മന്ത്രിമാര്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനം നടത്തി, പ്രതിപക്ഷ നേതാവിനെ അവിടെങ്ങും കണ്ടില്ലെന്ന് സിപിഎം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സി.പി.ഐ.എം. പ്രകൃതി ദുരന്തത്തില്‍ പോലും വി ഡി സതീശന്‍ രാഷ്ട്രീയം കലര്‍ത്തുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ നിലപാട് ആ പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതിക്ഷോഭം നേരിടുന്നതിന് സര്‍ക്കാര്‍ മികച്ച നിലയിലാണ് പ്രവര്‍ത്തിച്ചത്. ദുരന്ത പ്രദേശങ്ങളില്‍ മന്ത്രിമാര്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. പ്രതിപക്ഷ നേതാവിനെ അവിടെയെങ്ങും ആരും കണ്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോരായ്മ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന് പകരം ക്രിയാത്മക നിലപാട് സ്വീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ മാത്രം സമയം ചെലവിടുന്ന വി ഡി സതീശന്‍ നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കുകയാണ്. ഉരുള്‍പൊട്ടലിന്റെ സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ പക്കലുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Top