ലോകായുക്ത ബില്ല് തയ്യാറാക്കുന്നതിന് മുന്‍പ് സി.പി.എം പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ

തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതിയുമായി ബന്ധപ്പെട്ട് ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെടാന്‍ സി.പി.ഐ. ഇക്കാര്യം ഉടന്‍ സി.പി.എം നേതൃത്വത്തെ അറിയിക്കും.

ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ച പാര്‍ട്ടിയായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു ഇത് പരസ്യമായി വിമർശിച്ചത്. ഇതുമായി ബന്ധപ്പെട്ട് വേണ്ടത്ര രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. ഈ മാസം 22 മുതല്‍ നിയമസഭ കൂടി ലോകായുക്ത നിയമ ഭേദഗതിക്ക് അന്തിമ അനുമതി നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് തങ്ങളുടെ നിലപാട് കടുപ്പിച്ച് സി.പി.ഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

അഴിമതി നിരോധന സംവിധാനമായ ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് പുതിയ ഭേദഗതി. ഇതില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമമായിരുന്നില്ല. തുടര്‍ന്ന് ഇത് അടിയന്തര നിയമസഭകൂടി പരിഗണിക്കാനിരിക്കെയാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Top