സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

cpi

തിരുവനന്തപുരം : സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വനം മന്ത്രി കെ രാജുവിന്റെ വിദേശ യാത്രയാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമാവുക. കേരളം പ്രളയത്തില്‍ മുങ്ങുമ്പോള്‍ മന്ത്രി വിദേശയാത്ര പോയത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

എന്നാല്‍, കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത ശേഷമാണ് താന്‍ ജര്‍മ്മനിക്ക് പോയതെന്നും അപ്പോള്‍ വലിയതോതില്‍ പ്രകൃതിക്ഷോഭം ഉണ്ടായിരുന്നില്ലെന്നുമാണ് രാജുവിന്റെ നിലപാട്.

ജര്‍മ്മനിയില്‍ ചെന്ന ശേഷമാണ് പ്രളയത്തെക്കുറിച്ച് വിവരം ലഭിച്ചത്. അപ്പോള്‍ തന്നെ മടങ്ങാനുള്ള ശ്രമം തുടങ്ങിയെന്നും രാജു വിശദീകരിച്ചു. കേരളം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വിവേചന ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം സി.പി.ഐ നേതൃത്വത്തില്‍ ശക്തമാണ്. എങ്കിലും മന്ത്രിക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന.

മന്ത്രിയുടെ ജര്‍മ്മന്‍ യാത്രാ വിവാദത്തില്‍ സിപിഐ അതിര്‍ത്തി രേഖപ്പെടുത്തിയിരുന്നു. മന്ത്രി ചെയ്തതില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ ഒഴിവാക്കുന്നത് ആലോചിക്കണമെന്ന വികാരം മുതിര്‍ന്ന നേതാക്കളടക്കം പ്രകടിപ്പിച്ചു.

Top