‘ബോർഡ് നീക്കണം’; പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കളെ വിലക്കിയ ഉത്തരവിനെതിരെ സിപിഎം

ചെന്നൈ: പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സ‍‍ർക്കാര്‍ അപ്പീൽ നൽകണമെന്ന് സിപിഎം തമിഴ്നാട് ഘടകം. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ചിന്റെ ഉത്തരവ് ഞെട്ടിക്കുന്നതാണ്. വിവിധ മതത്തിലുള്ളവര്‍ മറ്റ് ആരാധനാലയങ്ങളിലും പോകുന്നതാണ് തമിഴ് നാട്ടിലെ രീതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. ആരാധനാലയങ്ങളുടെ മറവിൽ ധ്രുവീകരണത്തിനുള്ള ബിജെപി ശ്രമം തിരിച്ചറിയണമെന്നും ബാലകൃഷ്ണൻ പറഞ്ഞു.

പഴനി ക്ഷേത്രത്തിൽ‌ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം ഉള്ളൂ എന്ന നോട്ടീസ് ബോർഡ് തിരികെ വെക്കാൻ ഹൈക്കോടതിയുടെ മധുര ബെഞ്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. അറ്റകുറ്റപ്പണിക്കിടെ ഈ ബോർഡ് നീക്കം ചെയ്തിരുന്നു. അതിനിടെ ചില അഹിന്ദുക്കൾ ക്ഷേത്രപരിസരത്ത് കയറാൻ ശ്രമിച്ചതിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കത്തിനി പിന്നാലെയുണ്ടായ പരാതിയിലാണ് ഈ നോട്ടീസ് തിരികെ വെക്കണം എന്ന ഉത്തരവ് മധുര ബെഞ്ച് പുറപ്പെടുവിച്ചത്.

ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകണമെന്നാണ് ഇപ്പോൾ സിപിഎം തമിഴ്നാട് ഘടകം ആവശ്യപ്പെടുന്നത്. എല്ലാ വിഭാ​ഗത്തിലുമുള്ള ആളുകൾക്കും അവിടെ പ്രവേശനം അനുവദിക്കണം. 1947ലെ നിയമം അനുസരിച്ച് ഈ ക്ഷേത്രത്തിൽ എല്ലാ മതത്തിലും എല്ലാ ജാതിയിലും പെട്ട ആളുകൾക്ക് പ്രവേശനം അനുവദിക്കാമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിവേചനം ശരിയല്ല എന്നാണ് ഇപ്പോൾ സിപിഎം ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അപ്പീൽ നൽകണമെന്നും ആവശ്യപ്പെട്ടു.

 

Top