ഉദയ്പൂരിലെ കൊലപാതകം; അപലപിച്ച് സിപിഐഎമ്മും കോണ്‍ഗ്രസും

ഉദയ്പൂർ: ഉദയ്പൂരിൽ തയ്യൽക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ദേശീയ നേതാക്കൾ. മതത്തിന്റെ പേരിൽ ഉള്ള വിദ്വേഷം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

‘ഉദയ്പൂരിലെ ദാരുണമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തീക്ഷ്ണമായ അന്തരീക്ഷം നമ്മുടെ സാമൂഹത്തെ മനുഷ്യത്വരഹിതമാക്കുകയാണ്. ഇത് അവസാനിപ്പിക്കണം. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കണം’. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വറ്ററിൽ കുറിച്ചു.

ഉദയ്പൂർ കൊലപാതകം ഞെട്ടിക്കുന്നതാണ്. മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. ഈ ക്രൂരതയുടെ പേരിൽ ഭീകരത പടർത്തുന്നവരെ ശിക്ഷിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് വിദ്വേഷത്തെ പരാജയപ്പെടുത്തണം. ദയവായി സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്ന് രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു.

നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടയാളെയാണ് പട്ടാപ്പകൽ കടയിൽ കയറി വെട്ടിക്കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികൾ നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തിയിരുന്നു. സംഭവത്തിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്.

സംഘർഷാവസ്ഥ കണക്കിലെടുത്ത് ഉദയ്പൂരിൽ കൂടുതൽ പൊലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴ് മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂരിൽ മേഖലയിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. സംസ്ഥാനത്തുടനീളം അതീവ ജാഗ്രത നൽകി. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും ഗവർണറും ആവശ്യപ്പെട്ടു.

Top