തോൽവി ഇരന്ന് വാങ്ങി മൂന്നാം സ്ഥാനം ഉറപ്പിക്കാൻ സി.പി.ഐയുടെ നീക്കം !

രാജ്യം ഉറ്റുനോക്കുന്ന വാശിയേറിയ ഒരു തിരഞ്ഞെടുപ്പാണ് തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത്. ബി.ജെ.പി കേരളത്തില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ഒരു മണ്ഡലമാണിത്. അത് തന്നെയാണ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകം. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ലോകസഭയിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെയും വിജയിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളി രണ്ടാമത് എത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 14,501 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്നും വിജയിച്ചത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ ലോകസഭ മണ്ഡലത്തില്‍പ്പെടുന്ന നേമത്ത് ബി.ജെ.പിയാണ് വിജയിച്ചത്. അതും ഒരു ചരിത്ര സംഭവമായിരുന്നു. ഇനി ലോകസഭയില്‍ കൂടി താമര വിരിഞ്ഞാല്‍ അത് കേരളത്തിലെ ഇടത്- വലതു മുന്നണികള്‍ക്ക് വമ്പന്‍ പ്രഹരമാകും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയാണ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടാന്‍ കാരണം. ആ പിഴവ് ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. അഭിമാന പോരാട്ടം നടക്കുന്ന ഒരു മണ്ഡലത്തില്‍ ഏറ്റവും മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി നിര്‍ത്തുന്നതില്‍ സി.പി.ഐ നേതൃത്വം പരാജയപ്പെട്ടു. നിലവില്‍ എം.എല്‍.എ ആയ സി.ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി എതിരാളികള്‍ക്ക് ഒരു ആയുധമാണ് കയ്യില്‍ കൊടുത്തിരിക്കുന്നത്. വീണ്ടും ഒരു തിരഞ്ഞെടുപ്പ് ദിവാകരന്‍ വിജയിച്ചാല്‍ വേണ്ടി വരില്ലേ എന്ന ചോദ്യത്തിന് മാത്രമല്ല, വിജയിക്കില്ലന്ന് ഉറപ്പുള്ളത് കൊണ്ടാണോ ഇയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന ചോദ്യത്തിനും ഇടത് നേതൃത്വം മറുപടി പറയേണ്ടി വരും. ഈ രണ്ട് ചോദ്യങ്ങളുമായിരിക്കും പ്രചരണ രംഗത്ത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുക.

cpim

സിറ്റിംഗ് എം.പി ശശി തരൂര്‍ തന്നെ ആയിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ബി.ജെ.പി ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരത്തിനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

എം.എല്‍.എമാരുടെ എണ്ണത്തിലും സംഘടനാ ശക്തിയിലും സി.പി.എമ്മിനാണ് ഇവിടെ മുന്‍തൂക്കം. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഇല്ല എന്നത് സി.പി.എം അണികളെ നിരാശപ്പെടുത്തുന്ന കാര്യമാണ്. സി.പി.ഐയില്‍ നിന്നും തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കണമെന്ന താല്‍പ്പര്യം സി.പി.എം അണികള്‍ക്കും ജില്ലാ നേതാക്കള്‍ക്കും ഉണ്ടായിരുന്നെങ്കിലും മുന്നണി താല്‍പര്യം മുന്‍നിര്‍ത്തി ഇത്തവണയും വിട്ടു കൊടുക്കേണ്ടി വരികയായിരുന്നു.

മത്സരിക്കാന്‍ സി.പി.ഐയും പ്രവര്‍ത്തിക്കാനും വോട്ട് സമാഹരിക്കാനും സി.പി.എം പ്രവര്‍ത്തകരും എന്നതാണ് ഇവിടുത്തെ അവസ്ഥ.സി.പി.എം ഘടകകക്ഷികള്‍ മത്സരിക്കുന്ന എല്ലാ മണ്ഡലത്തിലെയും അവസ്ഥ ഇതു തന്നെയാണ്. മികച്ച പാര്‍ലമെന്റേറിയനാണെങ്കിലും സ്വന്തം പാര്‍ട്ടിയില്‍ തന്നെ ഒതുക്കപ്പെട്ട സി.ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കുക വഴി സി.പി.ഐ നേതൃത്വം മണ്ടത്തരമാണ് കാണിച്ചതെന്ന അഭിപ്രായം രാഷട്രീയ നിരീക്ഷകര്‍ക്കിടയിലും ഉണ്ട്. വീണ്ടും ഒതുക്കാനാണ് സീറ്റ് നല്‍കിയത് എന്ന അഭിപ്രായം വരെ ഇടതുമുന്നണി അണികള്‍ക്കിടയിലുണ്ട്.

എന്‍.എസ്.എസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ പൊതു സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണമെന്ന സി.പി.എം ആവശ്യവും സി.പി.ഐ പരിഗണിച്ചില്ല.അവര്‍ പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ തന്നെ കടുത്ത അതൃപ്തി സി.പി.എം നേതൃത്വത്തിനുണ്ട്. വിജയ സാധ്യത മുന്‍ നിര്‍ത്തിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമല്ല മത്സരിക്കുന്ന നാല് സീറ്റിലും സി.പി.ഐ നടത്തിയതെന്ന അഭിപ്രായമാണ് അണികള്‍ക്കിടയില്‍ ഉള്ളത്. ജീവന്‍മരണ പോരാട്ടം എന്ന് വിശേഷിക്കാവുന്ന തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണാന്‍ സി.പി.ഐ നേതൃത്വത്തിന് കഴിഞ്ഞില്ലന്ന അഭിപ്രായം രാഷ്ട്രീയ കേന്ദ്രങ്ങളിലും ശക്തമാണ്.

Team Express Kerala

Top