ഐശ്വര്യ കേരള യാത്ര തലസ്ഥാനത്ത് എത്തിയപ്പോൾ, ചെന്നിത്തല ‘തവിടുപൊടി’

സി.പി.എം ശത്രുപക്ഷത്ത് നിര്‍ത്തുന്ന ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ബഹിഷ്‌ക്കരണം വരെ ഉണ്ടായതും അതിന്റെ ഭാഗമാണ്. അടുത്തയിടെ ബഹിഷ്‌ക്കരണം പിന്‍വലിച്ചെങ്കിലും ഇടതുപക്ഷ അണികള്‍ ഇപ്പോഴും എതിരാളിയായി തന്നെയാണ് ഏഷ്യാനെറ്റിനെ നോക്കി കാണുന്നത്. എതിരിയായ ഈ ചാനലില്‍ നിന്നും അനുകൂലമായ നിലപാടുകള്‍ സി.പി.എം നേതൃത്വവും പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാറിനെയും പാര്‍ട്ടിയെയും ഏകപക്ഷീയമായാണ് ഏഷ്യാനെറ്റ് കടന്നാക്രമിക്കുന്നതെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍, ഇങ്ങനെ കടന്നാക്രമണം നടത്തുന്ന ചാനല്‍ തന്നെയാണിപ്പോള്‍ പിണറായി സര്‍ക്കാറിന് ഭരണ തുടര്‍ച്ചയും പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടതു കേന്ദ്രങ്ങളെയാകെ അത്ഭുതപ്പെടുത്തിയ സംഭവമാണിത്. ഏഷ്യാനെറ്റ് ന്യൂസ് -സീ ഫോര്‍ സര്‍വേയിലാണ്, കേരളത്തില്‍ വീണ്ടും ഇടതു മേധാവിത്വം പ്രവചിച്ചിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പിണറായി വിജയന്‍ തിരുത്തുമെന്ന് തന്നെയാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുപക്ഷം 72 മുതല്‍ 78 സീറ്റ് വരെ നേടി ഭരണം തുടരുമ്പോള്‍ യുഡിഎഫ് 59 മുതല്‍ 65 സീറ്റ് വരെ നേടി പ്രതിപക്ഷത്ത് ഇരിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്.

ബി.ജെ.പി മുന്നണി മൂന്നു മുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നും പ്രീ പോള്‍ സര്‍വേ പ്രവചിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പ്രവചനം ഏറെക്കുറേ യാഥാര്‍ത്ഥ്യമായതിനാല്‍ ഇപ്പോള്‍ പുറത്തു വന്ന സര്‍വ്വേ ഫലത്തെ ഗൗരവമായി തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് ഇടതുപക്ഷത്തിനു 72 മുതല്‍ 78 വരെ സീറ്റുകള്‍ പ്രവചിച്ചിട്ടുണ്ടെങ്കില്‍ ഫലം വരുമ്പോള്‍ അത്, 80 മുതല്‍ 90 വരെയാകാം എന്നതാണ് സി.പി.എം വിലയിരുത്തല്‍. തെക്കന്‍ കേരളത്തില്‍ ഇടതുമുന്നണി 41 ശതമാനം വോട്ടോടെ 24 മുതല്‍ 26 സീറ്റ് വരെ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് – സീ ഫോര്‍ സര്‍വ്വേ പറയുന്നത്.

oomman chandy

അവരുടെ കണക്കില്‍ യുഡിഎഫിന് 12 മുതല്‍ 14 സീറ്റുകള്‍ വരെ മാത്രമേ ഇവിടെ നിന്നും ലഭിക്കുകയൊള്ളു. 37 ശതമാനമാണ് യു.ഡി.എഫിന് പ്രവചിച്ചിരിക്കുന്ന വോട്ട് വിഹിതം. എന്‍ഡിഎക്ക് 20 ശതമാനം വോട്ട് വിഹിതമാണ് പ്രവചിച്ചിരിക്കുന്നത്. ആരായിരിക്കണം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിനു സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇതും ഇടതു കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് 18 ശതമാനം പേരാണ്.

മൂന്നാം സ്ഥാനത്ത് ഒന്‍പത് ശതമാനം പേരുടെ പിന്തുണയോടെ ശശി തരൂരാണ് എത്തിയിരിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകരെ പോലും അമ്പരിപ്പിച്ച സെലക്ഷനാണിത്. തരൂരിനും ശൈലജ ടീച്ചര്‍ക്കും പിന്നില്‍ ആറു ശതമാനത്തിന്റെ പിന്തുണ മാത്രമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആറു ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തെ ഇളക്കി മറിച്ചു എന്ന് ചെന്നിത്തല അവകാശപ്പെടുന്ന ‘ഐശ്വര്യ കേരള യാത്ര’ സമാപിക്കുന്നതിനു തൊട്ടു മുന്‍പു വന്ന സര്‍വ്വേ ഫലം ചെന്നിത്തലയെ സംബന്ധിച്ച് വന്‍ തിരിച്ചടി തന്നെയാണ്.

മുഖ്യനാവാന്‍ തയ്യാറെടുത്ത് നടത്തിയ ജാഥ തന്നെ ട്രാജഡിയായ അവസ്ഥയാണിത്. ജനപിന്തുണയില്‍ ഉമ്മന്‍ ചാണ്ടിയെ മറികടക്കാന്‍ ചെന്നിത്തല ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷ കസേരയില്‍ നിന്നും മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട ചെന്നിത്തലയുടെ ഉള്ള ഇമേജ് തന്നെയാണ് ഒറ്റ സര്‍വേയിലൂടെ ചാനല്‍ തകര്‍ത്തിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം ഇപ്പോള്‍ യു.ഡി.എഫിലും പ്രകടമാണ്. ഉമ്മന്‍ ചാണ്ടിക്കു പിന്നില്‍ ഉറച്ചു നില്‍ക്കാനാണ് മുസ്ലീംലീഗുള്‍പ്പെടെയുള്ള പ്രധാന ഘടക കക്ഷികളും തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടിയെ ഉയര്‍ത്തിക്കാട്ടണമെന്ന ആവശ്യവും സര്‍വേയുടെ പശ്ചാത്തലത്തില്‍ ശക്തമായിട്ടുണ്ട്. ചെന്നിത്തലയെയും, ഐ ഗ്രൂപ്പിനെയും പ്രതിസന്ധിയിലാക്കുന്ന നീക്കമാണിത്.

വടക്കന്‍ കേരളത്തിലും വ്യക്തമായ ആധിപത്യം ഇടതുമുന്നണി നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. 43 ശതമാനം വോട്ടോടെ 32 മുതല്‍ 34 സീറ്റ് വരെയാണ് ഇടതുപക്ഷത്തിന് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 39 ശതമാനം വോട്ട് ലഭിക്കുമെങ്കിലും, 24 മുതല്‍ 26 വരെ സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. എന്‍ഡിഎക്ക് രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ ലഭിച്ചേക്കും ഇത് ഏഴു വരെ ആയാലും അത്ഭുതപ്പെടേണ്ടതില്ലന്നതാണ് പ്രീ പോള്‍ സര്‍വേ പ്രവചിച്ചിരിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കോട്ടയം വരെയുള്ള മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് ഇക്കുറി 16 മുതല്‍ 18 സീറ്റുകള്‍ വരെ മാത്രമാണ് സര്‍വേ പ്രവചനം. യുഡിഎഫിന് 23 മുതല്‍ 25 സീറ്റുകള്‍ ലഭിക്കുമെന്നതാണ് ഇവിടുത്തെ കണക്ക്. ഇടതുമുന്നണിക്ക് 39 ശതമാനവും യുഡിഎഫിന് 42 ശതമാനവും വോട്ട് വിഹിതവും മധ്യകേരളത്തില്‍ സര്‍വേ പ്രവചിക്കുന്നുണ്ട്.

എന്നാല്‍, മധ്യകേരളത്തിലെ കണക്കുകള്‍ പാടെ തെറ്റുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ജോസ് കെ മാണി വിഭാഗം മുന്നണിയില്‍ വന്നത് നേട്ടമാകുമെന്ന് തന്നെയാണ് അവരുടെ ആത്മവിശ്വാസം. സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ക്കെതിരെയും സര്‍വേയില്‍ പങ്കെടുത്തവര്‍ പ്രതികരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 51 ശതമാനം പേരും വിശ്വസിക്കുന്നത്. തന്റെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടില്ലെന്ന് കരുതുന്നത് 45 ശതമാനം പേരാണ്. സോളാര്‍ കേസ് സിബിഐക്ക് വിട്ട നിലപാട് ശരിയാണെന്ന് 42 ശതമാനവും വിശ്വസിക്കുന്നുണ്ട്.

 

സര്‍ക്കാരിന്റെ ഏറ്റവും മികച്ച നേട്ടമായി 34 ശതമാനം പേരും സൗജന്യ ഭക്ഷ്യകിറ്റിനെയാണ് വിലയിരുത്തിയിട്ടുള്ളത്. 27 ശതമാനം പേര്‍ ക്ഷേമ പെന്‍ഷനും 18 ശതമാനം പേര്‍ കൊവിഡ് പ്രവര്‍ത്തനത്തിനുമാണ് മാര്‍ക്കിട്ടിരിക്കുന്നത്. സര്‍ക്കാറിന്റെ ഈ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും തന്നെയാണ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രധാന പ്രചരണായുധം. വലതുപക്ഷ മാധ്യമങ്ങള്‍ തന്നെ തുടര്‍ഭരണം പ്രവചിച്ച സാഹചര്യത്തില്‍ അക്കാര്യത്തില്‍ ഇനി പ്രതിപക്ഷത്തിനും യാതൊരു സംശയവും ഉണ്ടാവേണ്ടതില്ലന്നാണ്
ഇടതു നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Top