തല്‍ രേഖ അടക്കമുള്ള സംഘടന വിഷയങ്ങളും യോഗത്തിന്റെ പരിഗണനയില്‍ വരും.

അതേസമയം കേരളത്തിൽ  സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംബര്‍ 11ന്. കോഴിക്കോട് വച്ചാണ് റാലി നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്‍പ്പെടെ സമുദായ സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനം.

കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ശശി തരൂരിനെ മുഖ്യാതിഥിയാക്കി കോഴിക്കോട് തന്നെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചിരുന്നു. അതില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവന ധാരാളം വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികള്‍, പ്രത്യാക്രമണം അതിരുകടന്നു എന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സിപിഎം നവംബര്‍ 11ന് മറ്റൊരു പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്.

Top