യെച്ചൂരിക്കും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം

sitaram yechoori

തിരുവനന്തപുരം: സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. യച്ചൂരിയുടെ നീക്കം സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടാണെന്നും എംപി സ്ഥാനം കിട്ടാത്തതില്‍ നിരാശയുണ്ടെന്നും സമ്മേളനം വിലയിരുത്തി.

അടവുനയത്തില്‍ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് നിലപാട് ശരി. ഇത് മാറ്റാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്നും യോഗത്തില്‍ ആരോപിച്ചു.

പൊലീസിനും ധനമന്ത്രി തോമസ് ഐസകിനും എതിരെ വിമര്‍ശനമുണ്ടായി. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ജിഎസ്ടിയെ തോമസ് ഐസക് അകമഴിഞ്ഞ് പ്രശംസിച്ചു. പൊലീസ് തലപ്പത്ത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

യുഡിഎഫില്‍ നിന്ന് മാറിനില്‍ക്കുന്ന കക്ഷികളെ കൂടെകൂട്ടണമെന്ന് എഎ റഹീം യോഗത്തില്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടിക്കാര്‍ക്കെതിരെ നിലപാട് എടുത്ത പൊലീസുകാര്‍ക്കു മുഖ്യമന്ത്രി അവാര്‍ഡ് നല്‍കിയെന്ന് കഴിഞ്ഞ ദിവസവും ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സഖ്യകക്ഷിയായ സിപിഐയ്ക്കും പൊലീസിനുമെതിരെയും കടുത്ത വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.

Top