സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ; ശബരിമല വിധി ചര്‍ച്ചയില്‍

തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ശബരിമല യുവതീ പ്രവേശന വിധി യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിയമസഭയുടെ ചരിത്രത്തെ കുറിച്ച് തയ്യാറാക്കിയ പ്രൊമോ വീഡിയോയില്‍ നിന്നും സി അച്യുതമോനോനെ ഒഴിവാക്കിയതും ചര്‍ച്ച ചെയ്യും.

ശബരിമല വിധിയില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് വിധിവന്ന ദിവസം കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

ശബരിമലയിലെ കോടതി ഉത്തരവില്‍ വ്യക്തതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്നലെ പ്രതികരിച്ചിരുന്നു. വിശാല ബഞ്ചിന്റെ തീര്‍പ്പ് വരുംവരെ കാത്തിരിക്കാനാണ് ഭൂരിപക്ഷ വിധി. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും കോടതി പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ ദൗത്യമെന്നും സീതാറാം യെച്ചൂരി അറിയിച്ചു.

അതേസമയം ആക്റ്റിവിസ്റ്റുകള്‍ക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ആക്ടിവിസ്റ്റുകളുടേതാണെന്നും കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന അനാവശ്യമാണെന്നുമാണ് പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടത്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതാകണം പാര്‍ട്ടിയുടെ നിലപാടെന്നും പി.ബി നിര്‍ദ്ദേശിച്ചു.

Top