ശത്രുവിന്റെ കയ്യിലെ ‘കളിപ്പാവയായി’ സി.പി.ഐ വിദ്യാര്‍ത്ഥി സംഘടന . . . !

.ഐ.എസ്.എഫ് ……. സി.പി.ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണിത്. ഇടതുപക്ഷ സംഘടനയാണെങ്കിലും പലപ്പോഴും വലതുപക്ഷ സ്വഭാവം കാണിക്കുന്ന രീതിയും ഈ സംഘടനക്കുണ്ട്. ഇപ്പോള്‍ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് പിന്നിലും അതു തന്നെയാണ് വ്യക്തമാകുന്നത്. എ.ഐ.എസ്.എഫ് നേതാവായ പെണ്‍കുട്ടിയോട് മോശമായി എസ്.എഫ്.ഐ പ്രവര്‍ത്തകരല്ല ആരു തന്നെ പെരുമാറിയിട്ടുണ്ടെങ്കിലും തീര്‍ച്ചയായും നടപടി അനിവാര്യമാണ്. എന്നാല്‍ സംഘടനാപരമായ പക ഒരു പെണ്ണിനെ മുന്‍ നിര്‍ത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അതും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടത്തേണ്ടത്. ആ കടമ പൊലീസ് നിര്‍വ്വഹിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഒരു സ്ത്രീ പരാതി നല്‍കിയാല്‍ അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷിക്കുക എന്നത് സ്വാഭാവികമാണ്. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. അതേസമയം എം.ജി യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്ത് വന്ന ചാറ്റുകളും ശബ്ദരേഖയും ഞെട്ടിക്കുന്നതാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകയായ അപര്‍ണ്ണയോട് സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്റെ കോട്ടയം ജില്ലാ എക്‌സിക്യുട്ടീവ് അംഗം ശരത്ത് നടത്തിയ ചാറ്റും തുടര്‍ന്ന് നടത്തിയ സംഭാഷണവുമാണ് പുറത്തു വന്നിരിക്കുന്നത്.

എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരായ പരാതിയില്‍ എ.ഐ.എസ്.എഫ് വനിതാ നേതാവ് പറഞ്ഞ കാര്യങ്ങള്‍ ഒരു ‘ഓളത്തിനു’ പറഞ്ഞതാണ് എന്നാണ് ഈ നേതാവ് ചാറ്റില്‍ പറയുന്നത്. ചാറ്റ് പുറത്തായതോടെ അപര്‍ണ്ണയെ വിളിച്ച് താന്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യം പുറത്ത് വിട്ടതിലുള്ള രോഷവും ഈ നേതാവ് പ്രകടിപ്പിച്ചിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ കുടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണിത്. ഇതും ഗൗരവമായി തന്നെ പരിശോധിക്കാന്‍ പൊലീസ് തയ്യാറാകണം. ഇക്കാര്യത്തില്‍ എ.ഐ.എസ്.എഫ് – എ.ഐ.വൈ.എഫ് നേതൃത്വമാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടത്. സംഘടനാപരമായ വിയോജിപ്പ് എസ്.എഫ്.ഐക്കും എ.ഐ.എസ്.എഫിനും ഉണ്ടാകാം. അത് സ്വാഭാവികവുമാണ്. എന്നാല്‍ പക തീര്‍ക്കാന്‍ എന്തും ആയുധമാക്കി കളയാം എന്ന നിലപാട് സ്വീകരിച്ചാല്‍ അത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്.

എം.ജി സര്‍വ്വകലാശാല സെനറ്റ് – സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേടിയിരിക്കുന്നത് തകര്‍പ്പന്‍ വിജയമാണ്. ഇനി നടക്കാനിരിക്കുന്ന സര്‍വ്വകലാശാലകളിലെ തിരഞ്ഞെടുപ്പിലും ഇതേ വിജയം തന്നെയാണ് എസ്.എഫ്.ഐ നേടാന്‍ പോകുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രിയ എതിരാളികള്‍ക്കു പോലും ഒരു സംശയവും ഉണ്ടാവുകയില്ല. അത്രയ്ക്കും കരുത്തുണ്ട് കാമ്പസുകളില്‍ എസ്.എഫ്.ഐക്ക്. മറ്റെല്ലാ സംഘടനകളും ചേര്‍ന്ന് ഒറ്റക്കെട്ടായി എതിരായി മത്സരിച്ചാല്‍ പോലും എസ്.എഫ്.ഐയെ പരാജയപ്പെടുത്താന്‍ കഴിയുകയില്ല. അതാകട്ടെ പലവട്ടം രാഷ്ട്രീയകേരളം കണ്ടിട്ടുള്ളതുമാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് എം.ജി സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. നൂറ് ശതമാനവും വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടാക്കേണ്ട ഒരു കാര്യവും എസ്.എഫ്.ഐക്കില്ല. പ്രത്യേകിച്ച് എ.ഐ.എസ്.എഫിനോട് ‘മുട്ടാന്‍’ എസ്.എഫ്.ഐയെ സംബന്ധിച്ച് അവര്‍ ഒരു എതിരാളി പോലുമല്ലന്നതും നാം ഓര്‍ക്കണം. എ.ഐ.എസ്.എഫ് എന്ന പേര് കേട്ട എത്ര വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട് എന്ന ചോദ്യവും ഈ ഘട്ടത്തില്‍ പ്രസക്തമാണ്. മാധ്യമ പരിലാളനയിലൂടെ സാന്നിധ്യം വ്യക്തമാക്കുന്ന പല സംഘടനകളും കേരളത്തിലുണ്ട്. അതു കൊണ്ടാണ് എം.ജി സര്‍വ്വകലാശാലയില്‍ നടന്ന സംഘര്‍ഷവും വഴിതിരിച്ചു വിടപ്പെട്ടിരിക്കുന്നത്.

എസ്.എഫ്.ഐ ആണ് മറുഭാഗത്തെങ്കില്‍ ഒറ്റക്കെട്ടായാണ് മാധ്യമങ്ങള്‍ ആക്രമിക്കുക. മുന്‍പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിച്ച അതേ നിലപാടു തന്നെയാണിത്. എസ്.എഫ്.ഐ വിരുദ്ധര്‍ മാധ്യമ പിന്തുണയോടെ ഒറ്റക്കെട്ടായി മത്സരിച്ചിട്ടും യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ അന്ന് നേടിയിരുന്നത് തകര്‍പ്പന്‍ വിജയമാണ്. ആ ചരിത്രം തന്നെയാണ് ഇപ്പോഴും ഈ കാമ്പസില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കള്ള പ്രചരണം ഏത് മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയാലും ഏശില്ലന്നതിന്റെ ഒന്നാംന്തരം ഉദാഹരണം കൂടിയാണത്.

ഇപ്പോള്‍ എം.ജി സര്‍വ്വകലാശാലയിലെ സംഘര്‍ഷം ‘ആഗോള’ സംഭവമാക്കാന്‍ ശ്രമിക്കുന്നവര്‍ തലസ്ഥാനത്തെ ഈ ചരിത്രവും ഓര്‍ക്കുന്നത് നല്ലതാണ്. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ആദ്യ സംഭവമൊന്നും അല്ല. അതിനെ ആ രൂപത്തില്‍ തന്നെയാണ് നോക്കി കാണേണ്ടത്. എം.ജി സര്‍വ്വകലാശാലയിലെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തന്നെ തീര്‍ത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷും സെക്രട്ടറി കെ.എം സച്ചിന്‍ ദേവും വ്യക്തമാക്കിയിരിക്കുന്നത്.

10 കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എ.ഐ.എസ്.എഫ്, സ്റ്റുഡന്റ് കൗണ്‍സില്‍ സീറ്റുകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താതിരുന്നത് തന്നെ കെ.എസ്.യൂ – എ.ഐ.എസ്.എഫ് – എം.എസ്.എഫ് സഖ്യത്തിന്റെ ഭാഗമായാണെന്നാണ് എസ്.എഫ്.ഐ നേതൃത്വത്തിന്റെ ആരോപണം. എന്നാല്‍ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് ആദ്യ പ്രിഫറെന്‍സുകള്‍ നല്‍കി വിജയിപ്പിക്കേണ്ട സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കെ.എസ്.യൂവിന് കഴിയാതെ വരുകയും തുടര്‍ന്ന് അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയുമാണ് ഉണ്ടായത്. ഇതാകട്ടെ എ.ഐ.എസ്.എഫ് ഉള്‍പ്പെടുന്ന ആന്റി എസ്.എഫ്.ഐ മുന്നണിക്കാണ് വന്‍ പ്രഹരമായിരുന്നത്.

എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് എ.ഐ.എസ്.എഫുകാര്‍ കൗണ്‍സിലേഴ്‌സിനെ വിളിക്കുകയും ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതാണ് തെരഞ്ഞെടുപ്പു ദിവസം എം.ജി ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നാണ് എസ്.എഫ്.ഐ നേതൃത്വം തുറന്നടിച്ചിരിക്കുന്നത്. വസ്തുതകള്‍ ഇതായിരിക്കേ ബോധപൂര്‍വ്വം തെറ്റുധാരണ പരത്തി ക്യാമ്പസുകളില്‍ ‘ഇരവാദം’ സൃഷ്ടിച്ച്, സഹതാപം പിടിച്ചുപറ്റാനാണ് എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ആരോപണം. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാന്‍ തന്നെയാണ് സംഘടനയുടെ തീരുമാനം. എസ്.എഫ്.ഐ നിലപാട് കടുപ്പിച്ചതോടെ എ.ഐ.എസ്.എഫ് നേതൃത്വവും ഇപ്പോള്‍ ശരിക്കും വെട്ടിലായിട്ടുണ്ട്.

അതേസമയം എ.ഐ.എസ്.എഫിന്റെ ആരോപണം ഏറ്റെടുത്ത് രാഷ്ട്രീയമായി സി.പി.എമ്മിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷം നിലവില്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും ഇതിന്റെ ഭാഗമാണ്. സോഷ്യല്‍ മീഡിയകളിലും സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനക്കു വേണ്ടി രൂക്ഷമായി പ്രതികരിക്കുന്നതും കോണ്‍ഗ്രസ്സ് യുവ നേതാക്കളും സൈബര്‍ പോരാളികളുമാണ്. ഇതോടെ എസ്.എഫ്.ഐയെ ടാര്‍ഗറ്റ് ചെയ്തുള്ള ഈ നീക്കത്തെ പൊളിച്ചടുക്കാന്‍ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

EXPRESS KERALA VIEW

Top