കെ.ഇ ഇസ്മായിലിനെതിരെ പാര്‍ട്ടി നടപടി ; ഗുരുതര അച്ചടക്കലംഘനമെന്നും വിമര്‍ശനം

തിരുവനന്തപുരം : പാര്‍ട്ടി നിലപാടിനെതിരെ പ്രസ്താവന നടത്തിയ കെ.ഇ ഇസ്മായിലിനെതിരെ സി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ചു.

എല്‍.ഡി.എഫ് പ്രതിനിധി സ്ഥാനത്ത് നിന്ന് ഇസ്മയിലിനെ ഒഴിവാക്കി, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം.

കൂടുതല്‍ നടിപടിയ്ക്കായി ദേശീയ നിര്‍വാഹക സമിതിയോട് ശുപാര്‍ശ ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും പാര്‍ട്ടി വിലയിരുത്തി.

തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്തിന്റെ നിലപാടിനെതിരെ പരസ്യ പ്രതികരണം നടത്തിയതിനാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുക്കുന്നത്.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് എം.പി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി ശുപാര്‍ശ ചെയ്തിട്ടാണെന്നായിരുന്നു കെ.ഇ.ഇസ്മായില്‍ പറഞ്ഞത്.

സിപിഐ ലോക്കല്‍, മണ്ഡലം, ജില്ലാ സെക്രട്ടറിമാരുടെ ശുപാര്‍ശ കത്തോടുകൂടിയുള്ള അപേക്ഷ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പുരുഷോത്തമനാണ് തനിക്ക് നല്‍കിയതെന്നും അതിനാണ് ഫണ്ട് അനുവദിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്മായില്‍ പറഞ്ഞു.

ചാണ്ടിയുടെ റിസോര്‍ട്ടില്‍ ഇതുവരെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ശക്തമായി എതിര്‍ക്കുന്ന സിപിഐയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഇസ്മായിലിന്റെ തുറന്നുപറച്ചില്‍.

Top