ബംഗാളില്‍ സഖാക്കളെ ചുട്ടു കൊല്ലുന്നവരും, കേരളത്തിലെ കൊടും ശത്രുവും ഇവിടെ മിത്രം

CPI(M) ,Kumaraswamy

മാനതകളില്ലാത്ത പീഢനമാണ് ബംഗാളില്‍ പ്രതിപക്ഷം പ്രത്യേകിച്ച് സി.പി.എം ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. മമതയുടെ തൃണമൂല്‍ അധികാരത്തിലെത്തിയ അന്നു തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്.

സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും വരെ ചുട്ട് കൊല്ലാന്‍ മടിക്കാത്ത ബംഗാളിലെ ഭീകരത ഏതാനും ദിവസം മുന്‍പാണ് രാജ്യം കണ്ടത്.

അവിടെ ആക്രമികളെ സംരക്ഷിക്കുന്ന ഏകാധിപതിയായ ഭരണാധികാരിയെന്ന് സി.പി.എം തന്നെ ആരോപിക്കുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ബുധനാഴ്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേരള മുഖ്യമന്ത്രിയും സി.പി.എം പി.ബി അംഗവുമായ പിണറായി വിജയനും ഒരുമിച്ച് വേദി പങ്കിടുകയാണ്. ബംഗാളിലെ മാത്രമല്ല, രാജ്യത്തെ തന്നെ ഇടതുപക്ഷ മനസ്സുകളെ നോവിക്കുന്ന നടപടിയാണിത്.

അതു പോലെ തന്നെ കേരളത്തില്‍ . .ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന ചെങ്ങന്നൂരില്‍ . . കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിക്കുന്ന സി.പി.എം ഇവിടെ ഒരേ വേദിയില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പം കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് സഖ്യത്തിന് കയ്യടിക്കാനുണ്ടാകും. കൂടെ ആലപ്പുഴ എം.പിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാലും ചെങ്ങന്നൂരിലെ മുന്‍ എം.എല്‍.എ പി.സി.വിഷ്ണുനാഥും ഉള്‍പ്പെടെ ഉണ്ടാകും.

ദേശീയ – മലയാള ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും ലൈവായി ഈ ദൃശ്യം കാണാന്‍ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് അസുലഭ ‘ഭാഗ്യമാണ് ‘ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ബദ്ധവൈരികളായ രാഷ്ട്രീയ നേതാക്കള്‍ പോലും സ്വകാര്യ ചടങ്ങുകളില്‍ ഉള്‍പ്പെടെ പരസ്പരം പങ്കെടുക്കാറുണ്ട്. അതില്‍ അസാധാരണമായി ഒന്നും തന്നെയില്ലതാനും. എന്നാല്‍ കര്‍ണ്ണാടകയിലെ സ്ഥിതി അതല്ല, തികച്ചും വ്യത്യസ്തമാണ്. ഇതൊരു രാഷ്ട്രീയ പരിപാടിയാണ്. കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് സര്‍ക്കാറിന്റെ സ്ഥാനാരോഹണ ചടങ്ങ്.

CPI(M) ,Kumaraswamy

ത്രിപുരയില്‍ ബി.ജെ.പി മുഖ്യമന്ത്രി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രിയും സി.പി.എം പി.ബി അംഗവുമായ മണിക് സര്‍ക്കാര്‍ പങ്കെടുത്തതുമായി കര്‍ണ്ണാടകയിലെ സത്യപ്രതിജ്ഞയെ താരതമ്യം ചെയ്യാനും പറ്റില്ല.

കാരണം ത്രിപുരയില്‍ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കേണ്ടത് പ്രതിപക്ഷ നേതാവായ സി.പി.എം നേതാവിന്റെ കടമ തന്നെയാണ്. എന്നാല്‍ കര്‍ണ്ണാടകയില്‍ സി.പി.എം ദേശീയ നേതാക്കള്‍ എത്തുന്നതിന് ഒരു ന്യായീകരണവും വിലപ്പോവില്ല.

കേരളത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഒറ്റക്ക് ഭരിക്കാന്‍ കഴിയാത്ത, ഒരു സ്വാധീനവും ഇല്ലാത്ത, ജെ.ഡി.എസിന് ഒരു മന്ത്രി പദവിയും നാല് എം.എല്‍.എ സ്ഥാനവും നല്‍കിയ സി.പി.എമ്മിനോട് ആ രാഷ്ട്രീയ മര്യാദ കര്‍ണ്ണാടകയില്‍ ജെ.ഡി.എസ് കാണിച്ചിട്ടില്ല. പിന്നെ എന്തിനു വേണ്ടിയാണ് കേരളത്തില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ അവിടെ പോകണം ?

കര്‍ണ്ണാടകയിലെ സി.പി.എം നേതാക്കള്‍ പങ്കെടുത്താല്‍ അത് മനസ്സിലാക്കാം എന്നാല്‍ ഇത് ബോധ്യപ്പെടുന്നതല്ല. കോണ്‍ഗ്രസ്സുമായി ഒരു കൂട്ട് കെട്ടും വേണ്ടന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിലടക്കം നിലപാട് സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യായശാസ്ത്രപരമായും സി.പി.എമ്മിനെ സംബന്ധിച്ച് കോണ്‍ഗ്രസ്സുമായി സഖ്യം സാധ്യമല്ല. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ എടുത്ത തീരുമാനവും അതുതന്നെയാണ്. ബംഗാളിലെ മമതയുടെ കാര്യമാണെങ്കില്‍ ആ പേര് കേട്ടാല്‍ തന്നെ അവിടത്തെ സി.പി.എം പ്രവര്‍ത്തകരും രോഷാകുലരാകും. അത്രയ്ക്കും കൊടിയ പീഢനങ്ങളാണ് അവരവിടെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

ബി.ജെ.പിയുമായി കൂട്ടുകൂടി കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയായ ചരിത്രമുള്ള കുമാരസ്വാമി ഇപ്പോള്‍ കോണ്‍ഗ്രസ്സുമായി കൂട്ട്കെട്ടുണ്ടാക്കി അവസരവാദ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ അതിന് ആശംസ നേര്‍ന്ന് ചുവപ്പ് പൂക്കള്‍ അര്‍പ്പിക്കുന്നത് കേരളത്തിലെ ചുവപ്പ് മനസ്സുകളെ വേദനപ്പിക്കുന്നതാകുമെന്ന് കര്‍ണ്ണാടകയിലേക്ക് പുറപ്പെടും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനെങ്കിലും ഓര്‍ക്കണം.

CPI(M) ,Kumaraswamy

പാര്‍ട്ടി നയത്തില്‍ നിന്നും വ്യതിചലിക്കാന്‍ കഴിയാത്തതിനാല്‍ പ്രധാനമന്ത്രി പദം വരെ വേണ്ടന്ന് വച്ച് ലോകത്തെ തന്നെ ഞെട്ടിച്ച പാര്‍ട്ടിയാണ് സി.പി.എം. കൃത്യമായി പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തി സംഘടനാചട്ടക്കൂടില്‍ പ്രവര്‍ത്തിക്കണമെന്ന് അണികളെ പഠിപ്പിക്കുന്ന പാര്‍ട്ടി. ആ പാര്‍ട്ടിയുടെ നായകരാണിപ്പോള്‍ നിലപാടുകള്‍ മാറ്റി മറിക്കുന്നത്.

കേരളത്തില്‍ ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരെ മാത്രമല്ല കോണ്‍ഗ്രസ്സിനെയും അതിന്റെ രാഷ്ട്രീയത്തെയും ചെറുത്ത് തോല്‍പ്പിച്ച് തന്നെയാണ് ചെങ്കൊടി പ്രസ്ഥാനം ഭരണത്തില്‍ വന്നിട്ടുള്ളത്. പ്രധാന പ്രതിപക്ഷവും എതിരാളിയും കോണ്‍ഗ്രസ്സ് തന്നെയാണ്.

എന്നാല്‍ രാഷ്ട്രീയകേരളത്തിലെ മണ്ണ് ഉഴുത് മറിച്ച് പാകപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘപരിവാറിന് ,ബി.ജെ.പിക്ക് മുന്നില്‍ വലിയ സാധ്യതയാണ് സി.പി.എം നേതാക്കളുടെ കര്‍ണ്ണാടക സന്ദര്‍ശനത്തോടെ ഇപ്പോള്‍ തുറന്നിടാന്‍ പോകുന്നത്.

‘ഇനി എന്തിനാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും രണ്ടു സ്ഥാനാര്‍ത്ഥികള്‍’ എന്ന ചോദ്യം സ്വാഭാവികമായും ശക്തിപ്പെടും. ബി.ജെ.പിയെ സംബന്ധിച്ച് ഇരു പാര്‍ട്ടികള്‍ക്കും എതിരെ ആഞ്ഞടിക്കാന്‍ നല്ലൊരു ആയുധമാണിത്.

വര്‍ഗ്ഗീയ ശക്തികള്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കുന്നതിന് വേണ്ടിയുള്ള മഹാസഖ്യത്തിന്റെ മുന്നാടിയാണ് കുമാരസ്വാമിക്കും കോണ്‍ഗ്രസ്സിനും കൈ കൊടുക്കുന്നത് എന്നു പറഞ്ഞാല്‍ കേരളത്തിലെ ഇടതുമനസ്സ് പോലും അത് ഉള്‍ക്കൊള്ളണമെന്നില്ല. പിന്നെയല്ലേ പൊതു സമൂഹം.

അവസാന ലാപ്പില്‍ കര്‍ണ്ണാടകയായിരിക്കും ഇനി ചെങ്ങന്നൂരിനെയും ‘കലക്കി’മറിക്കാന്‍ പോകുന്നത്. ജാഗ്രത !

Team Express Kerala

Top