സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിന് ഇന്ന് സമാപനം

cpm

ന്യൂഡല്‍ഹി: സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് അവസാനിക്കും.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയ്ക്കു സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്ന് അന്തിമ രൂപം നല്‍കിയേക്കും. വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അടങ്ങുന്ന മതേതര ബദല്‍ രൂപീകരിക്കാന്‍ സിപിഐഎം ശ്രമിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിലപടാണോ, അതോ കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കുകയോ മുന്നണിയുടെ ഭാഗമാക്കുകയോ വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണോ കേന്ദ്ര കമ്മിറ്റി പിന്തുണയ്ക്കുക എന്ന് ഇന്ന് അറിയാം.

യെച്ചൂരി, കാരാട്ട് പക്ഷങ്ങളുടെ ഭിന്ന നിലപാടുകള്‍ അതേപടി പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കട്ടെയെന്നാണോ, അതോ ഭൂരിപക്ഷ നിലപാട് മാത്രം പരിഗണിച്ചാല്‍ മതിയെന്നാണോയെന്ന് ഇന്ന് ഉച്ചയോടെ സമാപിക്കുന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും.

ശനിയാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത് എന്നാണ് സൂചന. എന്നാല്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ വോട്ട് എടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല.

കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ചവരില്‍ വിഎസ് അച്യുതാനന്ദനും, തോമസ് ഐസക്കും ഒഴികെയുള്ളവര്‍ കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. വര്‍ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് മതേതര ബദല്‍ രൂപീകരിക്കാന്‍ സിപിഐഎം ശ്രമിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചാണ് വിഎസ് സിസി യില്‍ ഇന്നലെ സംസാരിച്ചത്. രാജ്യത്തു വളര്‍ന്നുവരുന്ന മോദിവിരുദ്ധ വികാരത്തിനൊപ്പം നിന്നില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്ന് പോകുമെന്നായിരുന്നു ഐസക്കിന്റെ വാദം.

Top