സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

കൊച്ചി:സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമേഹരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കാല്‍പ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നല്‍കണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി ഇന്ന് രാവിലെ വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു.

കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തില്‍ 1950 നവംബര്‍ 10-നാണ് കാനം രാജേന്ദ്രന്റെ ജനനം.എ.ഐ.വൈ.എഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്.ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു. 1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂര്‍ണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015-ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018-ല്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറില്‍ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ – വനജ. മക്കള്‍ – സ്മിത, സന്ദീപ്.

Top