വാച്ചാത്തി, കീഴ് വെൺമണി സംഭവങ്ങൾ സിനിമയാക്കാൻ സൂപ്പർ താരങ്ങൾ രംഗത്ത്

ടന്‍ സൂര്യ നിര്‍മിച്ച് അഭിനയിച്ച ‘ജയ് ഭീം’ സിനിമ ദക്ഷിണേന്ത്യയില്‍ വലിയ ചര്‍ച്ചക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. സാമ്പത്തികമായും വന്‍ ലാഭമാണ് സിനിമ നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ കമ്മ്യൂണിസ്റ്റുകള്‍ തമിഴകത്ത് നടത്തിയ മറ്റു പോരാട്ടങ്ങള്‍കൂടി സിനിമയാക്കാനുള്ള ശ്രമവും അണിയറയില്‍ തകൃതിയായാണ് നടക്കുന്നത്. വാച്ചാത്തിയിലെയും കീഴ് വെണ്മണിയിലെയും പോരാട്ട കഥകളാണ് അടുത്തതായി സിനിമകളാക്കാന്‍ പോകുന്നത്.

ഇതിനായി പ്രമുഖ നിര്‍മ്മാണ കമ്പനികള്‍ തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. 1992 ജൂണ്‍ 20ന് ആദിവാസി ഊരില്‍ പൊലീസ് നടത്തിയ നരനായാട്ടാണ് ‘വാച്ചാത്തി’യുടെ പ്രമേയം. 154 വീടുകള്‍ കത്തി വെണ്ണീറാകുകയും 18 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത സംഭവം തമിഴകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. ഈ വിഷയം ഉയര്‍ത്തി വലിയ പ്രക്ഷോഭമാണ് സി.പി.എം സംഘടിപ്പിച്ചിരുന്നത്.

കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് സി.പി.എം നടത്തിയ സമരത്തില്‍ അണിനിരന്നതിന് 1968-ല്‍ സ്ത്രീകളും കുട്ടികളും അടക്കം 44 ദളിതരെ ചുട്ടുകൊന്നതാണ് കീഴ് വെണ്മണി സംഭവം. ഇക്കാര്യത്തിലും സമാനതകളില്ലാത്ത പോരാട്ടമാണ് സി.പി.എം നടത്തിയിരുന്നത്. ഈ രണ്ടു സംഭവങ്ങള്‍ ഉള്‍പ്പെടെ തമിഴകത്ത് കമ്യൂണിസ്റ്റുകള്‍ നടത്തിയ പോരാട്ട ചരിത്രമാണ് ഇപ്പോള്‍ സംവിധായകരും തിരയുന്നത്. കഥ റെഡിയായാല്‍ അഭിനയിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ തന്നെ റെഡിയാണെന്നതാണ് നിലവിലെ അവസ്ഥ. സിനിമ നിര്‍മ്മാതാക്കളുടെ ആവശ്യപ്രകാരം തിരക്കഥ ഒരുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയ് ഭീം എന്ന സൂര്യ ചിത്രത്തിന്റെ വിജയം തന്നെയാണ് താരങ്ങള്‍ക്കുള്‍പ്പെടെ പ്രചോദനമായിരിക്കുന്നത്.

ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ 1993-ല്‍ ഉണ്ടായ പൊലീസ് ആക്രമണമാണ് ജയ് ഭീം സിനിമയുടെ പ്രമേയം. ഇതിനെതിരെ അന്ന് പോരാടിയിരുന്നത് സി.പി.എമ്മാണ്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് അഭിഭാഷകനായ ചന്ദ്രുവിനെ പാര്‍വതി കേസ് ഏല്‍പ്പിച്ചിരുന്നത്. സി.പി.എം ഇടപെട്ടില്ലായിരുന്നെങ്കില്‍ തനിക്ക് ഈ പോരാട്ടവുമായി മുന്നോട്ട് പോകാന്‍ കഴിയില്ലായിരുന്നു എന്ന് പാര്‍വതി തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ രാജാക്കണ്ണും ചന്ദ്രുവും എല്ലാം അതേ നാമത്തില്‍ തന്നെ അറിയപ്പെട്ടപ്പോള്‍ പാര്‍വതി സെന്‍ഗിണിയായാണ് അവതരിച്ചിരുന്നത്.

ചിത്രത്തില്‍ മലയാളി താരം ലിജോ മോള്‍ ആയിരുന്നു സെന്‍ഗിണിയായി വേഷമിട്ടത്. രാജാക്കണ്ണായി മണികണ്ഠനും അഭിഭാഷകന്‍ ചന്ദ്രുവായി സൂര്യയുമാണ് വേഷമിട്ടിരുന്നത്. ‘ജയ് ഭീം’ റിലീസ് ആയതോടെ രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയുടെ ഇപ്പോഴത്തെ അവസ്ഥ കൂടിയാണ് പുറത്തു വന്നിരുന്നത്. ഇതോടെയാണ് സി.പി.എം വീണ്ടും ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ഇതിനു പുറമെ ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരുകോടി രൂപയും സൂര്യ സംസ്ഥാന സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. ദ്രാവിഡ പാര്‍ട്ടികള്‍ ശക്തമായ മണ്ണില്‍ സി.പി.എമ്മിന് വലിയ ജനപ്രീതി ഉണ്ടാക്കി കൊടുക്കാന്‍ ജയ് ഭീം എന്ന സിനിമക്ക് ഇതിനകം തന്നെ സാധിച്ചിട്ടുണ്ട്.

വാച്ചാത്തി കീഴ് വെണ്‍മണി സംഭവങ്ങള്‍ കൂടി സിനിമയാകുന്നതോടെ തമിഴകത്തെ ചെങ്കൊടിയുടെ സമാനതകളില്ലാത്ത പോരാട്ട ചരിത്രം കൂടിയാണ് പുതു തലമുറയിലേക്ക് എത്തുവാന്‍ പോകുന്നത്. തമിഴകത്തെ സിനിമാ മേഖലയില്‍ ശക്തമായ സ്വാധീനം നിലവില്‍ കമ്യൂണിസ്റ്റുകാര്‍ക്കുണ്ട്. സൂപ്പര്‍സ്റ്റാര്‍ വിജയ് അഭിനയിച്ച ‘കത്തി’ സിനിമയില്‍ ‘കമ്യൂണിസം’ എന്ന വാക്കിന്റെ ലളിതമായ ഉത്തരം ദളപതിയെ കൊണ്ട് തന്നെ പറയിപ്പിച്ച് കയ്യടി വാങ്ങിച്ചത് സംവിധായകന്‍ മുരുകദോസിന്റെ മിടുക്കാണ്.

Top