സി.പി.എമ്മിന് പിടിവള്ളിയായി പ്രസംഗം, പ്രതിരോധത്തിലായി ബി.ജെ.പി നേതൃത്വം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് ആശ്വാസമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. ശബരിമലയിലെ സമരം ബിജെപി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടി ശ്രീധരന്‍പിള്ളയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. തന്ത്രിയും ശ്രീധരന്‍ പിള്ളയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് പ്രതിരോധ സമരങ്ങള്‍ എന്നാണ് വെളിപ്പെടുത്തല്‍.

തുലാമാസ പൂജകള്‍ക്കിടെ സ്ത്രീകള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി ശ്രീധരന്‍പിള്ളയെ വിളിച്ച് ചര്‍ച്ച നടത്തിയാണ് നട അടച്ചിടുമെന്ന നിലപാട് സ്വീകരിക്കാന്‍ തീരുമാനമായത്. നട അടയ്ക്കുന്നത് കോടതി അലക്ഷ്യമാകില്ലേ എന്ന സംശയമുണ്ടായപ്പോള്‍ പതിനായിരക്കണക്കിന് ആളുകള്‍ ഒപ്പമുണ്ടെന്ന് ആത്മ വിശ്വാസം നല്‍കിയത് ശ്രീധരന്‍ പിള്ളയാണ്. ശബരിമല ഒരു സുവര്‍ണ്ണാവസരമാണെന്നും നമ്മുടെ അജണ്ടയ്ക്കു മുന്നില്‍ എല്ലാവരും അടിയറവു പറഞ്ഞെന്നും ബിജെപി അദ്ധ്യക്ഷന്‍ തുറന്നു പറഞ്ഞത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പാര്‍ട്ടി അജണ്ട നടപ്പാക്കിയ ജനറല്‍ സെക്രട്ടറിമാരുടെ കഴിവിനെ പ്രശംസിക്കുന്ന ശ്രീധരന്‍പിള്ള യുവമോര്‍ച്ചയാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും പറഞ്ഞു.

43766789_1210273239112977_8755387740243099648_o

ബിജെപി ഇതുവരെ നയിച്ച സമരപരിപാടികളെല്ലാം ഇതോടെ സംശയത്തിന്റെ നിഴലിലാകും. ജനങ്ങള്‍ക്കിടയില്‍ ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനും കാരണമാകും.

ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിക്കഴിഞ്ഞു. ബിജെപിയ്ക്ക് വേണ്ടി കളിയ്‌ക്കേണ്ടവരല്ല തന്ത്രികുടുംബമെന്ന് അദ്ദേഹം തുറന്നടിച്ചു.

അതേസമയം, വിധിയ്‌ക്കെതിരെ നിലപാടെടുത്തിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞു എന്നാണ് പ്രതികരിച്ചത്‌. കോണ്‍ഗ്രസ് ബിജെപിയുടെ വലയില്‍ വീണിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഗൂഢാലോചന പുറത്തു വന്ന സ്ഥിതിയ്ക്ക് അതേ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിനും വലിയ ക്ഷീണം ഉണ്ടാക്കും. ഇത് സ്വാഭാവികമായും പിണറായിയുടെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കും. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ശബരിമലയില്‍ ബിജെപി ഉണ്ടാക്കേണ്ടിയിരുന്ന നേട്ടത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ പുറത്തുവന്ന ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലോടെ സാധിക്കും.

Top