സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപമായി:കണ്ണൂരില്‍ എം വി ജയരാജനും വടകരയില്‍ കെ കെ ശൈലജയും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികക്ക് രൂപമായി. കണ്ണൂരില്‍ എം വി ജയരാജനും വടകരയില്‍ കെ കെ ശൈലജയും പത്തനംതിട്ടയില്‍ ടി എം തോമസ് ഐസകും മത്സരിക്കും. എ വിജയരാഘവന്‍ പാലക്കാടും മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരും സ്ഥാനാര്‍ഥിയാകും. എറണാകുളം, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വത്തില്‍ ധാരണയായിട്ടില്ല

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പതിനഞ്ചില്‍ 12 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയുടെ ഒറ്റ പേരിലേക്ക് സിപിഐഎം എത്തിക്കഴിഞ്ഞു. ജില്ലാ സെക്രട്ടറിമാര്‍, എംഎല്‍എമാര്‍ ,മുന്‍മന്ത്രിമാര്‍, എംപിമാര്‍ എന്നിവരെ എല്ലാം അണി നിരത്തിയാണ് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക.. കാസര്‍കോട് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കണ്ണൂര്‍ എം വി ജയരാജന്‍ ആറ്റിങ്ങലില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ഇങ്ങനെ മൂന്ന് ജില്ലാ സെക്രട്ടറിമാരാണ് മത്സര രംഗത്തിറങ്ങുന്നത് . മുതിര്‍ന്ന നേതാക്കളായ കെ കെ ശൈലജ വടകര, എളമരം കരീം കോഴിക്കോട്, എ വിജയരാഘവന്‍ പാലക്കാട്, തോമസ് ഐസക് പത്തനംതിട്ട എന്നിങ്ങനെയാണ് പട്ടിക.

ആലത്തൂരില്‍ മന്ത്രി കെ രാധാകൃഷ്ണനെയും ചാലക്കുടിയില്‍ മുന്‍മന്ത്രി സി. രവീന്ദ്രനാഥിനെയും തന്നെ കളത്തില്‍ ഇറക്കാന്‍ ആണ് സിപിഐഎം തീരുമാനം. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് മൂന്നാം വട്ടവും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. ജില്ലാ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ത്തെങ്കിലും സിറ്റിംഗ് എംപി ആരിഫ് തന്നെ ആലപ്പുഴയില്‍ മത്സരിക്കട്ടെ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. രാഷ്ട്രീയ അടിത്തറ ഉണ്ടായിട്ടും വിജയം നേടാനാകാത്ത കൊല്ലത്ത് മുകേഷ് എംഎല്‍എയാണ് ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുന്നത്.

പൊന്നാനിയില്‍ ആര് മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെ എന്നാണ് ജില്ല നേതൃത്വത്തിന്റെ നിലപാട്. മലപ്പുറത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദുള്ള നവാസ് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു എന്നിവരുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറി. എറണാകുളത്തും തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടിരിക്കുകയാണ്.

Top