ചുവന്നമണ്ണിലേക്ക് വിപ്ലവ പോരാളികള്‍, എത്തിയത് കൊടും ത്യാഗം സഹിച്ചവര്‍ !

സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കണ്ണൂരില്‍ കൊടി ഉയരുമ്പോള്‍ അത് വിപ്ലവ മനസ്സുകള്‍ക്ക് നല്‍കുന്ന ആവേശം വളരെ വലുതാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും സി.പി.എം ജീവന്‍മരണ പോരാട്ടത്തിലാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ തിരിച്ചടികള്‍ ഈ സംസ്ഥാനങ്ങളിലെ സംഘടനാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ല. അടുത്തയിടെ നടന്ന ദേശീയ പണിമുടക്കില്‍ ശക്തമായ പ്രതിഷേധമാണ് ഇരു സംസ്ഥാനങ്ങളിലും ഉയര്‍ന്നിരിക്കുന്നത്. പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പിലും വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സി പി .എമ്മിനു സാധിച്ചിട്ടുണ്ട്. ചുവപ്പ് ഭരണം അസ്തമിച്ചപ്പോള്‍ കലാപ കേന്ദ്രമായാണ് ബംഗാളും ത്രിപുരയും മാറിയിരിക്കുന്നത്. ഇടതുപക്ഷത്തിന് ശേഷവും മുന്‍പും എന്ന രൂപത്തില്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഫലവും ഞെട്ടിക്കുന്നതായിരിക്കും.

ബംഗാളിലെയും ത്രിപുരയിലെയും ഭരണകൂട ഭീകരത ആ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത് സമ്മേളന പ്രതിനിധികള്‍ക്കും നോവുന്ന അനുഭവമായി മാറും. ദേശീയ രാഷ്ട്രീയ രംഗത്ത് ചുവപ്പിന്റെ കരുത്ത് പ്രകടമാക്കിയ അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വേറിട്ടു നില്‍ക്കും. കേന്ദ്ര സര്‍ക്കാറിനെ വിറപ്പിച്ച കര്‍ഷക സമത്തിന്റെ ബുദ്ധി കേന്ദ്രം തന്നെ സി.പി.എമ്മിന്റെ ഈ വര്‍ഗ്ഗ ബഹുജന സംഘടനയാണ്. മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക ലോങ് മാര്‍ച്ചിന്റെ വന്‍ വിജയമാണ് ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പ്രേരണയായിരുന്നത്.

കേരളത്തിനു പുറമെ മധ്യപ്രദേശ് രാജസ്ഥാന്‍ മഹാരാഷ്ട്ര ഹരിയാണ പഞ്ചാബ് ബീഹാര്‍ തമിഴ് നാട് ഹിമാചല്‍ പ്രദേശ് ആന്ധ്ര തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കിസാന്‍ സഭക്ക് ശക്തമായ വളക്കൂറാണ് ഉള്ളത്. സി.പി.എമ്മിന്റെ മറ്റൊരു വര്‍ഗ്ഗ ബഹുജന സംഘടനയായ എസ്.എഫ്.ഐ മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിജയം കരസ്ഥമാക്കിയതും സമീപ കാല ചരിത്രമാണ്. സി.പി.എമ്മിന് സ്വാധീനമില്ലാത്ത നിരവധി സംസ്ഥാനങ്ങളില്‍ പോലും ശക്തമായ സംഘടനാ അടിത്തറയുള്ള സംഘടനയാണ് എസ്.എഫ്.ഐ. എന്തിനേറെ മമതയുടെ ബംഗാളില്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പോലും അധികൃതര്‍ക്ക് ഭയമാണ്. തൃണമൂല്‍ കോട്ടയായ സംസ്ഥാനത്ത് എസ്.എഫ്.ഐയുടെ വിജയം അവരാരും തന്നെ ഇഷ്ടപ്പെടുന്നുമില്ല. ട്രേഡ് യൂണിയന്‍ സംഘടനയായ സി.ഐ.ടിയുവിനും കരുത്ത് ഏറെയാണ്.

വര്‍ഗ്ഗ ബഹുജന സംഘടനകളുടെ സ്വാധീനം എങ്ങനെഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും എന്നത് ഇന്നും സി.പി.എമ്മിനു മുന്നിലുള്ള വലിയ ചോദ്യമാണ്.ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പാര്‍ട്ടി അണികളും തേടുന്നത്. രണ്ട് എം.പിമാരുള്ള ബീഹാറിലും തമിഴ് നാട്ടിലും ആഡ്രയിലും തെലങ്കാനയിലും എല്ലാം ശക്തമായ സംഘടനാ സംവിധാനമാണ് സി.പി.എമ്മിന് നിലവിലുള്ളത്. ഈ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ജനകീയ പോരാട്ടങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ ഉള്ളതും സി.പി.എമ്മും അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളുമാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും പ്രകടനമാണ് സി.പി.എമ്മും മറ്റു ഇടതുപാര്‍ട്ടികളും കാഴ്ചവച്ചിരിക്കുന്നത്. ക്രിമിനലുകള്‍ കൊലപ്പെടുത്തിയ സി.പി.എം നേതാവ് അജിത് സര്‍ക്കാറിന്റെ നാട്ടിലെ ചുവപ്പ് വിജയം കോണ്‍ഗ്രസ്സിനു നല്‍കുന്നതും വലിയ ഒരു പാഠമാണ്. അവര്‍ മത്സരിച്ച സീറ്റുകളില്‍ ഭൂരിപക്ഷത്തിലും പരാജയപ്പെട്ടപ്പോള്‍ ഇടതുപക്ഷം മത്സരിച്ച സീറ്റുകളില്‍ ഭൂരിപക്ഷത്തിലും വിജയിക്കുകയാണ് ഉണ്ടായത്.

 

തമിഴകത്തെ സി.പി.എമ്മിന്റെ പോരാട്ട കഥ പുറം ലോകത്തെ അറിയിക്കുന്നതില്‍ ‘ജയ് ഭീം’ എന്ന സൂര്യയുടെ സൂപ്പര്‍ ഹിറ്റ് സിനിമയ്ക്കും വലിയ പങ്കാണ് ഉള്ളത്. വാച്ചാത്തിയില്‍ ഉള്‍പ്പെടെ തെരുവില്‍ ചോര ചിതറിയ നിരവധി പോരാട്ടങ്ങളാണ് ദ്രാവിഡ മണ്ണില്‍ സി.പി.എം നടത്തിയിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു ഗോത്രത്തിനെതിരായി ഭരണകൂടവും പൊലീസും നടത്തുന്ന അനീതികള്‍ക്കെതിരായി ചെങ്കൊടി പ്രസ്ഥാനവും കമ്യൂണിസ്റ്റായ അഭിഭാഷകനും നടത്തിയ യഥാര്‍ഥ പോരാട്ട കഥയാണ് ജയ് ഭീമിലൂടെ സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. ഈ സിനിമ പുറത്തിറങ്ങിയതോടെ തമിഴകത്തെ പിടിച്ചുലച്ച മറ്റൊരു സംഭവം കൂടിയാണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.

അതാണ്… വാച്ചാത്തി. പൊലീസ് ചവിട്ടിയരച്ച ഒരു തമിഴ് ഗ്രാമമാണിത്. തീര്‍ച്ചയായും വാച്ചാത്തിയില്‍ ഉയര്‍ന്ന ചെങ്കൊടിയുടെ കഥ ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും ഓര്‍മ്മകള്‍ക്ക് തീകൊടുക്കുക തന്നെ ചെയ്യും. 1992-ല്‍ ഒറ്റരാത്രികൊണ്ട് പോലീസ് വേട്ടയാടലില്‍ വാച്ചാത്തിയില്‍ കത്തി വെണ്ണീറായത് 154 വീടുകളാണ്. 18 സ്ത്രീകളാണ് ഈ കാപാലികരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നത്. ഇതിലെ ഇരകള്‍ക്ക് നീതി വാങ്ങി കൊടുക്കാനും പ്രതികളായ ഉദ്യോഗസ്ഥരെ ജയിലില്‍ അടപ്പിക്കാനും ശക്തമായ പ്രക്ഷോഭം നടത്തിയത് സി.പി.എം മാത്രമാണ്. തുടര്‍ന്ന് 2011 സെപ്തംബര്‍ 29ന് വിചാരണക്കോടതി വിധി വന്നപ്പോള്‍ വനം-പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരായ എല്ലാ പ്രതികള്‍ക്കും ശിക്ഷയും വിധിക്കപ്പെട്ടു. വിചാരണക്കിടെ മരിച്ചവര്‍ക്കെതിരെയടക്കം പരാമര്‍ശം നടത്തിയായിരുന്നു ചരിത്രപരമായ വിധി കോടതി പുറപ്പെടുവിച്ചിരുന്നത്.

ഒന്നാം പ്രതിയായ വനം വകുപ്പ് ഓഫീസര്‍ ഹരികൃഷ്ണന് ജീവപര്യന്തം തടവാണ് ലഭിച്ചിരുന്നത് പ്രതികളില്‍ 17 പേര്‍ സ്ത്രീകളെ അപമാനിച്ചവരായിരുന്നു. ഇതില്‍ 12 പേര്‍ക്ക് 10 വര്‍ഷം വീതം തടവും അഞ്ച് പേര്‍ക്ക് 7 വര്‍ഷം വീതം തടവും ലഭിക്കുകയുണ്ടായി. ബാക്കിയുള്ളവര്‍ക്കെല്ലാം 2 വര്‍ഷം വീതം തടവും പിഴയുമാണ് കോടതി വിധിച്ചിരുന്നത്. വാച്ചാത്തിയിലെ ഇരകള്‍ക്ക് മൂന്നുകോടി രൂപയുടെ നഷ്ടപരിഹാരവും ഇതിനു ശേഷം ലഭിക്കുകയുണ്ടായി. വാച്ചാത്തിയില്‍ ഈ ക്രൂരതകള്‍ അരങ്ങേറിയിട്ട് ഇപ്പോള്‍ 30 വര്‍ഷമാണ് പൂര്‍ത്തിയാകാന്‍ പോകുന്നത്. ഇന്നും ആര്‍ക്കും പോയി നോക്കിയാല്‍ കാണാം മുറിവുണങ്ങാതെ വിതുമ്പുന്ന ആ ഗ്രാമത്തെ… അന്നില്ലാതിരുന്ന ഒരു മാറ്റം ഇന്നാഗ്രാമത്തിലുണ്ട്. അരിവാള്‍ ചുറ്റിക ആലേഖനം ചെയ്യപ്പെട്ട ഒരു ചുവന്ന കൊടിയാണത്….

ആ കൊടി പിടിക്കേണ്ടതിന്റെ ആവശ്യകതയും ആ കൊടിയുടെ ശക്തിയും അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങള്‍ തന്നെയാണ്. ആ പോരാട്ടങ്ങള്‍ ഉള്‍പ്പെടെ പകര്‍ന്നു നല്‍കിയ കരുത്തുമായാണ് തമിഴ്നാട്ടിലെ പ്രതിനിധികള്‍ കണ്ണൂരിലേക്ക് എത്തിയിരിക്കുന്നത്. അതു പോലെ തന്നെ പലവട്ടം മരണത്തിന്റെ മുഖത്തു ചവിട്ടിയ ജമ്മു കശ്മീരിലെ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്. അവധി തവണയാണ് ഭീകരരുടെ വെടിയുണ്ടകളെ ഈ കമ്യൂണിസ്റ്റ് അതിജീവിച്ചിരിക്കുന്നത്. പോരാട്ടങ്ങളുടെ വിളഭൂമിയായ തെലങ്കാന മണ്ണില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ജീവിതം തന്നെ സമരമാക്കിയ നിരവധി പോരാളികളാണ് കണ്ണൂരില്‍ ഒത്തു കൂടുന്നത്.

ഇവരെ സംബന്ധിച്ച് പാര്‍ലമെന്ററി രാഷ്ട്രീയത്തിലെ ജയവും തോല്‍വിയും ഒന്നും അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. അതു തന്നെയാണ് കമ്യൂണിസ്റ്റുകളുടെ പ്രത്യേകതയും… കൃത്യമായി സംഘടനാ സമ്മേളനങ്ങള്‍ നടത്തുന്ന രാജ്യത്തെ ഏക വിഭാഗം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ മാത്രമാണ്. ‘ഒരു രാജ്യം ഒറ്റതിരഞ്ഞെടുപ്പ് എന്നു പറയുന്നവര്‍ പോലും സ്വന്തം പാര്‍ട്ടിയില്‍ സംഘടനാ സമ്മേളനങ്ങള്‍ നടത്താത്തവരാണ്. നോമിനേഷനാണ് ഇവരുടെയെല്ലാം പരമ്പരാഗത രീതി. നേതാക്കള്‍ തീരുമാനിക്കും അത് അവര്‍ തന്നെ അടിച്ചേല്‍പ്പിക്കുകയും ചെയ്യും.

ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമെന്നും ഒരു പ്രസക്തിയും ഇല്ലന്നത് വ്യക്തം. ഇവിടെയാണ് ഇടതുപക്ഷം പ്രത്യേകിച്ച്… കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ വ്യത്യസ്തമാകുന്നത്. വ്യക്തിയല്ല പാര്‍ട്ടിയും നയങ്ങളുമാണ് അവര്‍ക്ക് പ്രധാനം. അതു മുന്‍ നിര്‍ത്തി തന്നെയാണ് ചര്‍ച്ചകളും തീരുമാനവും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ എടുക്കാറുമുള്ളത്.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് വേദിയാകുന്ന കേരളത്തില്‍ ഇപ്പോള്‍ ഇടതുപക്ഷം വീണ്ടും ചരിത്രം രചിച്ചിരിക്കുകയാണ്.

64 വര്‍ഷംമുമ്പ് ബാലറ്റ്പേപ്പറിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയെ അധികാരത്തിലെത്തിച്ച് ചരിത്രംകുറിച്ച കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണമാണ് സാധ്യമായിരിക്കുന്നത്. ചുവപ്പു തരംഗം ആഞ്ഞുവീശിയപ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രതിപക്ഷം ആകെ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് അവരെ സംബന്ധിച്ച് ഇനി ഏറെ പ്രയാസകരമാണ്. അത്രയ്ക്കും വലിയ ആഘാതമാണ് യു.ഡി.എഫിനും ബി.ജെ.പിക്കും ലഭിച്ചിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുന്ന പരാജയത്തിനാണ് കേരളവും വേദിയായിരിക്കുന്നത്. ഇപ്പോള്‍ പഞ്ചാബില്‍ കൂടി ഭരണം പോയതോടെ വലിയ പ്രതിസന്ധിയാണ് ആ പാര്‍ട്ടി രാജ്യത്ത് നേരിടുന്നത്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിലവിലുള്ള ഒരു സീറ്റ് പിടിച്ചെടുത്തതും കേരളത്തിലെ ഇടതുപക്ഷ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതാണ്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഇടത്-വലത് മുന്നണികളെ മാറിമാറി അധികാരത്തിലെത്തിക്കുക എന്ന…പതിവ് രീതിയാണ് കേരളം ഇക്കുറി പൊളിച്ചടുക്കിയിരിക്കുന്നത്. ഈ അഭിമാനത്തോടെ തന്നെയാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നത്.ദേശീയ – അന്തര്‍ദേശീയ കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനമായതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ കണ്ണൂരില്‍ തമ്പടിച്ചിരിക്കുന്നത്.ഇടതുപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ഈ സമ്മേളനം വഴി ഒരുക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം . . .

EXPRESS KERALA VIEW

Top